കാലില്‍ ശസ്ത്രക്രിയക്ക് വിധേയനായ ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡ സുഖംപ്രാപിക്കുന്നു. താരം ഉടന്‍ ആശുപത്രി വിടുമെന്ന് അച്ഛന്‍ രണ്‍ബീര്‍ ഹൂഡ മാധ്യമങ്ങളോട് പറഞ്ഞു. ശസ്ത്രക്രിയ നന്നായി നടന്നുവെന്നും രൺദീപിന്‍റെ സുഖപ്രാപ്തിക്കായി പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായും ഡോക്ടര്‍ കൂടിയായ അച്ഛന്‍ രണ്‍ബീര്‍ ഹൂഡ പറഞ്ഞു.
'നിങ്ങളുടെ സ്നേഹത്തിന് നന്ദി. രൺദീപിന് കഴിഞ്ഞ ദിവസം ഒരു ശസ്ത്രക്രിയ ഉണ്ടായിരുന്നു. അത് വളരെ മികച്ചതായി നടന്നു. ഇപ്പോള്‍ അദ്ദേഹം സുഖം പ്രാപിച്ച് വരികയാണ്. ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യും. അദ്ദേഹം കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. അതിനാൽ അദ്ദേഹത്തെ ഉടൻ വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയും' അച്ഛന്‍ രണ്‍ബീര്‍ ഹൂഡ പറഞ്ഞു.
കാലിന് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഹോളിവുഡില്‍ വരെ സാന്നിധ്യം അറിയിച്ച ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹോളിവുഡ് നടന്‍ ക്രിസ് ഹെംസ്‌വര്‍ത്ത് നായകനായ എക്സ്‌ട്രാക്ഷനിലും രണ്‍ദീപ് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. സർബ്ജിത്, ഹൈവേ, ലാൽ രംഗ് തുടങ്ങിയവയാണ് രണ്‍ദീപിന്‍റെ പ്രധാന ബോളിവുഡ് ചിത്രങ്ങള്‍. രാധേ എന്ന ബോളിവുഡ് ചിത്രമാണ് ഇനി രണ്‍ദീപിന്‍റെതായി ബോളിവുഡില്‍ റിലീസ് ചെയ്യാനുള്ളത്.