ചാമരാജനഗർ (കർണാടക) : യലന്തൂർ താലൂക്കിലെ ബിലിഗിരിരംഗനാഥ കടുവ സങ്കേതത്തിൽ പുതിയ ഇനം പല്ലിയെ കണ്ടെത്തി. അശോക ട്രസ്റ്റ് ഫോര്‍ റിസേര്‍ച്ച് ഇന്‍ എക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്‍റ് (Ashoka Trust for Research in Ecology and the Environment - ATREE) ഗവേഷകനായ ഡോ. എൻ എ അരവിന്ദും ഗവേഷക വിദ്യാർഥി സൂര്യനാരായണനും ചേർന്നാണ് പുതിയ ഇനത്തെ കണ്ടെത്തിയത്. 'കുള്ളൻ പല്ലി' (dwarf lizard) വിഭാഗത്തില്‍പ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പല്ലിക്ക് 'ഉമാശങ്കറിന്‍റെ കുള്ളൻ പല്ലി' (Umashankar's dwarf gecko) എന്നാണ് പേരിട്ടിരിക്കുന്നത്. റിട്ടയേർഡ് പ്രൊഫസർ ഡോ. ഉമാശങ്കറിന്‍റെ പേര് ചേര്‍ത്താണ് പുതിയ പല്ലി ഇനത്തിന്‍റെ പേര്. കണ്ടെത്തിയ പല്ലിക്ക് 2.57 സെന്‍റിമീറ്റർ നീളമുണ്ട്.
ആൺ പല്ലിയുടെ ശരീരം തവിട്ട് നിറത്തിലും വാല് കറുത്തതുമാണ്. എന്നാല്‍ പെണ്‍പല്ലിയുടെ ശരീരം മുഴുവന്‍ തവിട്ട് നിറമാണ്. പാറക്കെട്ടുകളില്‍ ജീവിക്കുന്ന ഇവ രാത്രിയിലാണ് കൂടുതലായി കാണപ്പെടുന്നത്. ഒന്നില്‍ കൂടുതല്‍ പല്ലികള്‍ ഒരേ സ്ഥലത്ത് മുട്ടയിടുന്നു എന്നതും പ്രത്യേകതയാണ്.
ചർച്ചയ്ക്കിടെ ശ്രദ്ധ പിടിച്ചുപറ്റിയത് പല്ലിയുടെ വലിപ്പം: അശോക ട്രസ്റ്റ് ഫോര്‍ റിസേര്‍ച്ച് ഇന്‍ എക്കോളജി ആന്‍റ് എന്‍വയോണ്‍മെന്‍റ് ഓഫിസിലെ ഒരു ചർച്ചയിൽ പല്ലിയുടെ കുള്ളന്‍ പ്രകൃതം ശ്രദ്ധ പിടിച്ചുപറ്റി. ശരീരഘടന പരിശോധിച്ചപ്പോൾ ഇത് പുതിയ ഇനം പല്ലിയാകാം എന്ന സംശയമാണ് കൂടുതല്‍ പഠനത്തിലേക്ക് ഡോ. അരവിന്ദിനെയും സൂര്യനാരായണനെയും നയിച്ചത്. വനംവകുപ്പിന്‍റെ അനുമതി ലഭിച്ചതോടെ ഇരുവരും ചേർന്ന് ഗവേഷണം ആരംഭിച്ചു.
ശരീരഘടന അടക്കം എല്ലാം പരിശോധിച്ചു. പഠനത്തില്‍ ഇത് പുതിയ ഇനം പല്ലിയാണെന്ന് കണ്ടെത്തി. അന്താരാഷ്‌ട്ര ജേണലായ വെർട്ടെബ്രേറ്റ് സുവോളജിയിൽ ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.