ഹൈദരാബാദ്: സാങ്കേതിക തകരാർ മൂലം ഗൾഫ് എയർ വിമാനം വഴിതിരിച്ചു വിട്ടതിനെ തുടർന്ന് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ. 60 ഓളം ഇന്ത്യൻ യാത്രക്കാരാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയത്. 13 മണിക്കൂറോളം ഭക്ഷണമോ അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കാതെ വിമാനത്താവളത്തിൽ കഴിയേണ്ടി വന്നെന്ന് യാത്രക്കാർ പറഞ്ഞു.
മുംബൈയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പോകുന്ന GF 005 എന്ന ഗൾഫ് എയർ വിമാനം വഴി തിരിച്ചു വിട്ടതോടെയാണ് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത്. യുകെ, യുഎസ് പാസ്‌പോർട്ട് ഉടമകൾക്ക് ട്രാൻസിറ്റ് വിസ ഉണ്ടായിരുന്നതിനാൽ പുറത്ത് കടക്കാൻ സാധിച്ചെങ്കിലും, ഇത് ഇല്ലാത്തതിനാൽ ഇന്ത്യൻ യാത്രക്കാർ കുടുങ്ങി പോവുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തങ്ങളുടെ ദുരിതം യാത്രക്കാർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതിനെ തുടർന്ന് കുവൈത്ത് ഇന്ത്യൻ എംബസി പ്രശ്‌നത്തിൽ ഇടപെട്ടു. എയർപോർട്ട് അധികൃതരുമായി ചർച്ച നടത്തിയ ശേഷം കുട്ടികളുമായി യാത്ര ചെയ്യുന്നവർക്കും മുതിർന്ന പൗരന്മാർക്കും താൽക്കാലിക വിശ്രമമുറി ഒരുക്കി നൽകിയെങ്കിലും മറ്റുള്ളവരുടെ കാര്യത്തിൽ തീരുമാനം ആയില്ലെന്നും യാത്രക്കാർ പ്രതികരിച്ചു.