മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച ആമസോണ്‍ വെബ് സീരിസ് താണ്ഡവിന്‍റെ അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും അറസ്റ്റ് ചെയ്യാമെന്ന് സുപ്രീംകോടതി. സംവിധായകന്‍ അലി അബ്ബാസ് സഫര്‍, നിര്‍മാതാവ് ഹിമാന്‍ഷു മെഹ്റ, രചന നിര്‍വഹിച്ച ഗൗരവ് സോളങ്കി, അഭിനേതാവ് മുഹമ്മദ് സീഷന്‍ അയ്യൂബ് തുടങ്ങിയവര്‍ എഫ്‌ഐആർ റദ്ദാക്കണമെന്നും അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു.
താണ്ഡവ് വെബ് സീരിസ് അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അലിഗഡ്, ഗ്രേറ്റര്‍ നോയ്ഡ, ഷാജഹാന്‍പൂര്‍ പൊലീസ് സ്റ്റേഷനുകളിലായി ഉത്തര്‍പ്രദേശില്‍ മാത്രം മൂന്ന് കേസുകളുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ സീരിസിനെതിരെ രേഖപ്പെടുത്തിയ കേസുകള്‍ ഒന്നാക്കാനും സുപ്രീംകോടതി ബുധനാഴ്ച നിര്‍ദേശം നല്‍കി.
സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ എന്നിവരാണ് താണ്ഡവില്‍ പ്രധാന കഥാപാത്രങ്ങളായിയെത്തിയത്. താണ്ഡവില്‍ സീഷന്‍ അയ്യൂബിന്‍റെ ഒരു രംഗമാണ് വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്. ജനുവരി 15നാണ് ആമസോണ്‍ പ്രൈം സീരിസ് റിലീസ് ചെയ്തത്. തുടര്‍ന്ന് സീരിസിനെതിരെ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും വിമര്‍ശനം ശക്തമായതോടെ നിര്‍മാതാക്കള്‍ പരസ്യമായി മാപ്പപേക്ഷിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ വേണമെങ്കില്‍ അതത് ഹൈക്കോടതികളെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍.എസ് റെഡ്ഡി, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.