മുംബൈ: സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ദീപിക പദുകോണിനും ശ്രദ്ധ കപൂറിനും സാറാ അലി ഖാനും ക്ലീൻ ചിറ്റ് നൽകിയെന്ന വാർത്ത നിഷേധിച്ച് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി). അന്വേഷണത്തില്‍ താരങ്ങൾക്കും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരായ മറ്റുള്ളവർക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും ഇത്തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും എന്‍സിബി അറിയിച്ചു.
ലഹരി മരുന്ന് കേസിൽ എൻസിബി ചോദ്യം ചെയ്‌ത ബോളവുഡ് നടി ദീപികാ പദുക്കോൺ, മുൻ മാനേജര്‍ കരിഷ്‌മ പ്രകാശ്, സാറാ അലി ഖാൻ, ശ്രദ്ധാ കപൂർ തുടങ്ങിയവർക്ക് അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിൽ വ്യക്തത വരുത്തിയാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വാർത്തകൾ നിഷേധിച്ചത്. ശനിയാഴ്‌ചയായിരുന്നു ബോളിവുഡിലെ മുൻനിര താരങ്ങളായ ദീപിക, ശ്രദ്ധ, സാറാ എന്നിവരെ എൻസിബി ചോദ്യം ചെയ്‌തത്. ഇവർക്ക് പുറമെ, നടി രാകുൽ പ്രീതിനെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു.