ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ നിരവധി പുതിയ നികുതികള്‍ അവതരിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധമുണ്ടാക്കാനായി ഇടിവി ഭാരത് കേന്ദ്ര പ്രത്യക്ഷ നികുതി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സ്-സിബിഡിടി) ചെയര്‍മാന്‍ രവി അഗര്‍വാളുമായി ഒരു അഭിമുഖം നടത്തി. സര്‍ക്കാരിന്‍റെ പ്രധാന ഉദ്ദേശ്യം നികുതിദായകര്‍ക്ക് ഇതേക്കുറിച്ച് അവബോധമുണ്ടാക്കാനും അവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും നികുതി അടവ് പ്രക്രിയ എങ്ങനെ വേണമെന്നും ബോധ്യപ്പെടുത്താനും ഉദ്ദേശിച്ചാണ് ഈ അഭിമുഖം നടത്തിയത്.
സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് അഗര്‍വാള്‍: വ്യാജ നികുതി റീഫണ്ട് വാഗ്‌ദാനങ്ങളിലും സൗജന്യങ്ങളിലും വീഴരുതെന്നും അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. എസ്എംഎസുകളിലൂടെയും വ്യാജ കോളുകളിലൂടെയുമാണ് ഇത്തരം തട്ടിപ്പുകാര്‍ രംഗപ്രവേശം നടത്തുന്നത്. ഇതിനായി ചില അപകടകരമായ ലിങ്കുകളും നിങ്ങള്‍ക്ക് അയച്ച് തന്നേക്കാം. റീഫണ്ടുകള്‍ ലഭിക്കാനായി ചില സംശയകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനാവശ്യപ്പെട്ടും ഒടിപിയും മറ്റും ചോദിച്ചുമുള്ള കോളുകളും നിങ്ങള്‍ക്ക് വന്നേക്കാം.
സമയപരിധി നീട്ടി നല്‍കാന്‍ യാതൊരു ആലോചനയുമില്ല: ആദായ നികുതി അടയ്ക്കാനുള്ള സമയപരിധി നീട്ടി നല്‍കില്ലെന്ന് ഇതേക്കുറിച്ചുള്ള ചോദ്യത്തോട് അഗര്‍വാള്‍ പ്രതികരിച്ചു. കഴിഞ്ഞ കൊല്ലം ജൂലൈ 31 വരെ 6.77 കോടി രൂപ ആദായ നികുതി സമര്‍പ്പിച്ചു. ഇക്കൊല്ലം ഇതുവരെ അഞ്ച് കോടിയിലധികം സമര്‍പ്പിച്ച് കഴിഞ്ഞു. കഴിഞ്ഞ കൊല്ലം ഇതേ ദിവസത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് എട്ട് ശതമാനം കൂടുതലാണ്. സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി എന്നുള്ളതിന് തെളിവാണിത്.
അടുത്ത അഞ്ച് ദിവസം ആദായ നികുതി അടവിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. നികുതി അടവ് വര്‍ധിക്കും. തങ്ങളുടെ സാങ്കേതിക പങ്കാളികളായ ഇന്‍ഫോസിസുമായി നിരന്തരം സഹകരിച്ച് സംവിധാനം നന്നായി പോകുന്നുവെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. ഉണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം കൃത്യമായി പരിഹരിക്കുന്നുമുണ്ട്.
വ്യാഴാഴ്‌ച മാത്രം 25 ലക്ഷം പേര്‍ ആദായ നികുതി അടച്ചു. വൈകിട്ട് അഞ്ച് മണിവരെ പതിനഞ്ച് ലക്ഷം പേരാണ് നികുതി അടച്ചത്. അതായത് ഓരോ മണിക്കൂറിലും രണ്ട് ലക്ഷം പേര്‍ നികുതി അടയ്ക്കുന്നു. സംവിധാനങ്ങളെല്ലാം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്നാണ് ഇതിനര്‍ഥം. അതുകൊണ്ട് തന്നെ സമയപരിധി നീട്ടേണ്ട യാതൊരു ആവശ്യവും ഇതുവരെ ഇല്ല.
