'ഇത്രയും വേറിട്ട രീതിയില്‍ ഒരു ദുഃഖരംഗം അഭിനയിക്കാന്‍ മറ്റാര്‍ക്കാകും... കട്ട് പറയാന്‍ പോലുമാകാതെ ഞാന്‍ നിന്നു... യൂണിറ്റ് ഒന്നടങ്കം അമ്പരന്നാണ് ആ രംഗങ്ങള്‍ കണ്ടുനിന്നത്. ഒരു കുഞ്ഞിന്‍റെ ജനനം പോലെയാണ് അയാള്‍ക്ക് അഭിനയം. ആക്ഷന്‍ പറഞ്ഞാലുടനെ അയാള്‍ കഥാപാത്രമാകുകയായി... സംഭാഷണങ്ങളില്ലാത്ത രംഗങ്ങളിലാണെങ്കില്‍ വാക്കുകളിലൂടെ പറഞ്ഞറിയിക്കാനാവുന്നതിനുമപ്പുറം അയാള്‍ക്ക് ഭാവപ്രസരണത്തിലൂടെ സാധ്യമാക്കാനാകുന്നു... വൈവിധ്യമാണ് അയാളുടെ മുഖമുദ്ര...' പുന്നകൈ മന്നന്‍റെ ക്ലൈമാക്‌സ് രംഗത്തിലെ കമല്‍ഹാസന്‍റെ പ്രകടനത്തെക്കുറിച്ച് സംവിധായകന്‍ കെ.ബാലചന്ദര്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത്.... കഴിഞ്ഞ അരനൂറ്റാണ്ടായി കല എന്ന മാധ്യമത്തിലൂടെ കമല്‍ഹാസനെന്ന ബഹുമുഖ പ്രതിഭ നമ്മെ വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അഭിനേതാവ് എന്നതിലുപരി എഴുത്തുകാരനും ഗാനരചയിതാവും ഗായകനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയാണ് അദ്ദേഹം.
തമിഴ്‌നാടിന്‍റെ തെക്ക് കിഴക്കുള്ള രാമനാഥപുരം ജില്ലയിലെ പരമക്കുടിയിൽ നിന്നാണ് കമലഹാസന്‍റെ കുടുംബം ചെന്നൈയിൽ എത്തിയത്. അഭിഭാഷകനായ ടി.ശ്രീനിവാസന്‍റെയും ഭാര്യ രാജലക്ഷ്‌മി അമ്മാളുടെയും നാല് മക്കളില്‍ ഒരാളായി 1954ല്‍ ജനനം. 1960ൽ ജെമിനി ഗണേശനും സാവിത്രിക്കും ഒപ്പമാണ് എ.വി.എമ്മിന്‍റെ 'കളത്തൂർ കണ്ണമ്മ' ചിത്രത്തിലൂടെ ആറാം വയസിൽ കമലഹാസൻ ചലച്ചിത്ര രംഗത്ത് എത്തിയത്. ഭീംസിങ് സംവിധാനം ചെയ്‌ത ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും നേടി. തുടർന്ന് 1960 മുതൽ 63 വരെയുള്ള കാലഘട്ടത്തിൽ 'കണ്ണും കരളും' എന്ന ഒരു മലയാളം ചലച്ചിത്രം ഉൾപ്പടെ അഞ്ച് ചിത്രങ്ങളിൽ കമൽ ബലതാരമായി അഭിനയിച്ചു. കമലഹാസൻ തികച്ചും യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിയത്. അതിന് നിമിത്തമായത് കുടുംബ ഡോക്ടറായ സാറാ രാമചന്ദ്രനും എ.വി.എം സ്റ്റുഡിയോ ഉടമ മെയ്യപ്പ ചെട്ടിയാരുമായിരുന്നു.
1963ന് ശേഷം പഠനത്തിനായി കമൽ ചലച്ചിത്രങ്ങളിൽ നിന്ന് വിട്ടുനിന്നു. പിന്നീട് 1972ൽ മന്നവൻ എന്ന ചിത്രത്തിൽ സഹനടനായി തിരിച്ചുവരവ് നടത്തി. തുടർന്ന് പരുവകാലം, ഗുമസ്‌താവിൻ മകൻ എന്ന സിനിമകൾ ചെയ്‌തു. കെ.ബാലചന്ദറിന്‍റെ 'നാൻ അവനില്ലെ' എന്ന ചിത്രത്തിൽ ജെമിനി ഗണേശനോടൊപ്പം അഭിനയിക്കാനും കമലിന് അവസരം കിട്ടി. ഈ കാലഘട്ടത്തിലാണ് കന്യാകുമാരി, വിഷ്ണുവിജയം എന്നീ മലയാള ചിത്രങ്ങളില്‍ കമല്‍ അഭിനയിച്ചത്. കമല്‍ഹാസന് ഏറ്റവും മികച്ച ചിത്രങ്ങള്‍ നല്‍കിയത് സംവിധായകന്‍ കെ.ബാലചന്ദറാണ്.
