സുകേഷ് ചന്ദ്രശേഖറിന്‍റെയും ജാക്വലിൻ ഫെർണാണ്ടസിന്‍റെയും പുതിയ ഫോട്ടോ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നതിനെതിരെ നടി രംഗത്ത്. തന്‍റെ സ്വകാര്യത മാധ്യമങ്ങൾ മാനിക്കണമെന്നും ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും ജാക്വലിൻ ഫെർണാണ്ടസ് പറഞ്ഞു. ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ് സുകേഷ് ചന്ദ്രശേഖറിന്‍റെയും ജാക്വലിൻ ഫെർണാണ്ടസിന്‍റെയും ഇന്‍റിമേറ്റ് ഫോട്ടോ ഇന്‍റർനെറ്റിൽ പ്രചരിച്ചത്.
ബുദ്ധിമുട്ടേറിയ കാലത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും ആളുകൾ തന്‍റെ സ്വകാര്യതയിലേക്ക് പ്രവേശിക്കുന്നതിന് പരിധി നിശ്ചയിക്കേണ്ടതാണെന്നും ഇൻസ്റ്റഗ്രാമിൽ നടി കുറിച്ചു. നടിയുടെ അമ്മ ഹൃദയാഘാതത്തെ തുടർന്ന് ബെഹറിനിൽ ചികിത്സയിലാണ്.
സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടി രൂപയുടെ തട്ടിപ്പ് കേസിൽ നടി എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന് മുന്നിൽ അടുത്തിടെ ഹാജരായിരുന്നു.
ബിസിനസുകാരനായ ശിവീന്ദർ മോഹൻ സിങ്ങിന്‍റെ ഭാര്യയെ കബളിപ്പിച്ച് 200 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ശിവീന്ദർ സിങ്ങിന്‍റെ ഭാര്യ അദിതി സിങ്, മൽവിന്ദർ സിങ്ങിന്‍റെ ഭാര്യ ജപ്‌ന സിങ് എന്നിവരെ കബളിപ്പിച്ച് പണം തട്ടിയതിന് സുകേഷ് ചന്ദ്രശേഖർ, ഭാര്യ ലീന മരിയ പോൾ, സഹായികളായ ദീപക് രാംദാനി, പ്രദീപ് രാംദാനി എന്നിവർക്കെതിരെ ഇഡി രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
READ MORE: 200 കോടി തട്ടിപ്പ്; നടി ജാക്വലിൻ ഫെർണാണ്ടസിനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു