ഏഴ് വെറും നമ്പരല്ല, അതൊരു വികാരം കൂടിയായപ്പോൾ ക്യാപ്റ്റൻ കൂളിന് കീഴിൽ കിരീടനേട്ടങ്ങൾ ശീലമാക്കുകയായിരുന്നു ഇന്ത്യൻ ക്രിക്കറ്റും ആരാധകരും. പരാജയത്തിൽ നിന്നും സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുമായി ഇന്ത്യ വിജയാഹ്ളാദത്തിലേക്ക് ആർപ്പുവിളിച്ചതിന് പിന്നിൽ മിക്കപ്പോഴും എം.എസ് ധോണിയുടെ തന്ത്രങ്ങൾ നിർണായകമായി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്‌റ്റന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക് ധീരജ് പാണ്ഡെ എന്ന സംവിധായകൻ പകർത്തിയെഴുതിയിട്ട് ഇന്നേക്ക് നാലു വർഷം.
എം.എസിനെ സ്വീകരിച്ച പോലെ 'എംഎസ് ധോണി-ദി അന്‍ടോള്‍ഡ് സ്‌റ്റോറി' എന്ന ഹിന്ദി ചിത്രത്തെ തിയേറ്ററുകളും ഇരുകൈ നീട്ടി ഏറ്റെടുത്തു. "നിങ്ങളറിയുന്ന ഒരാളുടെ നിങ്ങളിതുവരെ കാണാത്ത യാത്ര," പവിത്ര രിശ്‌താ എന്ന ജനപ്രിയ പരമ്പരയിലൂടെയും കൈ പോ ചെ. ശുദ്ദ് ദേസി റൊമാൻസ് ചിത്രങ്ങളിലൂടെയും പരിചിതനായ ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്‌പുത് ഇന്ത്യയുടെ സ്വന്തം മഹിയായി അഭ്രപാളിയിലെത്തിയപ്പോഴാകട്ടെ, മഹേന്ദ്ര സിംഗ് ധോണിയോടുള്ള വികാരം ലോകമെമ്പാടുമുള്ള ആരാധകർക്ക് കുറച്ചുകൂടി ശക്തിപ്പെട്ടെന്ന് പറയാം.
ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. സിനിമയിലെ ധോണി നാലു മാസങ്ങൾക്ക് മുമ്പ് ജീവിതത്തിൽ നിന്ന് വിടപറഞ്ഞു… ഇന്നും സുശാന്തിനെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത് തിരശ്ശീലയിലെ അവരുടെ എം.എസായാണ്.
മഹേന്ദ്ര സിംഗ് ധോണിയുടെ ചിരിയിലും നടത്തത്തിലും ചലനങ്ങളിലും തുടങ്ങി മാഹിയുടെ മാസ്റ്റർ പീസ് ഹെലികോപ്റ്റർ ഷോട്ട് വരെ വെള്ളിത്തിരയിൽ സുശാന്തിലൂടെ പൂർണമായി പ്രതിഫലിച്ചത് ബോളിവുഡ് താരത്തിന്‍റെ 12 മാസങ്ങളോളമുള്ള തയ്യാറെടുപ്പിലൂടെയായിരുന്നു.
2016 സെപ്‌തംബർ 30 ന് റിലീസിനെത്തിയ എംഎസ് ധോണി-ദി അന്‍ടോള്‍ഡ് സ്‌റ്റോറി 200 കോടിയിലധികം രൂപയുടെ കളക്ഷനുമായി ആ വർഷത്തെ ബോക്‌സ് ഓഫീസ് ഹിറ്റായി മാറി. ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസിന്‍റെ ബാനറിൽ അരുൺ പാണ്ഡെയായിരുന്നു ചിത്രം നിർമിച്ചത്.
ദിശാ പഠാനി, കിയാര അധ്വാനി, അനുപം ഖേർ, ഭൂമികാ ചൗള എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സഞ്ജോയ് ചൗധരി അർമാൻ മാലിക് എന്നിവരായിരുന്നു സംഗീതം.