മുംബൈ: സഞ്ജയ് ലീല ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രത്തിൽ രൺബീർ കപൂറും ദീപിക പദുക്കോണും മുഖ്യവേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ. 'ബൈജു ബാവ്ര'യിലായിരിക്കും 'തമാശ' ജോഡികൾ ഒരുമിക്കുന്നത്. ദീപികക്കൊപ്പം രൺവീർ സിംഗിനെ പരിഗണിക്കാത്തത് യഥാർത്ഥ ജീവിത ദമ്പതികളെ തുടർച്ചയായി നാലാം തവണയും ആവർത്തിക്കുന്നതിൽ ബൻസാലിക്ക് താൽപര്യമില്ലാത്തതിനാലാണ്. എന്നാൽ, ഭാവിയിൽ രൺവീറുമായി പുതിയ ചിത്രം ചെയ്യുമെന്നും വാർത്തകളുണ്ട്.
ലോക്ക് ഡൗണിന് മുമ്പ് തന്നെ ചിത്രത്തിനായി രൺബീറിനെയും ദീപികയെയും സമീപിച്ചിരുന്നു. ഇരുവരും മികച്ച ജോഡിയാണെങ്കിലും അത് ബൈജു ബാവ്രയിൽ എത്രത്തോളം ഫലപ്രദമാകുമെന്ന് പരീക്ഷിക്കുക കൂടിയാണ് സംവിധായകൻ. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്‌ത രാംലീല, ബാജിറാവു മസ്‌താനി ചിത്രങ്ങളിൽ രൺവീർ സിംഗും ദീപികാ പദുക്കോണും ജോഡികളായി എത്തിയിട്ടുണ്ട്. ഷാഹിദ് കപൂർ മുഖ്യ കഥാപാത്രമായി എത്തിയ പത്‌മാവതിൽ പ്രതിനായകന്‍റെ വേഷമാണ് രൺവീർ സിംഗ് അവതരിപ്പിച്ചത്. പുതിയ ചിത്രത്തിൽ വ്യത്യസ്‌ത താരനിരയെ പരീക്ഷിക്കാനാണ് രൺബീർ- ദീപിക ജോഡിയിലേക്ക് സഞ്ജയ് ലീല ബൻസാലി തിരിയുന്നത്.