സഞ്ജയ് ദത്ത്, അർജുൻ കപൂർ, കൃതി സനോൺ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന പാനിപ്പറ്റ് ട്രെയിലർ ഇറങ്ങി. അശുതോഷ് ഗോവാരിക്കറാണ് സംവിധാനം. 1761 ജനുവരി 14ന് നടന്ന മൂന്നാം പാനിപ്പറ്റ് യുദ്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
സഞ്ജയ് ദത്ത് അഹമ്മദ് ഷാ അബ്‌ദാലിയെന്ന വീര യോദ്ധാവിനെയാണ് അവതരിപ്പിക്കുന്നത്. കൃതി സനോൺ പാർവതി ബായിയായും അർജുൻ കപൂർ സധാശിവ് റാവു ഭാവുമായുമെത്തുന്നു. മൂന്ന് മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള ബ്രഹ്മാണ്ട ട്രെയിലറിൽ 18-ാം നൂറ്റാണ്ടില്‍ ലോകത്ത് നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധമായ പാനിപ്പറ്റ് ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ആരാധകരുടെ പ്രതീക്ഷക്കപ്പുറമാണ് സഞ്ജയ് ദത്ത് പ്രതിനായകവേഷം ചെയ്‌തിരിക്കുന്നത്. യുദ്ധം നയിച്ച സധാശിവ് റാവു ഭാവുവിനെ അർജുനും ഭംഗിയായി അവതരിപ്പിച്ചുവെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. മറാത്തി പെൺകുട്ടിയായി എത്തിയ കൃതി സനോൺ തന്‍റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത് പാർവതി ബായി വെല്ലുവിളി നിറഞ്ഞ വേഷമായിരുന്നെങ്കിലും ഇത്തരമൊരു കഥ സിനിമയായതിൽ സന്തോഷമുണ്ടെന്നായിരുന്നു.എതിരാളികളില്ലാത്ത മറാത്തി രാജവംശവും പിന്നീട് അഫ്‌ഗാൻ അധികാരി അഹമ്മദ് ഷാ അബ്‌ദാലി രാജ്യത്തെ പിടിച്ചെടുക്കാൻ വരുന്നതുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പദ്മിനി കോലാപുരെ, സീനത്ത് അമാൻ ,മോഹ്‌നിഷ് ബഹൽ,മിർ സർവർ,മിലിന്ദ് ഗുനാജി, നവാബ് ഷാ, കുനാൽ കപൂർ, മന്ത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ദേശീയ അവാർഡ് ജേതാവ് നിതിൻ ചന്ദ്രകാന്ത് ദേശായിയാണ് പാനിപ്പറ്റിന്‍റെ കലാ സംവിധായകൻ. അജയ് അതുൽ സംഗീതമൊരുക്കിയ ചിത്രത്തിൽ ജാവേദ് അക്തറാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്.
അടുത്ത മാസം ആറിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.