ബോളിവുഡ് നടി വിദ്യാ ബാലന്‍റെ ആദ്യ ഹ്രസ്വ ചിത്രം നട്ഖട്ടിന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചു. ഷാൻ വ്യാസ് സംവിധാനം ചെയ്‌ത ഹ്രസ്വ ചിത്രം ബെസ്റ്റ് ഓഫ് ഇന്ത്യ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്‍റെ മൂന്നാം എഡിഷനിൽ പുരസ്‌കാരം നേടിയതോടെയാണ് ഓസ്‌കര്‍ പരിഗണനയ്‌ക്കുള്ള യോഗ്യത നേടിയത്.
പുരുഷാധിപത്യം, അസമത്വം, ബലാത്സംഗം, ഗാര്‍ഹിക പീഡനം എന്നീ വിഷയങ്ങളിലൂടെയാണ് ഹ്രസ്വചിത്രം കടന്നുപോകുന്നത്. വിദ്യാ ബാലന്‍ ആദ്യമായി നിര്‍മിച്ച ഹ്രസ്വ ചിത്രമെന്ന പ്രത്യേകതയും നട്ഖട്ടിനുണ്ട്. ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. അഭിനേതാവെന്ന രീതിയിലും നിർമാതാവെന്ന രീതിയിലും നട്ഖട്ടിന്‍റെ ഈ നേട്ടത്തില്‍ ഏറെ സന്തുഷ്ടയാണെന്ന് വിദ്യാബാലന്‍ കൂട്ടിച്ചേര്‍ത്തു. വിദ്യയോടൊപ്പം ചേര്‍ന്ന് ഒരു ഓസ്‌കര്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് സഹനിര്‍മാതാവ് റോണി സ്ക്രൂവാല പറഞ്ഞു.
ബെസ്റ്റ് ഓഫ് ഇന്ത്യ ഷോർട്ട് ഫിലിം ഫെസ്റ്റിവലില്‍ നിന്നും പുരസ്‌കാര ജേതാക്കളായ നട്ഖട്ട് ടീമിന് 1,85,497 രൂപ സമ്മാനമായും ലഭിച്ചു. ഷോർട്ട്സ് ടിവിയിൽ നട്ഖട്ട് പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.