തങ്ങളുടെ ജീവിതത്തിലേക്ക് വരുന്ന പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഗായിക ശ്രേയ ഘോഷാലും ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായയും. അമ്മയാകുന്നുവെന്ന വാർത്ത ഈ മാസം നാലിനാണ് ഗായിക സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ജീവിതത്തിലെ ഏറ്റവും മനോഹര ഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും ഇത് ദൈവത്തിൽ നിന്നുള്ള അത്ഭുതമാണെന്നും ശ്രേയ ഘോഷാൽ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ഒപ്പം നിറവയറിലുള്ള ചിത്രങ്ങളും പങ്കുവെച്ചു.
ഏറെ നാളായുള്ള പ്രണയത്തിനിടെ 2015ലാണ് ശ്രേയയും ശിലാദിത്യ മുഖോപാധ്യായയും വിവാഹിതരായത്. ബോളിവുഡിന് പുറമെ മലയാളം, തമിഴ്, മറാത്തി, തെലുങ്ക്, പഞ്ചാബി, കന്നഡ, ഒഡിയ, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി തുടങ്ങിയ ഇന്ത്യയിലെ മിക്ക ഭാഷകളിലും ശ്രേയ ഘോഷാൽ പാടിയിട്ടുണ്ട്. ടിവി റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്ത് എത്തിയ ശ്രേയ ഇതിനകം നാല് ദേശീയ അവാർഡുകൾ നേടി. മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് നാല് തവണ സ്വന്തമാക്കിയിട്ടുമുണ്ട്. ഏത് ഭാഷയും ഉച്ചാരണശുദ്ധിയോടും ഭാവമികവോടും ആലപിക്കുന്നുവെന്നതാണ് ശ്രേയയെ ശ്രദ്ധേയയാക്കുന്നത്.