മുംബൈ: ബോളിവുഡ് പുതിയൊരു ചലഞ്ചിന് പിന്നാലെയാണ്. #വാട്‌സ് ഇൻ യുവർ ഡബ്ബ ഹാഷ്‌ടാഗിൽ തങ്ങളുടെ ഭക്ഷണമെന്താണ്, ഏറ്റവും കൂടുതൽ കഴിക്കാറുള്ളതെന്താണ് എന്നതിനെക്കുറിച്ചാണ് താരങ്ങൾ ചിത്രങ്ങൾ സഹിതം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നത്. ആരോഗ്യപരമായും രുചിയുള്ളതുമായ ഭക്ഷണത്തെക്കുറിച്ച് പറയുക മാത്രമല്ല, തങ്ങളുടെ സഹതാരങ്ങളുടെ ഭക്ഷണമെന്താണെന്ന് ചോദിച്ചുകൊണ്ട് ചലഞ്ചിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്യുന്നുണ്ട് ഇവർ.
വട പാവ് ആണ് താൻ മിക്കപ്പോഴും കഴിക്കാറുള്ളതെങ്കിലും ആരോഗ്യത്തിന് മികച്ചതായി തോന്നാറുള്ളത് ബീറ്റ് റൂട്ട് ടിക്കീസ് ആണ്. തന്‍റെ ഡബ്ബയിലുൾപ്പെടുത്താറുള്ള ഈ വിഭവത്തിന്‍റെ പാചകരീതിയും പോസ്റ്റിൽ ട്വിങ്കിൾ ഖന്ന പങ്കുവെക്കുന്നുണ്ട്. ഒപ്പം, അക്ഷയ് കുമാറിനെയും സോണാലി ബെന്ദ്രെയെയും മലൈക അറോറയെയും ചാലഞ്ചിലേക്ക് താരം ടാഗ് ചെയ്‌തിട്ടുമുണ്ട്.ട്വിങ്കിൾ ഖന്നയുടെ ചലഞ്ച് ഏറ്റെടുത്ത് അക്ഷയ് കുമാർ തന്‍റെ പ്രഭാതഭക്ഷണത്തിന്‍റെ ചിത്രങ്ങളാണ് പങ്കുവെച്ചത്. അവോക്കാഡോ കൊണ്ടുള്ള ഭക്ഷണം ദിവസം മുഴുവൻ നല്ല ഊർജ്ജം തരുന്നതാണെന്നും വൃത്തിയായി കഴിക്കുകയെന്നതാണ് തന്‍റെ ശീലമെന്നും ഇൻസ്റ്റാഗ്രാം പോസ്റ്റിനൊപ്പം താരം കുറിച്ചു. കൂടാതെ, കത്രീന കൈഫിനെയും ഭൂമി പഡ്നേക്കറെയും ക്രിക്കറ്റ് താരം ശിഖർ ധവാനെയും അവരുടെ ഡബ്ബായിലെ ലിസ്റ്റിലുള്ളതെന്തെന്ന് വെളിപ്പെടുത്താനായി അക്ഷയ് കുമാർ ക്ഷണിച്ചു.സുക്കിനി ന്യൂഡിൽസ് ആണ് തന്‍റെ ഇന്നത്തെ വിഭവമെന്ന് കുറിച്ചു കൊണ്ട് ട്വിങ്കിളിന്‍റെ ചലഞ്ചിന് നന്ദി പറയുകയാണ് മലൈക അറോറ ചെയ്‌തത്. ന്യൂഡിൽസിനൊപ്പം കഴിക്കുന്ന കോമ്പോയും മലൈക വീഡിയോയിൽ കൂടി വിശദീകരിക്കുന്നുണ്ട്.