മുംബൈ: ഹിന്ദി സിനിമാ- സീരിയൽ താരം ചന്ദ്രശേഖര്‍ അന്തരിച്ചു. 98 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ബുധനാഴ്ച (ഇന്ന്) രാവിലെയായിരുന്നു അന്ത്യം. സംസ്കാരചടങ്ങുകൾ ജൂഹുവിലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ വച്ച് ഇന്ന് വൈകിട്ട് നടത്തും.
കഴിഞ്ഞ വ്യാഴാഴ്‌ച താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് വീട്ടിലേക്ക് മാറ്റിയിരുന്നു. ഓക്സിജന്‍റെ സഹായത്തോടെ വീട്ടിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ഉറക്കത്തിലായിരുന്നു മരണം. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഇന്ന് രാവിലെ ചന്ദ്രശേഖർ അന്തരിച്ചുവെന്ന് മകനും നിര്‍മാതാവുമായ അശോക് ശേഖറാണ് അറിയിച്ചത്.
- " class="align-text-top noRightClick twitterSection" data="">
രാമായണം എന്ന പ്രശസ്ത ടെലിവിഷന്‍ പരമ്പരയിലും ചാ ചാ ചാ, സുരാംഗ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ താരമാണ് ചന്ദ്രശേഖർ. രാമായണത്തില്‍ ആര്യ സുമന്ത് എന്ന കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്.
അഭിനയത്തിന് പുറമെ സിനിമാനിർമാണത്തിലും സംവിധാനത്തിലും പ്രാഗൽഭ്യം തെളിയിച്ച കലാകാരൻ
ഹൈദരാബാദിൽ ജനിച്ച ചന്ദ്രശേഖർ 1950കളുടെ തുടക്കത്തിൽ ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ തുടക്കം കുറിച്ചു. 1954ൽ പുറത്തിറങ്ങിയ വി. ശാന്താറാമിന്‍റെ സുരാംഗ് ആണ് താരം മുഖ്യകഥാപാത്രത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യചലച്ചിത്രം. പിന്നീട് കവിസ മസ്‌താന, ബാസന്ത് ബാഹർ, ബർസാത് കി രാത് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
Also Read: ഫെഫ്‌ക വഴി സഹപ്രവര്‍ത്തകര്‍ക്ക് പൃഥ്വിരാജിന്‍റെ കൈത്താങ്ങ്
1964ൽ ചാ ചാ ചാ എന്ന ചിത്രത്തിന്‍റെ സംവിധായകനായും നിർമാതാവായും അരങ്ങേറ്റം നടത്തി. 1990 വരെ 250 ലധികം സിനിമകളിൽ ചന്ദ്രശേഖര്‍ അഭിനയിച്ചിട്ടുണ്ട്. 1972- 1976 കാലഘട്ടത്തിൽ കോശിശ്, അഛാനക്, ഖുശ്‌ബു, മൗസം തുടങ്ങിയ ചിത്രങ്ങളിൽ സംവിധായകൻ ഗുൽസാറിന്‍റെ അസിസ്റ്റന്‍റായി പ്രവർത്തിച്ചിട്ടുണ്ട്.
1985- 1996 വരെ സിനി ആൻഡ് ടിവി ആർട്ടിസ്റ്റ് അസോസിയേഷന്‍റെ (സിഐഎൻടിഎഎ) പ്രസിഡന്‍റായും ചന്ദ്രശേഖർ സേവനമനുഷ്ഠിച്ചു.