നവാഗതരായ രഞ്ജിത് കമല ശങ്കർ, സലിൽ.വി എന്നിവർ ചേർന്ന് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറർ ചിത്രം ചതുർമുഖം ഇരുപത്തിയഞ്ചാമത് ബുച്ചൺ ഇന്‍റർനാഷണൽ ഫന്‍റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക് (ബിഫാൻ) തെരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള മികച്ച ഹൊറര്‍, മിസ്റ്ററി, ഫാന്‍റസി എന്നീ ജോണറിലുള്ള സിനിമകൾക്കായുള്ള ഫെസ്റ്റിവലിൽ 47 രാജ്യങ്ങളില്‍ നിന്നായി 258 സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
മഞ്ജു വാരിയർ, സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വേൾഡ് ഫന്‍റാസ്റ്റിക് കാറ്റഗറിയിലാണ് പ്രദർശിപ്പിക്കുന്നത്. ചതുർമുഖം കൂടാതെ മറ്റ് രണ്ട് ചിത്രങ്ങൾ കൂടി ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രഭു സോളമന്‍റെ 'ഹാത്തി മേരാ സാത്തി', മിഹിര്‍ ഫഡ്നാവിസിന്‍റെ ച്യൂയിങ് ഗം എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങള്‍. ജൂലൈ 8ന് ആരംഭിക്കുന്ന ചലച്ചിത്രമേള ജൂലൈ 18ന് അവസാനിക്കും.
Also Read: ത്രില്‍ നശിപ്പിക്കരുത് ; ക്ലൈമാക്സ് വെളിപ്പെടുത്തുന്നത് കുറ്റകൃത്യം: പൃഥ്വിരാജ്
അഭയകുമാർ.കെ, അനിൽ കുര്യൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ജിസ് ടോംസ്, ജസ്റ്റിൻ തോമസ് എന്നിവർ ചേർന്നാണ്. ഏപ്രിൽ 8ന് സിനിമ കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്തെങ്കിലും കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ തിയറ്ററിൽ നിന്ന് പിൻവലിച്ചിരുന്നു.