കാലിഫോര്‍ണിയ: കമ്മ്യൂണിറ്റി മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഈ വര്‍ഷം ജൂലൈ സെപ്റ്റംബര്‍ മാസങ്ങളിലായി യൂട്യൂബ് നീക്കം ചെയ്‌തത് 56 ലക്ഷം ദൃശ്യങ്ങള്‍. ഈ രണ്ട് മാസങ്ങളിലായി പ്ലാറ്റ്‌ഫോമില്‍ നിന്ന് ദൃശ്യങ്ങള്‍ നീക്കം ചെയ്‌തത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 2,71,000 അപേക്ഷകളാണ് ലഭിച്ചതെന്നും അതില്‍ 29,000 അപേക്ഷകള്‍ അംഗീകരിച്ച് ആ ദൃശ്യങ്ങള്‍ യൂട്യൂബില്‍ വീണ്ടും പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ ബ്ലോഗിലൂടെ വ്യക്തമാക്കി.
ജൂലൈ സെപ്റ്റംബര്‍ കാലയളവില്‍ 10,000 ദൃശ്യങ്ങളില്‍ 10 മുതല്‍ 11 ദൃശ്യങ്ങള്‍ കമ്മ്യൂണിറ്റി മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചവയാണ്. ദൃശ്യങ്ങള്‍ നീക്കം ചെയ്‌തതിനെ തുടര്‍ന്ന് ലഭിക്കുന്ന അപ്പീലുകളും കമ്പനി കൃത്യമായി വീക്ഷിച്ച് വരുന്നുണ്ടെന്നും യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കി. ദൃശ്യങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട സംവിധാനത്തിന്‍റെ കൃത്യത അറിയാന്‍ ഇത് ആവശ്യമാണെന്ന് അധികൃതര്‍ പറഞ്ഞു.
സമൂഹത്തിന് ദോഷം സൃഷ്‌ടിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുകയാണ് കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങളുടെ പ്രധാന ലക്ഷ്യം. എന്നാല്‍ ഇതിനര്‍ഥം മറ്റുള്ളവര്‍ക്ക് അലോസരം സൃഷ്‌ടിക്കുന്ന എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്യലല്ലെന്നും ബ്ലോഗില്‍ വ്യക്തമാക്കുന്നു. കാരണം തുറന്ന ചര്‍ച്ചകളും സ്വതന്ത്ര അഭിപ്രായ പ്രകടനങ്ങളും സമൂഹത്തിന്‍റെ പുരോഗതിക്ക് ആവശ്യമാണ്.
വിവിധ രാജ്യങ്ങളിലെ അക്കാദമിക രംഗത്ത് ഉള്ളവരുടെയും എന്‍ജിഒകളുടെയും അഭിപ്രായങ്ങള്‍ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ തങ്ങള്‍ തേടാറുണ്ടെന്നും യൂട്യൂബ് വ്യക്തമാക്കി.