എറണാകുളം: താരസംഘടന അമ്മയുടെ പ്രവർത്തക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഷെയ്ൻ നിഗത്തിനെതിരായ നിർമ്മാതാക്കളുടെ വിലക്ക് യോഗം ചർച്ച ചെയ്യും. യോഗ തീരുമനത്തിനുസരിച്ച് പ്രശ്ന പരിഹാരത്തിനായി അമ്മ ഭാരവാഹികൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചർച്ച നടത്തിയേക്കും. മോഹൻലാൽ ഉൾപ്പടെയുള്ള ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും. ഷെയിൻ വിഷയത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി അമ്മ ഭാരവാഹികൾ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. പ്രവർത്തക സമിതി ചേർന്ന് തീരുമാനം അറിയിക്കാമെന്ന ധാരണയിലാണ് അന്ന് ചർച്ച അവസാനിപ്പിച്ചത്.
ഷെയ്നെതിരായ വിലക്ക് നീക്കാൻ നഷ്ടപരിഹാരം നൽകണമെന്ന നിലപാടിൽ നിർമ്മാതാക്കളുടെ സംഘടന ഉറച്ചുനിൽക്കുകയാണ്. ഷെയ്ൻ കാരണം മുടങ്ങിയ വെയിൽ, കുർബാനി സിനിമകളുടെ നിർമ്മാതാക്കൾക്ക് അമ്പത് ലക്ഷം വീതം, താരം നൽകണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാട്. എന്നാൽ പണം നൽകി പ്രശ്നം പരിഹരിക്കുന്നതിനോട് തങ്ങൾക്ക് യോജിപ്പില്ലെന്ന് അമ്മ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. നഷ്ട പരിഹാരമായി ആവശ്യപ്പെടുന്ന ഒരു കോടി രൂപ വലിയ തുകയാണെന്നും, ഇത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നാണ് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത് . ഷെയിൻ നഷ്ട്പരിഹാരം നൽകണമെന്ന നിർമ്മാതാക്കളുടെ ആവശ്യത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നത് ഇന്ന് ചേരുന്ന താരസംഘടനയുടെ പ്രവർത്തക സമിതി ചർച്ച ചെയ്യും. തുടർന്നായിരിക്കും നിർമ്മാതാക്കളുടെ സംഘടനയുമായി അമ്മ വീണ്ടും ചർച്ച നടത്തുന്നതിനെ കുറിച്ച് തീരുമാനമെടുക്കുക.