ഹൈദരാബാദ്: കേരളത്തില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസില്‍ യാത്രക്കാരന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. തീപിടിത്തത്തെ തുടര്‍ന്ന് കാണാതായ അമ്മയേയും കുഞ്ഞിനെയും മണിക്കൂറുകള്‍ക്ക് ശേഷം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തീപിടിത്തമുണ്ടായതോടെ ഇവർ പരിഭ്രാന്തരായി ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണതാകാമെന്നാണ് പൊലീസ് നിഗമനം.
സംഭവത്തിന് പിന്നില്‍ ഭീകരാക്രമണമാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. നിരവധി തവണ വിവിധ തരത്തിലുള്ള ആക്രമണങ്ങളും അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു മേഖലയാണ് റെയില്‍വേ. വര്‍ഷങ്ങളായി ഇത്തരത്തിലുളള നിരവധി അപകടങ്ങളാണ് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
അത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്‌ത ഏതാനും സംഭവങ്ങളാണ് ചുവടെ കൊടുക്കുന്നത്:
2017 മാര്‍ച്ച് 7: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) മധ്യപ്രദേശിലെ ഭോപ്പാല്‍ ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്‌ഫോടനം നടത്തി. സംഭവത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഷാജാപൂര്‍ ജില്ലയിലെ ജബ്‌ദി സ്റ്റേഷനം സമീപമായിരുന്നു സംഭവം.
2017 ഫെബ്രുവരി 18: ഡൽഹി-അട്ടാരി സംഝോത എക്‌സ്‌പ്രസില്‍ ഭീകരാക്രമണമുണ്ടായി. ആക്രമണത്തില്‍ 67 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
2006 ജൂലൈ 11: മുംബൈ ട്രെയിനുകളില്‍ നടന്ന ഏഴ് ബോംബ് ആക്രമണങ്ങളില്‍ 200 യാത്രക്കാര്‍ കൊല്ലപ്പെട്ടു. നൂറ് കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ലഷ്‌കർ ഇ തൊയ്ബ (എൽഇടി), സ്റ്റുഡന്‍റ്സ് ഇസ്‌ലാമിക് മൂവ്‌മെന്‍റ് ഓഫ് ഇന്ത്യ (സിമി) എന്നീ സംഘടനകളാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് ആരോപണം.
2006 മാര്‍ച്ച് 7: വാരാണസിയിലെ കന്‍റോൺമെന്‍റ് റെയില്‍വേ സ്റ്റേഷനിലും ക്ഷേത്രത്തിലും നടന്ന ഇരട്ട സ്‌ഫോടനങ്ങളിൽ 20 പേർ കൊല്ലപ്പെട്ടു.
2005 മാര്‍ച്ച് 27: പശ്ചിമ ബംഗാളിലെ ആദ്ര ഡിവിഷന് കീഴിലുള്ള ഗൗരിനാഥ്‌ധാം സ്‌റ്റേഷനിലെ റാഞ്ചി-അസൻസോൾ ഹോളി സ്‌പെഷ്യൽ സ്‌റ്റേഷനിൽ മാവോയിസ്റ്റുകൾ നടത്തിയ ശക്തമായ സ്‌ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
2005 ജൂലൈ 28: ഡൽഹി-പട്‌ന എക്‌സ്പ്രസ് സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 52 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഉത്തർപ്രദേശിലെ വാരാണസിക്ക് സമീപം ജൗൻപൂർ, സുൽത്താൻപൂർ സ്റ്റേഷനുകൾക്കിടയിലാണ് സ്ഫോടനം ഉണ്ടായത്. സ്റ്റുഡന്‍റസ് ഇസ്‌ലാമിക് മൂവ്‌മെന്‍റെ ഓഫ് ഇന്ത്യയ്‌ക്ക് (സിമി) സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാണ് സംശയം.
2004 ഒക്‌ടോബർ 2: നാഗാലാന്‍ഡിലെ ദിമാപൂരിലെ റെയില്‍വേ സ്റ്റേഷനിലും മാര്‍ക്കറ്റിലും ഉണ്ടായ സ്‌ഫോടനങ്ങളില്‍ 35ലധികം പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 15 പേര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തിലാണ് മരിച്ചത്.
2004 ജനുവരി 2: ജമ്മുവിലെ റെയിൽവേ സ്റ്റേഷനിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരർ നടത്തിയ സ്‌ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു.
2003 മാര്‍ച്ച് 13: മുംബൈയിലെ മുളുന്ദിലെ പാസഞ്ചർ ട്രെയിനിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
2000 ഓഗസ്റ്റ് 14: ഉത്തര്‍പ്രദേശിലെ റൗസാബാദിന് സമീപം മുസാഫർപൂർ-അഹമ്മദാബാദ് സബർമതി എക്‌സ്പ്രസിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പതിലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
1999 ജൂണ്‍ 22: പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്‌ഗുരി (എൻജെപി) റെയിൽവേ സ്റ്റേഷനിലുണ്ടായ ബോംബ് ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
1997 ജൂലൈ 8: പഞ്ചാബിലെ ഭട്ടിൻഡയിലെ ലെഹ്‌റ ഖന്ന റെയിൽവേ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തിൽ 33 പേർ കൊല്ലപ്പെട്ടു.
1996 ഡിസംബര്‍ 30: അസമിലെ കൊക്രജാറിനും ഫക്കീരാഗ്രാമിനും ഇടയിൽ ബ്രഹ്മപുത്ര മെയിലിലുണ്ടായ സ്‌ഫോടനത്തിൽ 30-ലധികം പേർ കൊല്ലപ്പെട്ടു.