വഡോദര: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ വണിനെ ജനുവരി ആറിന് എല്‍വണ്‍ പോയിന്‍റിലേക്ക് എത്തിക്കുമെന്ന് ഐഎസ്ആര്‍ ഒ മേധാവി എസ് സോമനാഥ് (L1 point insertion of Aditya) അതേസമയം ഇതിനുള്ള സമയം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 125 ദിവസങ്ങള്‍ കൊണ്ട് ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് പേടകം സൂര്യനോട് ഏറ്റവും അടുത്തായി കണക്കാക്കപ്പെടുന്ന ലാന്‍ഗ്രാന്‍ജിയന്‍ പോയിന്‍റ് എല്‍ 1 ന് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ സ്ഥാപിക്കും(ISRO chief S Somnath).
ഗുജറാത്തിലെ വഡോദരയില്‍ ഛത്ര സന്‍സദ് സംഘടിപ്പിച്ച ഏഴാം ദേശീയ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രയാന്‍ മൂന്നിനെ വിജയകരമായി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലെത്തിച്ച ശേഷമുള്ള സൗരദൗത്യമായിരുന്നു ആദിത്യ. സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്നത്.
സോളാര്‍ വിന്‍ഡ് അയേണ്‍ സ്പെക്ട്രോ മീറ്ററും ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്സ്‌പെരിമെന്‍റും പ്രവര്‍ത്തന ക്ഷമമാണ്. ഇവ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്സ്‌പെരിമെന്‍റിന് (ആസ്‌പെക്സ്) രണ്ട് ഭാഗങ്ങളാണ് ഉള്ളത്.
സോളാര്‍ വിന്‍ഡ് അയേണ്‍ സ്പെക്ട്രോമീറ്റര്‍(സ്വിസ്-SWIS), സുപ്ര തെര്‍മല്‍ ആന്‍ഡ് എനര്‍ജെറ്റിക് പാര്‍ട്ടിക്കിള്‍ സ്പെക്ട്രോമീറ്റര്‍ - സ്റ്റെപ്സ്(STEPS) എന്നിവയാണിവ. ഇതില്‍ സ്റ്റെപ്സ് സെപ്റ്റംബര്‍ പത്ത് മുതല്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സ്വിസ് നവംബര്‍ രണ്ടിനാണ് പ്രവര്‍ത്തനം തുടങ്ങിയത്.
നേരത്തെ ആദിത്യ എല്‍ 1 സൗരജ്വാലകളുടെ അതി തീവ്ര ഊര്‍ജ പ്രവാഹത്തിന്‍റെ എക്‌സ് റേ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ഐഎസ്‌ആര്‍ഒ വ്യക്തമാക്കിയിരുന്നു. ആദിത്യയിലെ ഹൈ എനര്‍ജി L1 ഓര്‍ബിറ്റിങ് എക്‌സ് റേ സ്‌പെക്‌ട്രോമീറ്ററായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 29ന് ഏകദേശം 12:00 മുതൽ 22:00 UT വരെയുള്ള ആദ്യ നിരീക്ഷണ കാലയളവിലാണ് സ്‌പെക്‌ട്രോമീറ്ററിന് ദൃശ്യങ്ങള്‍ പകര്‍ത്താനായത് എന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം അറിയിക്കുകയുണ്ടായി.
ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1ല്‍ നിന്നും എക്‌സ് റേ ദൃശ്യങ്ങള്‍ ലഭിച്ചത് സൗര യാത്രയെ സംബന്ധിച്ച് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ് എന്നാണ് സംഭവത്തിന് പിന്നാലെ ശാസ്‌ത്രലേകം ഒന്നടങ്കം അഭിപ്രായപ്പെട്ടത്. സൂര്യനില്‍ നിന്നും രേഖപ്പെടുത്തപ്പെട്ട ഈ വിവരങ്ങള്‍ NOAA യുടെ GOES (Geostationary Operational Environmental Satellites) നൽകുന്ന എക്‌സ് റേ ലൈറ്റ് കർവുകളുമായി പൊരുത്തപ്പെടുന്നതാണെന്നും ശാസ്‌ത്രജ്ഞര്‍ അന്ന് വ്യക്തമാക്കിയിരുന്നു.