കണ്ണൂർ: സംസ്ഥാനം കണ്ട ഏറ്റവും വലിയ മോഷണ കേസിൽ അയൽവാസിയായ ലിജീഷിനെ പൊലീസ് കുടുക്കിയത് 11 ദിവസത്തിനകം ആണ്. നവംബർ 24ന് രാത്രിയോടെയാണ് വളപട്ടണം മന്ന സ്വദേശിയും പ്രമുഖ അരി വ്യാപാരിയും ആയ അഷറഫും കുടുംബവും വളപട്ടണം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. നവംബർ 19ന് കുടുംബസമേതം മധുരയിൽ കല്യാണത്തിന് പോയ അഷ്റഫിന്‍റെ കുടുംബത്തിന്‍റെ 300 പവനും 1 കോടി രൂപയും കവർച്ച ചെയ്‌തു എന്നായിരുന്നു പരാതി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പരാതിയുടെ അടിസ്ഥാനത്തിൽ 25ന് രാവിലെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. എഫ്ഐആർ പ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചു. അഷറഫിന്‍റെ വീടിന്‍റെ അടുക്കള ഭാഗത്തെ ജനൽ പാളി തകർത്താണ് മോഷ്‌ടാവ് അകത്തു കയറിയത്.
കണ്ണൂർ എസിപി രത്നകുമാറിന്‍റെ നേതൃത്വത്തിൽ 20 അംഗ അന്വേഷണസംഘത്തെയും കവർച്ച അന്വേഷിക്കാൻ നിയോഗിച്ചു. വളപട്ടണം സിഐ സുമേഷ് കുമാർ, മയ്യിൽ സിഐ സഞ്ജയ്, കണ്ണൂർ സിഐ സനൽകുമാർ, ചക്കരക്കൽ സിഐ ആസാദ്, കണ്ണൂർ ക്രൈം സ്‌ക്വാഡ് എന്നിവ ഉൾപ്പെട്ടതായിരുന്നു അന്വേഷണ സംഘം.
അന്വേഷണത്തിന്‍റെ നാള്‍ വഴികൾ
115 ഓളം ഫോൺ കാളുകളും 100 ഓളം സിസിടിവി ദൃശ്യങ്ങളും 75 ഓളം ആളുകളുടെ വിരലടയാളങ്ങളും 67 ഓളം ക്രൈം സാഹചര്യമുള്ള കുറ്റവാളികളെയും
കോഴിക്കോട് മുതൽ മംഗളൂർ വരെയുള്ള റെയിൽവേ സ്റ്റേഷൻ പരിധിയും 35 ഓളം ലോഡ്‌ജുകളും പരിശോധനയ്ക്ക് വിധേയമാക്കി. മോഷണ പശ്ചാത്തലമുള്ള പഴയ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചു. സംസ്ഥാനം കണ്ട ഏറ്റവും വലിയ മോഷണക്കേസ് പ്രതിയിലേക്ക് പൊലീസ് വലിയ രീതിയിൽ പരിശോധന ശക്തമാക്കിയപ്പോഴും ലിജീഷ് നാട്ടിൽ തന്നെ അന്വേഷണം വിശകലനം ചെയ്‌തു തുടരുകയായിരുന്നു എന്നതായിരുന്നു മറ്റൊരു കൗതുകം.
ഒരു ടൂൾ അകലത്തിൽ പതിഞ്ഞ സിസിടിവി ദൃശ്യങ്ങളും കഷണ്ടി തലയും
ഏതാണ്ട് കഷണ്ടി ഉള്ള ഒരാളാണ് മോഷണത്തിന് പിന്നിലെന്നു പൊലീസ് എത്തുന്നത് ഒരു സിസിടിവി ദൃശ്യത്തിൽ നിന്നാണ്. അഷറഫിന്‍റെ അയൽവാസി കൂടിയായ ലിജീഷ് വെൽഡിങ് തൊഴിലാളി കൂടിയാണ്. എല്ലാ ടൂൾ സജ്ജീകരണങ്ങളും ഇയാളുടെ കൈവശമുണ്ട്.
ആദ്യ ദിനം മോഷണം നടത്തിയ പ്രതി തന്‍റെ കയ്യിൽ നിന്ന് വിട്ടുപോയ ഒരു ടൂൾ എടുക്കാൻ വേണ്ടിയായിരുന്നു പിറ്റേ ദിവസം വീണ്ടും അഷ്റഫിന്‍റെ വീട്ടിൽ എത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ അജിത് കുമാർ പറഞ്ഞു. വീടിനെ പറ്റി അറിഞ്ഞ ലിജീഷ് ആദ്യ ദിനം ഈ എല്ലാം സിസിടിവി ദൃശ്യങ്ങളും ഒഴിവാക്കി മോഷണം നടത്തിയെങ്കിലും രണ്ടാം ദിവസം സിസിടിവിയിൽ കുടുങ്ങുകയായിരുന്നു.
ദൃശ്യത്തിൽ നിന്നാണ് അന്വേഷണ സംഘം കഷണ്ടി തലയുള്ള ഒരാളാണ് മോഷണത്തിന് പിന്നിൽ ഉള്ളതെന്ന് സ്ഥിരീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിയിലേക്ക് എത്താൻ ഡമ്മി പരിശോധനയും പൊലീസ് നടത്തി. കൂടാതെ കീച്ചേരി മോഷണ കേസിലും പ്രതിക്ക് പങ്കെന്ന് പൊലീസ് കണ്ടെത്തിയതോടെ കഴിഞ്ഞ ദിവസം 30-11-2024 രാത്രിയോടെ പ്രതിയെ ചോദ്യം ചെയ്യുകയായിരുന്നു. പ്രതി കുറ്റസമ്മതം നടത്തിയതായും കമ്മീഷണര്‍ വ്യക്തമാക്കി.
മോഷണ മുതല്‍ ഒളിപ്പിച്ചത് സ്വന്തം വീട്ടില്‍
അഷ്‌റഫിന്‍റെ വീട്ടില്‍ നിന്നും കവര്‍ന്ന സ്വര്‍ണവും പണവും ലിജീഷ് സ്വന്തം വീട്ടിലായിരുന്നു ഒളിപ്പിച്ചത്. കട്ടിലിന്‍റെ അടിഭാഗത്ത് പ്രത്യേക അറയുണ്ടാക്കിയാണ് പണവും സ്വര്‍ണവും സൂക്ഷിച്ചതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കെ അജിത് കുമാര്‍ പറഞ്ഞു. ഇവിടെ നിന്നാണ് 267 പവനും 1 കോടി 21 ലക്ഷം 43000 രൂപയും കണ്ടെത്തിയത്.
ALSO READ: മുംബൈ പൊലീസിന്‍റെ 'അറസ്റ്റ് ഭീഷണി', യുവതിക്ക് നഷ്‌ടമായത് ലക്ഷങ്ങള്‍; സംസ്ഥാനത്ത് വീണ്ടും തട്ടിപ്പ്