വാഷിങ്‌ടണ്‍: എന്ത്കൊണ്ട് ആളുകള്‍ക്ക് ( പ്രത്യേകിച്ച് പ്രായമായവര്‍ക്ക്) ഏകാന്തത അനുഭവപ്പെടുന്നു? ഏകാന്തത ഇല്ലാതാക്കാന്‍ എന്താണ് ചെയ്യാന്‍ സാധിക്കുക? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക പ്രയാസമേറിയ കാര്യം തന്നെയാണ്. വ്യക്തിബന്ധങ്ങളില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് ലഭിക്കാതെ വരുമ്പോഴാണ് ഏകാന്തത പ്രധാനമായും അനുഭവപ്പെടുക എന്നാണ് പെര്‍സ്‌പെക്‌റ്റീവ്‌സ് ഓണ്‍ സൈക്കോളജിക്കല്‍ സയന്‍സ് എന്ന ശാസ്‌ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
ലണ്ടന്‍ കിങ്‌സ് കോളജിലെ ഗവേഷക സമിയ അക്‌തര്‍ ഖാന്‍റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഒരു വ്യക്തി പ്രതീക്ഷിക്കുന്ന സാമൂഹിക ബന്ധവും യഥാര്‍ഥ്യവും തമ്മിലുള്ള അന്തരത്തില്‍ നിന്നാണ് ആ വ്യക്തിക്ക് ഏകാന്തത ഉടലെടുക്കുന്നതെന്ന് അക്‌തര്‍ ഖാന്‍ പറയുന്നു. സാമൂഹിക - സാംസ്‌കാരിക പശ്‌ചാത്തലം, പ്രായം എന്നിവ സാമൂഹ്യബന്ധങ്ങളില്‍ നിന്ന് ഒരു വ്യക്തി എന്ത് പ്രതീക്ഷിക്കുന്നു എന്നത് നിശ്ചിയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു എന്ന് പഠനത്തില്‍ വ്യക്തമായി.
സാമൂഹ്യ ബന്ധങ്ങളില്‍ നിന്ന് ചില അടിസ്ഥാന കാര്യങ്ങള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ട്. നമുക്ക് സഹായം ചോദിക്കാന്‍ കഴിയുന്ന വ്യക്തികള്‍, ആവശ്യം കണ്ടറിഞ്ഞ് സഹായത്തിന് വരുന്നവർ, തമാശകളും അനുഭവങ്ങളും പങ്ക്‌വെക്കാന്‍ കഴിയുന്ന, വിശ്വസിച്ച് കൂടെ പോകാനും സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്ന സുഹൃത്തുക്കൾ എന്നിവർ ജീവിതത്തില്‍ ഉണ്ടാവണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ പ്രായമായവര്‍ വ്യക്തിബന്ധങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ചെറുപ്പക്കാരെ അപേക്ഷിച്ച് വ്യത്യസ്‌തമായിരിക്കും.
30 വയസില്‍ നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല 70 വയസില്‍ നമ്മള്‍ ആഗ്രഹിക്കുന്നത്. അത് ശരിയായി മനസിലാക്കാതെ ആളുകള്‍ പ്രായമായവരോട് പെരുമാറുന്നത് അവരില്‍ വലിയ ഏകാന്തതയാണ് ഉണ്ടാക്കുന്നതെന്ന് പഠനത്തില്‍ നിന്ന് വ്യക്തമാകുന്നു.
ആള്‍ക്കൂട്ടത്തിന് നടുവിലും ഏകാന്തത: ഏകാന്തതയുടെ കാരണങ്ങള്‍ പൊതുവെ കരുതുന്നതിനേക്കാള്‍ സങ്കീര്‍ണമാണെന്ന് അക്‌തര്‍ ഖാന് മനസിലായത് 2018-2019 കാലയളവില്‍ മ്യാന്‍മറില്‍ വാര്‍ധക്യ സംബന്ധമായുള്ള പഠനം നടത്തുമ്പോഴായിരുന്നു. മാനുഷിക ബന്ധങ്ങളാല്‍ ഇഴപിരിഞ്ഞ് കിടക്കുന്ന സമൂഹത്തില്‍ ജീവിക്കുന്ന ആളുകള്‍ക്ക് സാധരണഗതിയില്‍ ഏകാന്തത അനുഭവിക്കില്ലെന്നായിരുന്നു അക്‌തര്‍ ഖാന്‍ കരുതിയിരുന്നത്. ഒ
രുപാട് ആളുകള്‍ക്ക് ചുറ്റും വലിയ കുടുംബങ്ങളില്‍ താമസിക്കുന്ന വ്യക്തികള്‍ എന്തിന് ഏകാന്തത അനുഭവിക്കണം എന്ന ചിന്തയായിരുന്നു അതുവരെ. ഇത്തരം നിഗമനങ്ങള്‍ പാടെ അട്ടിമറിക്കപ്പെടുന്നതായിരുന്നു ഗവേഷണത്തിലെ കണ്ടെത്തല്‍. ആള്‍ക്കൂട്ടത്തിന് നടുവിലും ഒരുവ്യക്തിക്ക് ഏകാന്തത അനുഭവപ്പെടാം എന്ന് ഗവേഷണത്തില്‍ കണ്ടെത്തി.
