തിരുവനന്തപുരം: കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. ഉച്ചയ്ക്ക് രണ്ടിന് ടാഗോർ തിയേറ്ററില്‍ മന്ത്രി എ.കെ ബാലൻ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി കെ കെ ശൈലജ അധ്യക്ഷയാകും. പ്രേക്ഷകശ്രദ്ധ നേടിയ ‘ഉയരെ’യാണ് ഉദ്ഘാടന ചിത്രം.
കൈരളി, ശ്രീ, നിള, കലാഭവൻ, ടാഗോർ എന്നീ അഞ്ച് തിയേറ്ററുകളിലായാണ് മേള നടക്കുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട എഴുപതിലേറെ രാജ്യാന്തര ചലച്ചിത്രങ്ങളും കുട്ടികള്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രങ്ങളുമാണ് ഏഴ് ദിവസം കൊണ്ട് പ്രദര്‍ശിപ്പിക്കുന്നത്. ’അരുമകളാണ് മക്കള്‍, അവരുടെ സംരക്ഷണവും സുരക്ഷയും സമൂഹത്തിന്റെ കടമ’ എന്നതാണ് ഈ വര്‍ഷത്തെ മേളയുടെ സന്ദേശം. കുട്ടികളുടെ ചലച്ചിത്ര സൃഷ്ടികൾക്കായി ആദ്യമായി സംസ്ഥാന അവാർഡ് ഏർപ്പെടുത്തിയതും ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്.
ആദിവാസി മേഖല, അനാഥാലയങ്ങള്‍, ചേരി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും മേള കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകീട്ട് ആറിന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന പ്രദര്‍ശനം പൊതുജനങ്ങള്‍ക്കും സൗജന്യമായി കാണാം.