സാന്‍ഫ്രാന്‍സിസ്‌കോ: കണ്ടന്‍റുകൾ അതിവേഗത്തിൽ ലോഡ് ചെയ്യുന്ന ഫേസ്ബുക്കിന്‍റെ ഇൻസ്‌റ്റന്‍റ് ആർട്ടിക്കിൾ സംവിധാനം മെറ്റ അവസാനിപ്പിക്കുന്നു. ന്യൂസ് കണ്ടന്‍റുകൾ നൽകുന്നത് പൂർണമായും അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. ഇൻസ്‌റ്റന്‍റ് ആര്‍ട്ടിക്കിള്‍ ഫോര്‍മാറ്റ് അടുത്ത വര്‍ഷത്തോടെ നിര്‍ത്തലാക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഫേസ്‌ബുക്കില്‍ വാര്‍ത്ത അധിഷ്‌ഠിത ഉള്ളടക്കങ്ങള്‍ ഒഴിവാക്കി പകരം ടിക് ടോക്കിന് സമാനമായ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള നീക്കമാണിത്. 2023 ഏപ്രിൽ പകുതിയോടെ ഇൻസ്‌റ്റന്‍റ് ആർട്ടിക്കിൾ പിന്തുണ നിർത്തലാക്കാനാണ് മെറ്റയുടെ പദ്ധതി. നിലവില്‍ ലോകമെമ്പാടുമുള്ള ഫേസ്ബുക്ക് ഉപയോക്‌താക്കൾ കാണുന്ന ഉള്ളടക്കത്തില്‍ മൂന്ന് ശതമാനത്തില്‍ താഴെ മാത്രമാണ് വാര്‍ത്ത ലേഖനങ്ങളിലേക്കുള്ള ലിങ്കുകളോടുകൂടിയ പോസ്‌റ്റുകളെന്ന് കമ്പനി വക്താവ് പറഞ്ഞു.
സമീപ മാസങ്ങളിൽ ന്യൂസ് സംബന്ധിയായ നിക്ഷേപങ്ങളിൽ നിന്നും ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ പിന്നോട്ട് പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ബിസിനസ് എന്ന നിലയില്‍ ഉപയോക്താക്കളുടെ മുന്‍ഗണനകളുമായി ഒത്തുപോവാത്ത മേഖലകളില്‍ നിക്ഷേപിക്കുന്നതില്‍ അര്‍ഥമില്ല എന്നും കമ്പനി വക്താവ് പറഞ്ഞു. വാർത്താ പ്രസാധകർക്ക് അവരുടെ ഫേസ്ബുക്ക് നയങ്ങൾ പുനഃക്രമീകരിക്കാൻ ആറ് മാസം സമയം നല്‍കും.
'ഇൻസ്‌റ്റന്‍റ് ആർട്ടിക്കിൾ' ഫോര്‍മാറ്റ് : 2015ലാണ് ക്വിക്ക് ലോഡിങ് ആർട്ടിക്കിൾ ഫോർമാറ്റ് ഫേസ്ബുക്ക് അവതരിപ്പിച്ചത്. ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്ന ആർട്ടിക്കിൾ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ അത് ഫേസ്ബുക്ക് ആപ്പിന് ഉള്ളിൽ തന്നെ അതിവേഗം ലോഡ് ചെയ്യുന്ന സംവിധാനമാണ് ഇൻസ്‌റ്റന്‍റ് ആർട്ടിക്കിൾ. ഈ സംവിധാനത്തിലൂടെ വെബ്‌സൈറ്റുകളിലെ വാര്‍ത്തകളും ലേഖനങ്ങളും മൊബൈല്‍ ഫോണുകളിലെ ഫേസ്ബുക്ക് ആപ്പില്‍ വളരെ എളുപ്പത്തിൽ കാണാൻ സാധിക്കുമായിരുന്നു.
എന്നാൽ ഇന്‍സ്‌റ്റന്‍റ് ആര്‍ട്ടിക്കിള്‍ സംവിധാനം നിർത്തലാക്കുന്നതോടെ ഫേസ്‌ബുക്കില്‍ പങ്കുവെക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്‌താൽ അത് നേരെ അതാത് വെബ്‌സൈറ്റിലേക്ക് റീഡയറക്‌ട് ചെയ്യപ്പെടും. വാർത്ത വെബ്സൈറ്റുകളുടെ കണ്ടന്‍റുകൾ വേഗത്തിൽ ലോഡ് ചെയ്യാൻ ഏറെ സഹായകമായിരുന്നു ഈ സംവിധാനം. പബ്ലിഷർമാർക്ക് ഇതുവഴി പരസ്യവരുമാനവും ഫേസ്ബുക്ക് നൽകിയിരുന്നു.
മത്സരം ടിക് ടോക്കിനോടോ: ഒരുകാലത്ത് വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് വലിയ പ്രാധാന്യം ഫേസ്‌ബുക്ക് നൽകിയിരുന്നത്. പ്രത്യേകം ന്യൂസ് ടാബും പ്രത്യേകം പ്രാദേശിക വാര്‍ത്താ വിഭാഗവുമെല്ലാം ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ ടിക് ടോക്ക് പോലെ ചെറിയ വീഡിയോ ആപ്പുകൾ നടത്തുന്ന മുന്നേറ്റത്തിന് മുന്നിൽപിടിച്ച് നിൽക്കാനാണ് ഫേസ്‌ബുക്കിന്‍റെ ഇപ്പോഴത്തെ ശ്രമം.
ഈ മാസം ആദ്യം ന്യൂസ് ലെറ്റര്‍ ഉല്പന്നമായ 'ബുള്ളറ്റിന്‍' നിര്‍ത്തലാക്കുമെന്നും മെറ്റ പ്രഖ്യാപിച്ചിരുന്നു. യുഎസിലെ ക്രിയേറ്റര്‍മാര്‍ക്ക് വേണ്ടി 2021 ലാണ് ഇത് തുടക്കമിട്ടത്. നേരത്തെ ഗൂഗിളും ക്വിക്ക്-ലോഡിങ് ആർട്ടിക്കിൾ ഫോർമാറ്റ് രീതിയില്‍ മാറ്റം വരുത്തിയിരുന്നു. ഗൂഗിളിന്‍റെ ടോപ്പ് സ്‌റ്റോറി വിഭാഗത്തില്‍ പരിഗണന കിട്ടാന്‍ സ്‌റ്റോറികള്‍ എഎംപി ഫോര്‍മാറ്റില്‍ ആകേണ്ട ആവശ്യമില്ലെന്നും. പകരം സേർച്ച് ഫലങ്ങൾ റാങ്ക് ചെയ്യുന്നതിനായി 'പേജ് എക്‌സ്‌പീരിയന്‍സിന്' കൂടുതൽ പ്രധാന്യം നല്‍കുമെന്നും ഗുഗിൾ അറിയിച്ചിരുന്നു.