സാൻഫ്രാൻസിസ്കോ: പുതിയ ഷോപ്പിങ് ഫീച്ചറുകളുമായി വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. ആപ്ലിക്കേഷനിലൂടെ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്താവുന്ന രീതി പരീക്ഷിക്കുകയാണ് യൂട്യൂബ്. ചൊവ്വാഴ്‌ചയാണ് കമ്പനി ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്.
യൂട്യൂബിലൂടെ വീഡിയോ കാണുന്ന സമയം തന്നെ ഇനി സാധനങ്ങള്‍ തെരഞ്ഞെടുക്കാം. കച്ചവടക്കാര്‍ക്കും വ്യവസായികള്‍ക്കും സ്വന്തം ഉത്പന്നങ്ങള്‍ യൂട്യൂബിലൂടെ ടാഗ് ചെയ്യാന്‍ സാധിക്കും. വീഡിയോ കാണുന്ന ഉപഭോക്താക്കള്‍ക്ക് നിഷ്‌പ്രയാസം ടാഗ് ചെയ്‌ത ഉത്പന്നങ്ങള്‍ വാങ്ങാനും സാധിക്കും. 'ഉപഭോക്താക്കള്‍ക്ക് അവരുടെ ബിസിനസ് ഉയര്‍ത്തി കൊണ്ട് വരാന്‍ എറ്റവും നല്ല ഇടം യൂട്യൂബ് തന്നെയാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആപ്ലിക്കേഷനില്‍ കൊണ്ട് വന്ന പുതിയ ഫീച്ചര്‍ അതിന് കൂടുതല്‍ ഉപകാരപ്രദമാകുമെന്നും യൂട്യൂബ് വക്താവ് പറഞ്ഞു'.
ഫീച്ചര്‍ ഉപയോഗിച്ച് യുഎസ്, ഇന്ത്യ, ബ്രസീൽ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് യൂട്യൂബിലൂടെ ടാഗുകള്‍ കാണാനും ഷോപ്പിങ് നടത്താനും കഴിയും. ഭാവിയില്‍ പുതിയ ഫീച്ചര്‍ കൂടുതല്‍ രാജ്യങ്ങളിലേക്കും ഉപഭോക്താക്കളിലേക്കും വ്യാപിക്കുമെന്നും കമ്പനി പറയുന്നു.