സിനിമയ്ക്ക് പുറമെ, സാമൂഹിക സേവനങ്ങളിലൂടെയും സഹായ പ്രവർത്തനങ്ങളിലൂടെയും ഇന്ത്യയൊട്ടാകെ പ്രശസ്‌തനായ താരമാണ് സോനു സൂദ്. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്‍റെ വസതികളിലും ഓഫിസുകളിലുമായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്.
ഇതേ തുടർന്ന് സോനു സൂദ് കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയതായി തെളിവുകള്‍ ലഭിച്ചുവെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ്(സിബിഡിടി) അറിയിച്ചത്. താരവും പങ്കാളികളും ചേർന്ന് 20 കോടിയോളം രൂപയുടെ നികുതിത്തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്നതായി ആദായനികുതി വകുപ്പ് ശനിയാഴ്‌ച വ്യക്തമാക്കി.
More Read: സോനു സൂദിന്‍റെ മുംബൈ വസതിയിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന
തന്‍റെ കണക്കില്‍പ്പെടാത്ത വരുമാനം വ്യാജവും കൃത്രിമവുമായ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്‌പകളിലേക്ക് വഴിതിരിച്ചുവിട്ട് നടൻ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് സിബിഡിടി ട്വിറ്ററിലൂടെ അറിയിച്ചത്.
എന്നാൽ അരവിന്ദ് കെജ്‌രിവാളിന്‍റെ ആം ആദ്‌മി സർക്കാർ 'ദേശ് കാ മെന്‍റേഴ്‌സ്' പരിപാടിയുടെ ബ്രാൻഡ് അംബാസഡറായി സോനുവിനെ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് താരത്തിന്‍റെ വസതികളിലും സ്ഥാപനങ്ങളിലും പരിശോധന നടന്നത്.
അതിനാൽ തന്നെ സോനു സൂദിനെതിരെയുള്ള ആദായ നികുതി വകുപ്പിന്‍റെ നടപടിക്ക് പിന്നിൽ രാഷ്‌ട്രീയ പകപോക്കലാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.