മക്ക (സൗദി അറേബ്യ) : തൽബിയത്ത് ധ്വനികളോടെ ശുഭ്രവസ്ത്രധാരികളായ വിശ്വാസികളെ വരവേറ്റ് ഹജ്ജ് കർമത്തിനായി മക്ക നഗരി ഒരുങ്ങിക്കഴിഞ്ഞു. ഇസ്‌ലാം മതവിശ്വാസികളെ സംബന്ധിച്ച് അവരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധന കർമം. ഹജ്ജ് എന്ന വാക്കിനർഥം 'കരുതുക' എന്നാണ്. ഇസ്‌ലാമിലെ അവസാന പ്രവാചകനായി മുഹമ്മദ് നബിയെ നിയോഗിക്കപ്പെട്ട് 22 വർഷങ്ങൾ പൂർത്തിയായ സമയം. അതായത് ഹിജ്‌റ വർഷം ഒമ്പതിനാണ് ഹജ്ജ് ഇസ്‌ലാമിലെ നിർബന്ധകർമ്മമായി കൽപന ഇറങ്ങുന്നത്.
ഇസ്‌ലാമിന്‍റെ അഞ്ച് സ്‌തംഭങ്ങളിൽ ഒന്നാണ് ഹജ്ജ്. സമ്പത്തും ആരോഗ്യവുമുള്ള ഓരോ ഇസ്‌ലാം മതവിശ്വാസിക്കും ജീവിതത്തിൽ ഒരു തവണയെങ്കിലും ഹജ്ജ് നിർബന്ധമാണ്. ഹിജ്‌റ കലണ്ടറിൽ ദുൽ ഹിജ്ജ മാസത്തിലെ എട്ടു മുതൽ 13 വരെയുള്ള ദിവസങ്ങളിലാണ് ഹജ്ജ് കർമങ്ങൾ. തീർഥാടകരെ സംബന്ധിച്ചിടത്തോളം, പാപങ്ങളെ തുടച്ചുനീക്കുകയും അവരെ ദൈവത്തോട് അടുപ്പിക്കുകയും മുസ്‌ലിം ഐക്യത്തെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന അഗാധമായ ആത്മീയ അനുഭവമാണിത്. കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ തീര്‍ഥാടനവുമായി വീണ്ടും തുടക്കമായിരിക്കുന്ന ഹജജ് കര്‍മ്മത്തിനു ഇത്തവണ ലോകമെമ്പാടുമുള്ള 20 ലക്ഷത്തിലധികം ഇസ്‌ലാം മത വിശ്വാസികൾ മക്കയിൽ ഒത്തുചേരും.
ഹജ്ജ് തീർഥാടനത്തിന്‍റെ ചരിത്രം: ഇബ്രാഹിം നബിയുടെ വിശ്വാസവും ദൈവത്തിനു മുന്നിലെ സമര്‍പ്പണവും പരീക്ഷിച്ച ബലിദിനത്തിന്‍റെ മഹത്വമാണ് ഹജ്ജ് കര്‍മ്മത്തിലൂടെ ഇസ്‌ലാം മതവിശ്വാസികൾ അനുസ്‌മരിക്കുന്നത്. ഇബ്രാഹീം നബി അല്ലാഹുവിനായി സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ തയ്യാറവുന്നതാണ് ഈ കര്‍മത്തിന്‍റെ പൂർവ്വകഥ.
ഏറെ നാള്‍ മക്കളില്ലാതെ വിഷമിച്ച ഇബ്രാഹീം നബിക്ക് വാര്‍ധക്യ സമയത്താണ് രണ്ടാം ഭാര്യ ഹാജിറയിൽ ഒരു ആണ്‍കുഞ്ഞ് പിറന്നത്. സ്വപ്‌നത്തിലൂടെ അല്ലാഹു ഇബ്രാഹിമിനോട് തന്‍റെ പ്രിയ പുത്രന്‍ ഇസ്‌മായിലിനെ ബലിയറുക്കണമെന്ന് ആവശ്യപ്പെട്ടു. ദൈവ വിശ്വാസത്തിലധിഷ്‌ടിതമായ ജീവിതം നയിച്ചിരുന്ന ഇബ്രാഹീം തന്‍റെ നാഥന്‍റെ കല്‍പന സ്വീകരിക്കുകയും തന്‍റെ മകനെ ബലിയര്‍പ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്‌തു.
രാവിലെ മകനെ അണിയിച്ചൊരുക്കി വീട്ടില്‍ നിന്നകലെയുള്ള ആളൊഴിഞ്ഞ മരുഭൂമിയില്‍ തീര്‍ത്ത ബലിക്കല്ലിനടുത്തെത്തി. മകന്‍റെ കൈകാലുകൾ ബന്ധിച്ച ശേഷം കഴുത്തില്‍ കത്തി വയ്‌ക്കുമ്പോഴേക്കും ജിബ്‌രീലെന്ന മാലാഖ പ്രത്യക്ഷപ്പെടുകയും ഇസ്‌മായിലിന് പകരം മൃഗത്തെ ബലിയര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. ദൈവ പ്രീതിയ്‌ക്കായി പ്രിയ പുത്രനെ ബലി നൽകാൻ തയ്യാറായ ഇബ്രാഹീമിന് ജിബ്‌രീല്‍ ആടിനെ നല്‍കി. ഇതിന്‍റെ സ്‌മരണയ്‌ക്കായാണ് എല്ലാ വര്‍ഷവും ദുൽ ഹിജ്ജ മാസം പത്തിന് ബലിപെരുന്നാളായി ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികള്‍ ആഘോഷിക്കുന്നത്.
