സാൻഫ്രാൻസിസ്കോ: ഇലോൺ മസ്‌കിന്‍റെ കൈകളിൽ എത്തിയതിൽ പിന്നെ നിരവധി മാറ്റങ്ങളാണ് ട്വിറ്ററിൽ നടക്കുന്നത്. വേരിഫൈഡ് വ്യാജന്മാരെ പിടികൂടാൻ കഴിയാതെ ട്വിറ്ററിലെ ബ്ലൂടിക്ക് സംവിധാനം താത്കാലികമായി നിർത്തലാക്കിയിരുന്നു. എന്നാൽ സേവനം പുനഃരാരംഭിക്കുമ്പോൾ പുതിയ അക്കൗണ്ടുകൾക്ക് ഇനി ഉടനടി ബ്ലൂ ടിക്ക് ലഭിക്കില്ല.
അക്കൗണ്ട് തുടങ്ങി 90 ദിവസങ്ങൾ കഴിഞ്ഞാൽ മാത്രമേ ഇനി മുതൽ ബ്ലൂ ടിക്ക് സേവനം ലഭിക്കുകയുള്ളു. 2022 നവംബർ ഒമ്പതിന് ശേഷം ആരംഭിച്ച ട്വിറ്റർ അക്കൗണ്ടുകൾക്ക് ഇനി 90 ദിവസങ്ങൾ കഴിയാതെ അക്കൗണ്ടുകൾ വേരിഫൈ ചെയ്യാൻ കഴിയില്ലെന്നാണ് ട്വിറ്റർ വ്യക്തമാക്കുന്നത്. വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള മസ്ക്കിന്‍റെ പുത്തൻ പരിഷ്‌കരണമാണിതെന്നാണ് വിവരം.
നവംബർ 29ന് ബ്ലൂടിക്ക് സംവിധാനം വീണ്ടും പുനഃരാരംഭിക്കുമെന്ന് മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്ലൂ ടിക്ക് സേവനത്തിന് പണം ഈടാക്കുകയും ചെയ്യും. പണം അടയ്ക്കാത്ത എല്ലാ വേരിഫൈഡ് അക്കൗണ്ടുകളും നീക്കം ചെയ്യുമെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു. പ്രതി മാസം എട്ട് ഡോളറാണ് വേരിഫൈഡ് അക്കൗണ്ട് ഉടമകൾ നൽകേണ്ടത്.
എന്നാൽ എട്ട് ഡോളർ നൽകുന്ന ആർക്കും ട്വിറ്ററിൽ ബ്ലൂ ടിക്ക് നൽകാനുള്ള സംവിധാനം പാളിയതോടെയാണ് സേവനം താത്കാലികമായി നിർത്തലാക്കിയത്. മസ്ക്ക് ഏറ്റടുക്കുന്നതിന് മുൻപും ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളെ ചൊല്ലി വലിയ കോലാഹലങ്ങളായിരുന്നു നടന്നത്.