ശൊല്ലത്താന്‍ നിനക്കേറിലെ വില്ലന്‍, ആന്‍റിഹീറോ പ്രതിച്ഛായയുള്ള നാന്‍ അവനില്ലെയിലെ നായകന്‍, വിധവയില്‍ അനുരക്തനാവുന്ന അവള്‍ ഒരു തൊടര്‍ക്കഥയിലെ യുവാവ്, തന്നേക്കാള്‍ പ്രായമുള്ള സ്ത്രീയെ പ്രണയിക്കുന്ന അപൂര്‍വരാഗങ്ങളിലെ ചെറുപ്പക്കാരന്‍, തുടങ്ങി നിരവധി മികച്ച കഥാപാത്രങ്ങള്‍ ബാലചന്ദര്‍ കമലിന് നല്‍കി. മരിയപുസോയുടെ ഗോഡ്‌ഫാദറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മണിരത്നം സംവിധാനം ചെയ്‌ത നായകന്‍ കമല്‍ എന്ന നടന്‍റെ കരിയറിലെ വഴിത്തിരിവായിരുന്നു. വെറുമൊരു അധോലോക നായകനോ ഗുണ്ടയോയായി മാറേണ്ട ഒരു കഥാപാത്രത്തെ മണിരത്നവും കമലും ചേര്‍ന്ന് മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി. വേലുനായ്ക്കനെ കമല്‍ അനശ്വരമാക്കി. മൂന്‍ട്രാം പിറൈയില്‍ ഓര്‍മ നഷ്ടപ്പെട്ട നായികയുടെ ഓര്‍മ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന സ്‌കൂള്‍ അധ്യാപകനും അവ്വൈഷണ്‍മുഖിയിലെ സ്ത്രീവേഷവും ഭാരതിരാജയുടെ പതിനാറ് വയതിനിലെ മാനസികാസ്വാസ്ഥ്യമുള്ള മുടന്തനായ യുവാവും സിഗപ്പ് റോജാക്കളിലെ സൈക്കോപ്പാത്തായ കൊലയാളിയും സാഗര സംഗമത്തിലെ മധ്യപാനിയായ നര്‍ത്തകനും ഒക്കെ കമലിന്‍റെ പ്രതിഭയെ കാണിച്ചുതന്ന സിനിമകളായിരുന്നു.
പഞ്ചതന്ത്രം, വസൂല്‍ രാജ എം.ബി.ബി.എസ്, തെന്നാലി തുടങ്ങിയ ചിത്രങ്ങളിലൂടെ ഹാസ്യവും മനോഹരമാക്കാന്‍ തനിക്ക് സാധിക്കുമെന്ന് കമല്‍ തെളിയിച്ചു. അന്‍പേശിവത്തിലെ നല്ലശിവം, മഹാനദിയിലെ കൃഷ്ണന്‍, അപൂര്‍വ്വ സഹോദരങ്ങളിലെ അപ്പുവും രാജയും തുടങ്ങി ഒന്നിനൊന്ന് വ്യത്യസ്‌തങ്ങളായ വേഷങ്ങള്‍ സിനിമാ പ്രേമിക്ക് സമ്മാനിക്കാന്‍ കമലിന് സാധിച്ചു. തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെ പൂര്‍ണമായും മനസിലാക്കി അഭിനയിക്കുന്ന നടനായിരുന്നു കമല്‍ഹാസന്‍. ആ കഥാപാത്രത്തിന് യോജിക്കാത്ത രംഗങ്ങളില്‍ അഭിനയിക്കാന്‍ അയാള്‍ ഒരിക്കലും തയ്യാറായിരുന്നില്ല. കന്യാകുമാരി, ഈറ്റ, പൊന്നി, വയനാടന്‍ തമ്പാന്‍, മദനോത്സവം, ഓര്‍മകള്‍ മരിക്കുമോ, വിഷ്ണുവിജയം, ആനന്ദം പരമാനന്ദം, അലാവുദ്ദീനും അത്ഭുത വിളക്കും, രാസലീല, ചാണക്യന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ കമല്‍ മലയാളികള്‍ക്കും പ്രിയപ്പെട്ടവനായി.
