റോയൽ എൻഫീൽഡിന്‍റെ ജനപ്രിയ മോഡലുകളായ കോണ്ടിനെന്‍റൽ ജിടി 650, ഇന്‍റർസെപ്റ്റർ 650 എന്നിവയുടെ വില വർധിപ്പിച്ചു. ഇരു മോഡലുകൾക്കും 6,051 രൂപ മുതൽ 6,808 രൂപ വരെയാണ് (എക്‌സ്‌ഷോറൂം) കമ്പനി കൂട്ടിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലും റോയൽ എൻഫീൽഡ് ബൈക്കുകളുടെ വില വർധിപ്പിച്ചിരുന്നു.
Also Read:കൊവിഷീൽഡിന് അംഗീകാരം നൽകി ബെൽജിയം ; വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശനം
ഇരു വണ്ടികളുടെയും പാരലൽ-ട്വിൻ എഞ്ചിനുകളിൽ പുതിയ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. ബൈക്കിന്‍റെ മോഡലിനും കളറിനും അനുസരിച്ച് വർധിച്ച വിലയിൽ വ്യത്യാസം ഉണ്ടാകും.
ഇന്‍റർസെപ്റ്റർ 650- പുതുക്കി വില
കാന്യോൺ റെഡ്, വെൻചുറ ബ്ലൂ, ഓറഞ്ച് ക്രഷ് എന്നീ മോഡലുകൾക്ക് 2,81,518 രൂപയാണ് പുതുക്കിയ വില. ഡൗൺടൗണ്‍ ഡ്രാഗ്, സൺസെറ്റ് സ്ട്രിപ്പ്, ബേക്കർ എക്‌സ്പ്രസ് എന്നീ മോഡലുകൾക്ക് 2,89,806 രൂപയാണ് ഇപ്പോഴത്തെ വില. ഇന്‍റർസെപ്റ്റർ 650 മാർക്ക് 2 ക്രോം മോഡലിന്‍റെ വില 3,03,619 രൂപയാണ്.
കോണ്ടിനെന്‍റൽ ജിടി 650
റോക്കർ റെഡ്, ബ്രിട്ടീഷ് റേസിംഗ് ക്വീൻ എന്നീ മോഡലുകൾക്ക് 2,98,079 രൂപയും വെൻചുറ സ്റ്റോം, ഡക്‌സ് ഡീലക്സ് മോഡലുകൾക്ക് 3,06,368 രൂപ എന്നിങ്ങനെയാണ് വില വർധിച്ചത്. ജിടി 650ന്‍റെ മിസ്റ്റർ ക്ലീൻ മോഡലിന് 3,20,176 രൂപയാണ് പുതിയ വില.
കഴിഞ്ഞ മാർച്ചിലാണ് റോയൽ എൻഫീൽഡ് ഇന്‍റർസെപ്റ്റർ 650, കോണ്ടിനെന്‍റൽ ജിടി 650 എന്നിവയുടെ 2021 പതിപ്പ് പുറത്തിറക്കിയത്. പുതിയ കളർ ഓപ്ഷനുകൾക്ക് പുറമെ പേഴ്‌സണലൈസേഷനായുള്ള ആക്‌സസറികളും കമ്പനി അവതരിപ്പിച്ചിരുന്നു.
ഈ രണ്ട് മോഡലുകളെ കൂടാതെ റോയൽ എൻഫീൽഡ് ക്ലാസിക് 350ക്കും വില വർധിപ്പിച്ചിട്ടുണ്ട്. 7,361രൂപ മുതൽ 8,362 രൂപ വരെയാണ് ക്ലാസിക്കിന് വർധിച്ചത്. ഉയരുന്ന നിർമാണ ചെലവ് മൂലം ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളൊക്കെ വില വർധനവ് പ്രഖ്യാപിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും വില വർധനവുമാണ് നിർമാണ ചെലവ് ഉയർത്തുന്നതെന്നാണ് കമ്പനികൾ പറയുന്നത്.