ചെന്നൈ: ഫെൻജല്‍ ചുഴലിക്കാറ്റും വ്യാപകമായ മഴയുമേല്‍പ്പിച്ച ആഘാതങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ മിക്കയിടങ്ങളും കരകയറി തുടങ്ങിയെങ്കിലും ചില പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. വില്ലുപുരം മേഖലയെ ആണ് വെള്ളക്കെട്ട് പ്രധാനമായും ബാധിച്ചിരിക്കുന്നത്. മേഖലയിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.
വില്ലുപുരത്തെ വിക്രവണ്ടിക്കും മുണ്ടിയമ്പാക്കത്തിനും ഇടയിലുള്ള നദികളില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നത് ട്രെയിൻ ഗതാഗതത്തെ ബാധിച്ചിരിക്കുകയാണ്. ഈ മേഖലയിലൂടെയുള്ള സേവനം താത്‌കാലികമായി നിര്‍ത്തിവച്ചതോടെ എക്‌സ്പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകൾ റദ്ദാക്കിയന്നും ചിലത് വഴിതിരിച്ചുവിട്ടുവെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.
![TAMIL NADU WEATHER PUDUCHERRY WEATHER RAIN ALERT തമിഴ്‌നാട് മഴക്കെടുതി](https://etvbharatimages.akamaized.net/etvbharat/prod-images/02-12-2024/23022661_udayanidhi.png)
തമിഴ്‌നാടിന്‍റെ പടിഞ്ഞാറൻ ജില്ലകളായ ധർമപുരി, കൃഷ്‌ണഗിരി എന്നിവിടങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. വെള്ളക്കെട്ടിനെ തുടര്‍ന്ന് കൃഷ്‌ണഗിരി, തിരുവണ്ണാമലൈ എന്നിവിടങ്ങളിലേക്ക് റോഡ് ഗതാഗതം തടസപ്പെട്ടു.
![TAMIL NADU WEATHER PUDUCHERRY WEATHER RAIN ALERT തമിഴ്‌നാട് മഴക്കെടുതി](https://etvbharatimages.akamaized.net/etvbharat/prod-images/02-12-2024/23022661_puducherry.png)
ഇന്ന് ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, കൃഷ്ണഗിരി, നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, തേനി, ദിണ്ടിഗൽ എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.
![TAMIL NADU WEATHER PUDUCHERRY WEATHER RAIN ALERT തമിഴ്‌നാട് മഴക്കെടുതി](https://etvbharatimages.akamaized.net/etvbharat/prod-images/02-12-2024/23022661_armyrescue.png)
അതേസമയം, ഫെൻജല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മഴ കണക്കിലെടുത്ത് പുതുച്ചേരിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകായണ്. പുതുച്ചേരിയിലും താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാൻ സൈന്യം രംഗത്തിറങ്ങിയിരുന്നു.
![TAMIL NADU WEATHER PUDUCHERRY WEATHER RAIN ALERT തമിഴ്‌നാട് മഴക്കെടുതി](https://etvbharatimages.akamaized.net/etvbharat/prod-images/02-12-2024/23022661_puducherryarmy.png)
മഴക്കെടുതിയിലും മറ്റുമായി പുതുച്ചേരിയില്‍ നാല് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍ മുടങ്ങിക്കിടക്കുന്ന വൈദ്യുതി വിതരണം ഘട്ടം ഘട്ടമായി പുനഃസ്ഥാപിച്ചുവരികയാണ്. ഇന്ന് രാവിലെയോടെയാണ് ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ചുഴലിക്കാറ്റും മഴയും മൂലമുണ്ടായ നാശനഷ്‌ടങ്ങള്‍ വിലയിരുത്തി വരികയാണെന്നും ഇതിന്‍റെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് അയക്കുമെന്നും മുഖ്യമന്ത്രി രംഗസാമി അറിയിച്ചു.
Also Read: കേരളത്തില്‍ പെരുമഴ, നാലിടങ്ങളില്‍ റെഡ് അലര്‍ട്ട്; വിവിധ ജില്ലകള്‍ക്ക് അവധി