വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീര്‍ റണ്ണറപ്പ് ഡോ. അഞ്ജന ഷാജന്‍ എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ അനുശോചനം രേഖപ്പെടുത്തിയത്.
ദുല്‍ഖറിന്‍റെ പുതിയ ചിത്രമായ സല്യൂട്ടില്‍ അഞ്ജന അഭിനയിച്ചിട്ടുണ്ട്. ഒരു ടെലിവിഷന്‍ പരസ്യത്തില്‍ ദുല്‍ഖറിനൊപ്പം അന്‍സിയും വേഷമിട്ടിട്ടുണ്ട്. ഇരുവര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മഹത്തായ കാര്യമായി കാണുന്നുവെന്ന് ദുല്‍ഖര്‍ കുറിച്ചു.
'ചെറുപ്പക്കാരും ഊര്‍ജസ്വലരുമായിരുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചത് മഹത്തായ കാര്യമായി കാണുന്നു. സല്യൂട്ട് എന്ന സിനിമയില്‍ അഞ്ജന ഒരു ചെറിയ വേഷം ചെയ്‌തിരുന്നു.
Also Read:മുണ്ട് മടക്കി കത്തി പിന്നില്‍ ഒളിപ്പിച്ച് ജോജു ; 'ആരോ' ഫസ്‌റ്റ് ലുക്ക് പുറത്ത്
അന്‍സി എന്നോടൊപ്പം ഒരു ടിവി പരസ്യവും ചെയ്തു. പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുന്ന അവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു.' -ദുല്‍ഖര്‍ കുറിച്ചു.
അന്‍സിയും അഞ്ജനയും സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നില്‍ വച്ച് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്.
ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ചതാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് നിഗമനം. തിരുവനന്തപുരം ആറ്റിങ്ങള്‍ ആലങ്കോട് സ്വദേശിനിയായ അന്‍സി കബീറും, തൃശൂര്‍ സ്വദേശിനിയായ അഞ്ജന ഷാജനും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.