തിരുവനന്തപുരം: സ്റ്റൈൽ മന്നന്‍റെ പിറന്നാളാഘോഷത്തിലാണ് രാജ്യമെമ്പാടും. ഒപ്പം, വ്യത്യസ്‌തമായ രീതിയിൽ തന്‍റെ പ്രിയതാരത്തിന്‍റെ ജന്മദിനം ആഘോഷിക്കുകയാണ് നെയ്യാറ്റിൻകര പരശുവയ്ക്കലിലെ രാജാഹെയര്‍ സ്റ്റൈല്‍ ഉടമ ഇസൈക്കിമുത്തുവും. ഇന്ന് കടയിലെത്തുന്നവര്‍ക്ക് കട്ടിങ്ങും ഷേവിങ്ങും പൂർണമായും സൗജന്യമാക്കിയാണ് മുത്തു തന്‍റെ ആരാധന വ്യക്തമാക്കുന്നത്.
മുത്തുവിന് പത്താം വയസില്‍ തുടങ്ങിയതാണ് തലൈവയോടുള്ള കടുത്ത ആരാധന. രജനീകാന്ത് അഭിനയിച്ച സിനിമകളെല്ലാം പലതവണ മുത്തു കണ്ടിട്ടുണ്ട്. എന്നാൽ അതിനുമപ്പുറമാണ് തിരുനെല്‍വേലി അമ്പാസമുദ്രം സ്വദേശിയായ മുത്തുവിന്‍റെ താര ആരാധന. സൗജന്യമായി മുടിവെട്ടാനും ഷേവ് ചെയ്യാനും കടയിൽ സൗകര്യമൊരുക്കിയതറിഞ്ഞ് നിരവധി പേരാണ് രാജാഹെയര്‍ സ്റ്റൈലിൽ എത്തുന്നത്.
ഇസൈക്കിമുത്തുവിന്‍റെ കടയിലെ സഹായികളായുളള രണ്ട് പേര്‍ക്കും ഈ തീരുമാനത്തില്‍ പൂർണ തൃപ്തിയാണ്. ഒപ്പം, മുത്തുവിന്‍റെ ഭാര്യ മാലയും മക്കളും രജനീകാന്തിന്‍റെ കടുത്ത ആരാധകരുമാണ്.