പത്തനംതിട്ട: നടന്‍ അടൂർ ഭാസിയെ അടൂരിലെ സാംസ്‌കാരിക ലോകം മറന്നെന്ന് പരാതി. മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ട് അടൂർ ഭാസി ഓർമ്മയായിട്ട് മൂന്നുപതിറ്റാണ്ട് പിന്നിടുമ്പോൾ കാര്യമായ ഒരനുസ്മരണ പരിപാടിപോലും അടൂരിലെ അടൂർഭാസി സാംസ്കാരിക നിലയം സംഘടിപ്പിച്ചിട്ടില്ലെന്നാണ് ആക്ഷേപം. അടൂർ ഭാസിക്ക് ഉചിതമായൊരു സ്മാരകം യഥാർഥ്യമാക്കാൻ പോലും അടൂരിന്‍റെ സാംസ്‌കാരിക ലോകത്തിന് കഴിഞ്ഞിട്ടില്ല. ജനപ്രതിനിധികളുടേത് വാഗ്ദാനങ്ങളായി അവസാനിക്കുന്നു.ഇത്തരത്തില്‍ നാട് ആ കലാകാരനെ അവഗണിക്കുകയം അനാദരിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി ഉയരുന്നത്. 1990 മാർച്ച് 29 നാണ് അടൂർ ഭാസി ഓർമ്മയായത്. ഇന്നലെ അദ്ദേഹത്തിന്‍റെ 31ആം അനുസ്മരണ വാർഷിക ദിനമായിരുന്നു.
അദ്ദേഹത്തിന്‍റെ തറവാടായ പെരിങ്ങനാട് കൊട്ടയ്ക്കാട് വീടിന് സമീപം കുടുംബാംഗങ്ങൾ വിട്ടുനൽകിയ സ്ഥലത്ത് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഹാളും രണ്ടു മുറികളും ചേർന്ന ചെറിയ കെട്ടിടമാണ് അടൂർ ഭാസി സാംസ്‌കാരിക നിലയം. ഇവിടെ എല്ലാ വർഷവും നാലോ അഞ്ചോ പേർ ചേർന്ന് അദ്ദേഹത്തിന്‍റെ ജന്മദിനം, അനുസ്മരണം എന്നിവ പേരിന് നടത്തും. എന്നാൽ ഇക്കുറി അതും ഉണ്ടായില്ല. ചിരിയുടെ തമ്പുരാനെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനോ സ്മരണ നിലനിർത്തുന്നതിനോ പ്രാമുഖ്യം നൽകുന്ന ഒരു സാംസ്കാരിക പരിപാടിയും ഇവിടെ സംഘടിപ്പിക്കാനായിട്ടില്ല. കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ യോഗങ്ങൾ ചേരാനുള്ള ഇടം മാത്രമായി ഇവിടം മാറി.
സംസ്കാരിക നിലയത്തിന്‍റെ ഈ നിലപാട് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ മനസിലും വേദന നിറയ്ക്കുന്നു.ഹാസ്യ സാഹിത്യകാരൻ ഇ വി കൃഷ്ണ പിള്ളയുടെയും കെ.മഹേശ്വരിയമ്മയുടെയും മകനായി 1927 മാർച്ച് ഒന്നിന് തിരുവനന്തപുരത്തായിരുന്നു ഭാസ്കരൻ നായർ എന്ന അടൂർ ഭാസിയുടെ ജനനം. നാടകങ്ങളിലൂടെ അഭിനയ രംഗത്തേക്ക് കടന്ന അദ്ദേഹം തിരമാല എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.