പ്രായമായവരിലെ ഏകാന്തത: പ്രായമായവര്‍ വ്യക്തിബന്ധങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന രണ്ട് പ്രധാന കാര്യങ്ങള്‍ ബഹുമാനവും അവര്‍ പറയുന്നത് മറ്റുള്ളവര്‍ കേള്‍ക്കണം എന്നതുമാണെന്ന് ഗവേഷകര്‍ പറയുന്നു. അവരുടെ അനുഭവങ്ങള്‍ പുതിയ തലമുറയോട് പറയാന്‍ അവര്‍ താല്‍പ്പര്യപ്പെടുന്നു. ആ അനുഭവങ്ങളില്‍ നിന്ന് ചെറുപ്പക്കാര്‍ പാഠം ഉള്‍ക്കൊള്ളണമെന്നും അവര്‍ ആഗ്രഹിക്കുന്നു. താന്‍ കടന്ന് പോയ പ്രതിബന്ധങ്ങളെ തന്‍റെ കുടുംബത്തിലെ ഇളം തലമുറ മാനിക്കണമെന്നും പ്രായമായ ഒരു വ്യക്തി ആഗ്രഹിക്കുന്നു.
തങ്ങളുടെ അറിവും നൈപുണ്യങ്ങളും യുവതലമുറയ്‌ക്കായി പകര്‍ന്ന് കൊടുക്കാന്‍ പ്രായമായവര്‍ ആഗ്രഹിക്കുന്നു. പ്രായമായവരിലെ ഈ പ്രതീക്ഷകള്‍ സഫലീകരിക്കാനുള്ള വഴികള്‍ കണ്ടെത്തിയാല്‍ അവരിലെ ഏകാന്തത അകറ്റാമെന്ന് പഠനം പറയുന്നു. പ്രായമായവരിലെ ഏകാന്തത സംബന്ധിച്ച് കൂടുതല്‍ പഠനം നടന്നിട്ടില്ല എന്നതാണ് നിര്‍ഭാഗ്യകരമായ വസ്‌തുത.
വീട്ടമ്മമാർ അവരുടെ കുടുംബത്തിന് നല്‍കുന്ന സേവനങ്ങൾ എന്നത് പോലെ തന്നെ പ്രായമായവരുടേയും സേവനങ്ങള്‍ സാമ്പത്തിക സൂചകങ്ങളില്‍ ഉള്‍പ്പെടാറില്ല. ലോകാരോഗ്യ സംഘടന 2016ല്‍ 57 രാജ്യങ്ങളില്‍ നടത്തിയ സര്‍വെ പ്രകാരം 60 ശതമാനം ആളുകളും പറഞ്ഞത് പ്രായമായവര്‍ വേണ്ടത്ര ബഹുമാനിക്കപ്പെടുന്നില്ല എന്നാണ്.
ഏകാന്തത ഒരു പൊതുജനാരോഗ്യ പ്രശ്‌നം: കൊവിഡ് മഹാമാരിക്ക് മുമ്പ് തന്നെ ഏകാന്തത ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി ചൂണ്ടികാണിക്കപ്പെട്ടതാണ്. ഇത് കൈകാര്യം ചെയ്യാനായി 2018ല്‍ ഒരു മന്ത്രിയെ ചുമതലപ്പെടുത്തുന്ന ആദ്യ രാജ്യമായി ബ്രിട്ടണ്‍ മാറി. 2021ല്‍ ജപ്പാന്‍ ബ്രിട്ടന്‍റെ പാത പിന്തുടര്‍ന്നു.
ഏകാന്തത നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. ദീര്‍ഘകാലത്തെ ഏകാന്തത അല്‍ഷിമേഴ്‌സ്, പക്ഷാഘാതം, ഹൃദ്രോഗം, തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു. പുകവലിയേക്കാളും പൊണ്ണത്തടിയേക്കാളും അപകടകരമാണ് ഏകാന്തത എന്നാണ് ചില ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഏകാന്തതയിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് അറിഞ്ഞ് കഴിഞ്ഞാല്‍ മാത്രമെ നമുക്ക് അതിനെ കൃത്യമായി പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ.