മുംബൈ: ബോളിവുഡ് ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ദീപിക പദുക്കോണിന്‍റെ മാനേജര്‍ കരിഷ്‌മ പ്രകാശ് എന്‍സിബി ഓഫീസില്‍ ഹാജരായി. കഴിഞ്ഞ മാസം 27ന് ഹാജരാവാന്‍ നിര്‍ദേശിച്ച് എന്‍സിബി കരിഷ്‌മക്ക് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ അതിനുശേഷം കരിഷ്‌മയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കരിഷ്‌മയുടെ വീട്ടിൽ എൻസിബി റെയ്‌ഡ് നടത്തിയിരുന്നു. റെയ്‌ഡില്‍ ചരസും സിബിഡി ഓയിലും കണ്ടെത്തിയിരുന്നു. ഇതുവരെ ബോളിവുഡ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 18ലധികം പേരെ എൻസിബി അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നാണ് വിവരം. കൂടാതെ ബോളിവുഡ് നടിമാരായ സാറാ അലി ഖാൻ, ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ എന്നിവരെ എന്‍സിബി ചോദ്യം ചെയ്‌തിരുന്നു. ഇവരുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.