കൂടുതല്‍ നികുതി ശേഖരണം: കഴിഞ്ഞ വര്‍ഷം സിബിഡിടി 19.58 ലക്ഷം കോടി രൂപയാണ് നികുതിയിനത്തില്‍ ലഭിച്ചത്. ഇക്കൊല്ലമിത് 22 ലക്ഷം കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. അതായത് 12.5ശതമാനം വര്‍ധന. ഇപ്പോള്‍ തന്നെ നമ്മള്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്തുണ്ടാക്കിയ നികുതി ശേഖരണത്തെക്കാള്‍ 22ശതമാനം കൂടുതലാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതായത് ബജറ്റ് ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നാം ശരിയായ പാതയിലാണെന്ന് അര്‍ഥം.
വിവിധ കേന്ദ്രങ്ങളില്‍ നിന്ന് നമുക്ക് വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും സിബിഡിടി ചെയര്‍മാന്‍ പറഞ്ഞു. 2.25 കോടി ടിഡിഎസ് ഇടപാടുകളും 400 കോടി തേഡ് പാര്‍ട്ടി ഇടപാടുകളുമാണത്. അത് കൊണ്ടു തന്നെ നികുതി വെട്ടിപ്പ് സാധ്യതകള്‍ കുറവാണ്. വാര്‍ഷിക വിവര പ്രസ്‌താവനകളിലൂടെ (ആനുവല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്മെന്‍റ്-എഐഎസ്) ആദായനികുതി അടവ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നികുതിദായകരെ സഹായിക്കുന്നു. ഇതിന് പുറമെ പുതുക്കിയ നികുതി അടവ് പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. ഇതുവരെ 72 ലക്ഷം റിട്ടേണുകള്‍ ഫയല്‍ ചെയ്‌ത് കഴിഞ്ഞു. നികുതി ദായകര്‍ക്ക് അവരുടെ നികുതി അടവ് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നത് എങ്ങനെയെന്ന് ഇവര്‍ കാട്ടിത്തരുന്നുമുണ്ട്.
വിവാദത്തില്‍ നിന്ന് വിശ്വാസത്തിലേക്ക് പദ്ധതി: പരിഹരിക്കപ്പെടാത്ത പ്രത്യക്ഷ നികുതി അപ്പീലുകള്‍ പരിഹരിക്കാന്‍ നികുതിദായകര്‍ക്ക് അവസരം നല്‍കുന്ന പദ്ധതിയാണിത്. തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനും ഇതിലൂടെ സാധിക്കും. 2024 ഡിസംബര്‍ 31 മുതല്‍ ഇത് നിലവില്‍ വരും.
എല്‍ടിസിജി വിഷയങ്ങള്‍: ദീര്‍ഘകാല മൂലധന നേട്ടങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതും നികുതിദായകര്‍ക്ക് നേട്ടമുണ്ടാക്കുന്ന പദ്ധതിയാണ്. ഒരേ സ്വത്തില്‍ തന്നെ വീണ്ടും നിക്ഷേപിക്കുമ്പോള്‍ ഇളവ് തരുന്ന പദ്ധതിയാണിത്. സ്വത്തിന്‍റെ ക്ലാസ് മാറുന്നുമില്ല. അതായത് ആരെങ്കിലും ഒരു വസ്‌തു വിറ്റ ശേഷം ആ പണം മറ്റൊരു വസ്‌തുവില്‍ നിക്ഷേപിക്കുമ്പോള്‍ സാധാരണയുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു.
പ്രത്യക്ഷ നികുതി നിയമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. നികുതി സംവിധാനങ്ങളെക്കുറിച്ച് കൂടുതല്‍ എളുപ്പത്തില്‍ മനസിലാക്കാനാകും. എന്നാല്‍ നിലവിലുള്ള നികുതി സംവിധാനങ്ങള്‍ ഒഴിവാക്കുക എന്നല്ല ഇതിനര്‍ഥം. മറിച്ച് വ്യക്തതയും എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Also Read: ഇന്ന് ആദായ നികുതി ദിനം: രാഷ്ട്രത്തെ ശക്‌തമാക്കുന്നതില്‍ ടാക്‌സിന്‍റെ പ്രാധാന്യമറിയാം