മലയാളം, തമിഴ് സിനിമകളില്‍ വ്യത്യസ്ഥമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് അതിശയിപ്പിച്ച നടനും സംവിധായകനുമാണ് പാര്‍ഥിപന്‍. ഇതിനോടകം നിരവധി ഹിറ്റുകള്‍ പാര്‍ഥിപന്‍റെ പേരിനൊപ്പം എഴുതി ചേര്‍ക്കപ്പെട്ടിട്ടുമുണ്ട്. 2019ല്‍ പാര്‍ഥിപന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ഒത്ത സെരുപ്പ് സൈസ് നമ്പര്‍ 7' ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഐഎഫ്എഫ്ഐയുടെ മൂന്നാംദിവസം പ്രദര്‍ശിപ്പിച്ച ചിത്രം നിരൂപക പ്രശംസനേടി. പരീക്ഷണ ചിത്രമെന്നോണമാണ് 'ഒത്ത സെരുപ്പ് സൈസ് നമ്പര്‍ 7' ന്‍റെ നിര്‍മാണം.
- " class="align-text-top noRightClick twitterSection" data="">
നിരവധി കഥാപാത്രങ്ങളുള്ള സിനിമയില്‍ ഒരു അഭിനേതാവിനെ മാത്രമാണ് സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുക. മറ്റ് കഥാപാത്രങ്ങളെല്ലാം ശബ്ദങ്ങളായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അതുതന്നെയാണ് ചിത്രത്തിന്‍റെ പ്രധാന പ്രത്യേകതയും. ഒരു പൊലീസ് സ്റ്റേഷനിലെ ഇരുണ്ട മുറിയിലാണ് കഥ നടക്കുന്നത്. ആ മുറിവിട്ട് ക്യാമറ പുറത്തേക്ക് പോകുന്നില്ല. പൂര്‍ണമായും ഇന്‍ഡോറില്‍ ചിത്രീകരിച്ച സിനിമ കൊലപാതകകുറ്റം ചുമത്തി അറസ്റ്റിലാക്കപ്പെട്ട മസിലാമണിയെ കേന്ദ്രീകരിച്ചാണ് സഞ്ചരിക്കുന്നത്. ചില സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലപാതകി മസിലാമണിയാണെന്ന നിഗമനത്തിലെത്തുന്നു പൊലീസ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ മസിലാമണിയെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇടയ്ക്ക് പല കഥാപാത്രങ്ങളും ശബ്ദങ്ങളായി പ്രേക്ഷകരിലേക്ക് എത്തുന്നു. എന്നാല്‍ തിരശ്ശീലയില്‍ എത്തുന്നത് മസിലാമണി മാത്രം.
ഒരു അഭിനേതാവ് മാത്രമേ സ്ക്രീനിലെത്തുന്നുള്ളുവെങ്കിലും ഒട്ടും വലിച്ചുനീട്ടാതെ മസിലാമണിയിലൂടെ കഥ ഒഴുകുന്നു. ഇവിടെയാണ് പാര്‍ഥിപനെന്ന നടനും സംവിധായകനും പ്രശംസിക്കപ്പെടുന്നത്. ക്രൈം ത്രില്ലര്‍ സ്വഭാവമാണ് സിനിമക്ക്. 105 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയില്‍ മസിലാമണിയായി വേഷമിട്ടിരിക്കുന്നത് പാര്‍ഥിപന്‍ തന്നെയാണ്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ കൂടിയായ പാര്‍ഥിപന്‍ തന്നെയാണ്. വെറും ഒരു സിനിമയല്ല... തന്‍റെ സ്വപ്നമാണ് 'ഒത്ത സെരുപ്പ് സൈസ് നമ്പര്‍ 7' എന്നാണ് ചിത്രത്തിന്‍റെ പ്രദര്‍ശനത്തിന് ശേഷം പാര്‍ഥിപന്‍ പറഞ്ഞത്. റാംജിയാണ് ഛായാഗ്രഹകന്‍. റസൂല്‍ പൂക്കുട്ടിയാണ് പശ്ചാത്തല സംഗീതത്തിന് പിന്നില്‍. സി.സത്യ സംഗീതം ഒരുക്കിയിരിക്കുന്നു. ഏതൊരു സിനിമാപ്രേമിക്കും മികച്ച അനുഭവമാണ് ചിത്രം നല്‍കുകയെന്നാണ് സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം.