ന്യൂഡൽഹി: ഫിയാഫ് ബഹുമതി നേടുന്ന ആദ്യ ഇന്ത്യക്കാരൻ, അമിതാഭ് ബച്ചൻ പുരസ്കാരനേട്ടത്തിന് ശേഷം സിനിമാമേഖലക്ക് നന്ദി രേഖപ്പെടുത്തുകയാണ്. സമകാലിക സമൂഹത്തിനും ഭാവി തലമുറക്കുമായി ലോക ചലച്ചിത്രപൈതൃകം സംരക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതിനായിരുന്നു ബിഗ് ബിക്ക് ഫിയാഫ് ആദരവ് നൽകിയത്.
ഫിയാഫി (ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ആര്‍ക്കെവ്‌സ്)ന്‍റെ മുൻ ജേതാക്കളായ ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍, മാർട്ടിൻ സ്കോർസെസെ എന്നിവർ ചേർന്നാണ് വെർച്വലായി അമിതാഭ് ബച്ചന് പുരസ്‌കാരം സമ്മാനിച്ചത്. ലോകമെമ്പാടുമുള്ള ഫിലിം ആർക്കൈവുകളുടെയും മ്യൂസിയങ്ങളുടെയും സംഘടനയാണ് ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്സ്. കഴിഞ്ഞ ദിവസം വെർച്വലായി നടത്തിയ അവാർഡ് ചടങ്ങിൽ പുരസ്കാരം സ്വീകരിച്ചതിന് ശേഷം അമിതാഭ് ബച്ചൻ ഇൻസ്റ്റഗ്രാമിലൂടെ തന്‍റെ നന്ദി അറിയിച്ചു. ഫിയാഫിനും ക്രിസ്റ്റഫര്‍ നോളനും മാർട്ടിൻ സ്കോർസെസെക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത തകർക്കാനാവില്ലെന്നും ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനിലൂടെ സിനിമകളെ സംരക്ഷിക്കുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന ശ്രമങ്ങൾ തുടരുമെന്നും അമിതാഭ് ബച്ചൻ പറഞ്ഞു. അമിതാഭ് ബച്ചൻ സിനിമയുടെ ചരിത്രത്താളുകളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ അടയാളപ്പെടുത്തുന്നതിൽ നിർണായക സംഭാവനകൾ നൽകിയെന്ന് ക്രിസ്റ്റഫർ നോളൻ അവാർഡ് ചടങ്ങിന് ശേഷം അഭിപ്രായപ്പെട്ടു.
ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് അമിതാഭ് ബച്ചനെ പുരസ്‌കാരത്തിനായി നാമ നിർദേശം ചെയ്തത്. 2015 മുതല്‍ ബച്ചന്‍ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍റെ അംബാസിഡറാണ്. 2001 മുതലാണ് ഫിയാഫ് അവാർഡ് പുരസ്കാരം ആരംഭിച്ചത്.
നമ്മുടെ സിനിമ ഇതിഹാസങ്ങളിൽ ഭൂരിഭാഗം പേരും കൺമറഞ്ഞു. എന്നാൽ അവരുടെ സംഭാവനകൾ അവഗണിക്കപ്പെടുകയാണെന്നും 2018ലെ കൊൽക്കത്ത ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ അമിതാഭ് ബച്ചൻ പറഞ്ഞിരുന്നു. ഇവയിൽ ചിലതുമാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇനിയും അവ സംരക്ഷിച്ചില്ലെങ്കിൽ അടുത്ത 100 വർഷങ്ങൾക്കിടെ ഇവിടെയൊന്നും ശേഷിക്കില്ലെന്നും ബിഗ് ബി പറഞ്ഞിരുന്നു.