2005ല്‍ ടൈം മാഗസിന്‍ എക്കാലത്തേയും മികച്ച ലോകത്തെ 100 സിനിമകള്‍ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ മണിരത്നം സംവിധാനം ചെയ്‌ത കമല്‍ ചിത്രം നായകനും ഉള്‍പ്പെട്ടിരുന്നു. തമിഴ് ചിത്രങ്ങളായ തേവര്‍മകനും നായകനും കുരുതിപ്പുണാലും ഹിന്ദി ചിത്രമായ സാഗറും തെലുങ്ക് ചിത്രമായ സാഗരസംഗമവും ഓസ്‌കറില്‍ വിദേശഭാഷ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രികളായിരുന്നു. ഇത്രയധികം വൈവിധ്യമാര്‍ന്ന വേഷങ്ങളും പരീക്ഷണങ്ങളും നടത്തിയ മറ്റൊരു നടന്‍ ഇന്ത്യന്‍ സിനിമയിലുണ്ടാകില്ല. കമല്‍ഹാസന്‍ സംവിധായകന്‍ കൂടിയായി മാറിയ സിനിമകളില്‍ ഏറ്റവും മികച്ചത് ഹേ റാം, വിരുമാണ്ടി എന്നിവയാണ്. ഇതില്‍ വിരുമാണ്ടി തമിഴ് ജാതി രാഷ്ട്രീയവും ഭരണകൂട ഭീകരതയും വിഷയമാക്കുകയും ആ നിലയില്‍ വലിയ വിജയം കൈവരിക്കുകയും ചെയ്‌തു.
ബോക്‌സ് ഓഫീസിൽ വലിയ വിജയം നേടാനായില്ലെങ്കിലും കമൽഹാസന്‍റെ കരിയറിലെ നാഴികക്കല്ലായി കണക്കാക്കുന്ന ചിത്രങ്ങളിലൊന്നാണ് ഹേ റാം. 2000ത്തിലാണ് ചിത്രം റിലീസിനെത്തിയത്. ഹിന്ദു-മുസ്ലീം ആക്രമണങ്ങൾക്ക് പിറകിലെ സങ്കീർണമായ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ച ആദ്യത്തെ ഇന്ത്യൻ ചിത്രമായ ഹേ റാം രാജ്യത്തിന്‍റെ പലഭാഗങ്ങളിലും അക്കാലത്ത് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക മാത്രമല്ല ചിത്രം സംവിധാനം ചെയ്‌തതും കമൽഹാസനായിരുന്നു. ഷാരൂഖ് ഖാൻ, റാണി മുഖർജി, ഗിരീഷ് കർണാട്, അതുൽ കുൽക്കർണി തുടങ്ങിയവർ അഭിനയിച്ച ചിത്രം മൂന്ന് ദേശീയ അവാർഡുകളും നേടി. പരാജയപ്പെട്ടെങ്കിലും ദശാവതാരവും വിശ്വരൂപം ഇന്നും സിനിമാപ്രേമികള്‍ ആസ്വദിച്ച് കാണുന്ന സിനിമകള്‍ തന്നെയാണ്. തിരക്കിനിടയിലും കമല്‍ എഴുത്തും വായനയും കൈവിട്ടിരുന്നില്ല. അദ്ദേഹത്തിന്‍റെ കൃതികള്‍ തമിഴ് വാരികകളില്‍ അച്ചടിച്ച് വരികയും സിനിമയാവുകയും ചെയ്‌തിട്ടുണ്ട്. ആളവന്താന്‍ എന്ന സിനിമ അദ്ദേഹത്തിന്‍റെ 'ദായം' എന്ന കഥയുടെ സിനിമാ രൂപമാണ്.
മൂന്നാം പിറൈ (1983), നായകന്‍(1987), ഇന്ത്യന്‍(1996) എന്നിവയിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡുകളും രാജ്യത്തിന്‍റെ നാലാമത്തെ വലിയ ബഹുമതിയായ പത്മശ്രീയും കമലിന് ലഭിച്ചിട്ടുണ്ട്. വര്‍ഷമിത്ര കഴിഞ്ഞിട്ടും ഏത് നിര്‍വചനത്തില്‍ ഈ നടനെ നിര്‍ത്തുമെന്ന ചോദ്യത്തിന് സിനിമലോകത്തിനോ സിനിമാ പ്രേമികള്‍ക്കോ ഇന്നും ഉത്തരമില്ല... കമലിനെ നോക്കി 'ഉന്നൈ പോല്‍ ഒരുവന്‍ ഇല്ലയേ' എന്ന് തന്നെ പറയാം.... ഉലകനായകന് പിറന്നാള്‍ ആശംസകള്‍...