ഹജജിനായുള്ള ഒരുക്കം എങ്ങനെ: ശാരീരികമായും സാമ്പത്തികമായും കഴിവുള്ള എല്ലാ മുസ്‌ലിമിനും ഹജ്ജ് നിർബന്ധമായ കർമമാണ്. ജീവിതകാലം മുഴുവനുള്ള സമ്പാദ്യവുമായാണ് വിശ്വാസികൾ പുണ്യകർമത്തിനായി ഒരുങ്ങുന്നത്. ക്വാട്ട അടിസ്ഥാനമാക്കിയാണ് സൗദി അധികാരികൾ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾക്ക് അനുമതി നൽകുന്നത്. ഇഹ്‌റാമിൽ പ്രവേശിക്കുന്നതോടെ ലളിത ജീവിതത്തിലേക്ക് കടക്കുന്ന വിശ്വാസികൾ വെള്ള വസ്‌ത്രങ്ങളിലേക്ക് മാറുന്നു. ഇഹ്‌റാമിൽ ഇരിക്കുമ്പോൾ തീർഥാടകർ മുടി മുറിക്കുന്നതും നഖം മുറിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും നിഷിദ്ധമാണ്.
എന്താണ് ഹജ്ജ്..? 'ഇഹ്‌റാം' എന്നറിയപ്പെടുന്ന ആത്മീയ പരിശുദ്ധിയുടെ അവസ്ഥയിൽ പ്രവേശി പുണ്യ ഹജ്ജ് കർമത്തിനായി മക്കയിലെത്തുന്ന തീർഥാടകൻ ആദ്യ നിർവഹിക്കുന്നത് ഉംറ കർമമാണ്. പ്രാർഥനയോടെ കഅബയെ പ്രദക്ഷിണം ചെയ്യലാണിത്. തൽബിയത്ത് മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടാണ് വിശ്വാസികൾ മക്കയിലെത്തുന്നത്.
ആദ്യ ഉംറ കർമത്തിന് ശേഷം ഹജ്ജ് ദിവസമെത്തുന്നത് വരെ ഹാജിമാർ മക്കയിലെ അവരുടെ താമസസ്ഥലങ്ങളിൽ തങ്ങും. മിന, അറഫ, മുസ്‌തലിഫ, ജംറ എന്നിവിടങ്ങളിലാണ് കർമങ്ങൾ നടക്കുക. ഇതിനായി ഹാജിമാരെല്ലാം ദുൽ ഹിജ്ജ എട്ട് വൈകുന്നേരത്തോടെ മിനായിലേക്ക് നീങ്ങും. മക്കയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് മിന താഴ്‌വര. അറഫ ദിനത്തെ വരവേൽക്കുന്നതിനായി ആരാധന കർമങ്ങളുമായി ഹാജിമാർ മിനയിൽ പ്രത്യകം സജ്ജമാക്കിയ ടെന്‍റുകളിൽ പുലർച്ചവരെ ചെലവഴിക്കും.
ദുൽ ഹിജ്ജ ഒമ്പതിനാണ് പുണ്യ ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ ദിനം. ഇതിനായി വിശ്വാസികൾ പുലർച്ചയോടെ അറഫയിലേക്ക് പോകും. അറഫയാണ് ഹജ്ജിലെ പ്രധാന കർമം. ഉച്ചയോടെ തുടക്കമാകുന്ന അറഫ പ്രഭാഷണത്തിന് മുന്നോടിയായി ഇവിടെയത്തണം. അന്ന് സൂര്യാസ്‌തമയം വരെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മനുഷ്യർ ഒരേ വസ്‌ത്രത്തിൽ ഒരേ മാനസികാവസ്ഥയിൽ അല്ലാഹുവിനോട് പ്രാർഥിക്കും.
സൂര്യാസ്‌തമയത്തോടെ ഹാജിമാർ മുസ്‌തലിഫയിലേക്ക് പോകും. അവിടെ അൽപനേരം വിശ്രമിച്ച ശേഷം ദുൽ ഹിജ്ജ പത്തിന് പുലർച്ചയോടെ തീർഥാടകർ മിനായിലേക്ക് തിരിക്കും. ബലിപെരുന്നാൾ ദിനമായ അന്ന് ഹാജിമാർ ആദ്യം ജംറകളിൽ ചെന്ന് കല്ലേറ് കർമം പൂർത്തിയാക്കും. പിന്നാലെ ബലികർമം നടത്തും.
കല്ലേറു കർമത്തിന് ശേഷം വിശ്വാസികൾ ഹജ്ജിന്‍റെ ത്വവാഫ് (കഅബ പ്രദിക്ഷണം) ആണ് പൂർത്തിയാക്കുക. ഇതിനൊപ്പം സഫ-മർവ പ്രയാണവും തീർക്കും. ഇതിനുശേഷം മുടി മുറിക്കുന്നതോടെ ഹാജിമാരുടെ പ്രധാനകർമങ്ങൾ പൂർത്തിയാകും. പിന്നീട് മിനായിലേക്ക് തന്നെ തിരികയെത്തുന്നവർക്ക് മൂന്ന് ദിവസത്തെ കല്ലേറുകർമങ്ങൾ മാത്രമാണ് ബാക്കിയാകുക. ഇതുപൂർത്തിയാക്കുന്നതോടെ ഹജ്ജിന് പരിസമാപ്‌തിയാകുന്നു.