വാഷിങ്ടണ്‍: ശരീരത്തിന്‍റെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിച്ച് കൊണ്ട് പോകുന്ന ഒരു അവയവമാണ് തലച്ചോറ്. ശരീരത്തിലെ പ്രവര്‍ത്തനങ്ങളെയെല്ലാം ഏകോപിക്കുകയും കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുകയാണ് തലച്ചോറിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന്. പേശികളുടെ ചലനങ്ങളെ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നതും തലച്ചോറ് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഒരാളുടെ തലച്ചോറിനുണ്ടാകുന്ന പ്രയാസങ്ങള്‍ അയാളുടെ ശരീരത്തെ മൊത്തം പ്രതികൂലമായി ബാധിക്കുന്നത്.
തലച്ചോറിന്‍റെ പ്രവര്‍ത്തനം അവതാളത്തിലായാല്‍ ഓരോ ശരീരത്തെയും അത് ബാധിക്കുമെന്നത് വാസ്‌തവമാണ്. അപ്പോള്‍ ബഹിരാകാശ യാത്രികര്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ബഹിരാകാശത്ത് മസ്‌തിഷ്‌കത്തിന്‍റെ ഭാരം എങ്ങനെ ഇല്ലാതാവുന്നു അത്തരം സന്ദര്‍ഭങ്ങളുമായി മനുഷ്യന്‍റെ ശരീരം എങ്ങനെ പൊരുത്തപ്പെടുന്നുവെന്നോ നിങ്ങള്‍ക്കറിയാമോ? എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ആന്‍റ് വെര്‍പ്പ്, ലീജ് സര്‍വകലാശാലകളിലെ ശാസ്‌ത്രജ്ഞര്‍.
ബഹിരാകാശ യാത്രികരുടെ തലച്ചോറിനെ പറ്റിയുള്ള പഠനം: ആറ് മാസം ബഹിരാകാശത്ത് ജീവിച്ച ഒരാളുടെ തലച്ചോറില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടായതായി ശാസ്‌ത്രജ്ഞര്‍. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലെന്ന് ഒട്ടുമിക്ക ആളുകള്‍ക്കും അറിയുന്ന ഒരു കാര്യമാണ്. അതുകൊണ്ട് ബഹിരാകാശത്ത് എത്തുന്നവരെല്ലാം അന്തരീക്ഷത്തില്‍ പറന്ന് നടക്കുകയാണ് ചെയ്യാറുള്ളത്.
ഇത്തരം സാഹചര്യങ്ങളില്‍ ശരീരത്തെ നിയന്ത്രിക്കേണ്ടത് തലച്ചോറാണ്. എന്നാല്‍ ഈ സാഹചര്യങ്ങളില്‍ ശരീരത്തെ നിയന്ത്രിക്കാന്‍ കഴിയും വിധത്തിലേക്ക് തലച്ചോറില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് ശാസ്‌ത്രജ്ഞരുടെ കണ്ടെത്തല്‍. ഭാരമില്ലാത്ത സാഹചര്യവുമായി തലച്ചോര്‍ പൊരുത്തപ്പെടുകയും ശരീരത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
ബ്രെയിന്‍ ഡിറ്റിഐ ശാസ്‌ത്ര പദ്ധതിയിലൂടെയാണ് ബഹിരാകാശ യാത്രികരുടെ തലച്ചോറിനെ കുറിച്ച് പഠനം നടത്തിയത്. 14 ബഹിരാകാശ സഞ്ചാരികളെയാണ് പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കിയത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി മുഖേനയാണ് ആന്‍റ്‌വെര്‍പ്പ് സര്‍വകലാശാല ഈ ബ്രെയിന്‍ ഡിറ്റിഐ (BRAIN-DTI) പദ്ധതിയ്‌ക്ക് നേതൃത്വം നല്‍കുന്നത്.
നിരീക്ഷണങ്ങള്‍ക്ക് വിധേയരാക്കിയ 14 പേരിലും ബഹിരാകാശ യാത്രയ്‌ക്ക് മുമ്പും ശേഷവും നിരീക്ഷണം നടത്തിയിരുന്നു. ഇവരിലെ യാത്രക്ക് മുമ്പും ശേഷവും നടത്തിയ എംആര്‍ഐ (മാഗ്നെറ്റിക് റിസോണന്‍സ് ഇമേജിങ്) സ്‌കാന്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ശാസ്‌ത്രജ്ഞര്‍ പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്.
പഠനങ്ങളിലെ കണ്ടെത്തലുകള്‍: ഗുരുത്വാകര്‍ഷണ ബലമില്ലാത്ത സാഹചര്യത്തില്‍ ജീവിക്കാന്‍ ഉതകുന്ന തരത്തില്‍ തലച്ചോര്‍ അതിന്‍റെ ചുറ്റുപാടുമായി പൊരുത്തപ്പെടുന്നുണ്ട്. ഈ സാഹചര്യത്തോട് യോജിക്കുന്നതിന്‍റെ ഭാഗമായി തലച്ചേറിന് വികാസം സംഭവിക്കുന്നു. തലച്ചോറിന്‍റെ ഇത്തരം വികാസം മൂലം തലയോട്ടിയിലുള്ള സെറിബ്രോ സ്‌പൈനല്‍ ഫ്ലൂയിഡ് എന്ന ദ്രവ്യം വര്‍ധിച്ചതായും കാണപ്പെട്ടു. മാത്രമല്ല ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ സംയോജിപ്പിക്കുന്ന പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലും നേരിയ വ്യതിയാനങ്ങള്‍ പ്രകടമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ബഹിരാകാശ പര്യടനത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തിയവരില്‍ നടത്തിയ പഠനത്തില്‍ ബഹിരാകാശത്ത് വച്ച് തലച്ചോറിനുണ്ടായ ഈ മാറ്റങ്ങള്‍ എട്ട് മാസം തുടര്‍ച്ചയായി നിലനില്‍ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 2016ലാണ് ബഹിരാകാശ യാത്രികരുടെ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ആദ്യമായി പഠനം നടത്തിയത് തങ്ങളായിരുന്നുവെന്നും കുറച്ച് വര്‍ഷങ്ങള്‍ കൂടി പിന്നിട്ടതോടെ കൂടുതല്‍ പേരെ ഇത്തരം പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കാന്‍ സാധിച്ചുവെന്നും യൂണിവേഴ്‌സിറ്റി ഓഫ് ലീജിലെ ഗവേഷകന്‍ ഡോ. അഥീന ഡെമെര്‍ട്ട്‌സി പറഞ്ഞു.
ബഹിരാകാശത്ത് ഭാരക്കുറവ് മൂലമുണ്ടാകുന്ന ശാരീരികവും പെരുമാറ്റപരവുമായ മാറ്റങ്ങള്‍ മനസിലാക്കുന്നത് മനുഷ്യന്‍റെ ബഹിരാകാശ പര്യവേക്ഷണം ആസൂത്രണം ചെയ്യുന്നതില്‍ പ്രധാനമാണ്. ന്യൂറോ ഇമേജിങ് ടെക്‌നിക്കുകള്‍ ഉപയോഗിച്ച് മസ്‌തിഷ്‌ക പ്രവര്‍ത്തനത്തിലെ മാറ്റങ്ങള്‍ മാപ്പിങ് ചെയ്യുന്നതിലൂടെ പുതിയ തലമുറയിലെ ബഹിരാകാശ യാത്രികരെ ദൈര്‍ഘ്യമേറിയ ദൗത്യങ്ങള്‍ക്ക് സജ്ജമാക്കാന്‍ സാധിക്കുമെന്ന് ഡോക്‌ടര്‍ റാഫേല്‍ അഭിപ്രായപ്പെട്ടു.