കേരളത്തില്‍ ഇപ്പോഴത്തെ ട്രെന്‍റ് ആര്‍എസ്എസ് - ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയാണ്. ചരിത്രത്തില്‍ ഇന്നോളം സന്ധി സംഭാഷണങ്ങളും സൗഹൃദ ചര്‍ച്ചകളും പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ട്. പിന്നെ എന്തുക്കൊണ്ട് ഈ ചര്‍ച്ച വിമര്‍ശിക്കപ്പെടുന്നു. എന്താണ് ഇപ്പോഴത്തെ ചര്‍ച്ചാവിവാദത്തിന്‍റെ രാഷ്ട്രീയം. ആരോപിക്കപ്പെടുന്ന ഇരു സംഘടനകളുടെയും ചര്‍ച്ചയുടെ ലക്ഷ്യമെന്ത്? ചര്‍ച്ചയെ വിമര്‍ശിക്കുന്ന രാഷ്ട്രീയ - മതസംഘടനകളുടെ ഭയത്തിന്‍റെയും അസ്വസ്ഥതയുടെയും പിന്നിലെന്ത്?
ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും:- ആര്‍എസ്‌എസ് വിഭാവനം ചെയ്യുന്നത് ബഹുദൈവ വിശ്വാസവും ജമാഅത്തെ ഇസ്‌ലാമി രൂപപ്പെടുത്തിയെടുത്തത് ഏകദൈവ വിശ്വാസത്തിലുമാണ്. എന്നാല്‍ ഇരുസംഘടനകളുടെയും അടിസ്ഥാന ലക്ഷ്യത്തെ വിമര്‍ശിച്ചാണ് ഇരുസംഘടനകള്‍ക്കും വര്‍ഗീയ നിറം ചാര്‍ത്തുന്നത്. ഹൈന്ദവരാഷ്ട്ര സ്ഥാപനമാണ് ആര്‍എസ്എസിന്‍റെ ലക്ഷ്യമെങ്കില്‍ ജമാഅത്തെ ഇസ്‌ലാമിയുടേത് ഏകദൈവരാഷ്ട്ര സ്ഥാപനമാണ്(ഇഖാമത്തുദ്ദീൻ). ഇരുലക്ഷ്യവും നേടിയെടുക്കാൻ രണ്ട് സംഘടനകളും സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ വ്യത്യസ്തമാണ്.
ഇരു സംഘടനകളും രാജ്യത്ത് ഇന്നേവരെ പ്രവര്‍ത്തിക്കുന്ന രീതി പഠിക്കുകയാണെങ്കില്‍ അത് വ്യക്തമാവും. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിച്ചാല്‍, രാജ്യത്ത് ഇന്നേവരെ നടന്ന ഏതൊക്കെ വര്‍ഗീയ കലാപങ്ങളിലും വിദ്വേഷ സംഘട്ടനങ്ങളിലും ഇരുസംഘടനകളും പങ്കെടുത്തിട്ടുണ്ടെന്നുള്ളത് പഠന വിധേയമാക്കിയാല്‍ മതി. രാജ്യത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള വര്‍ഗീയ കലാപ കേസുകളിലും കൊലപാതകങ്ങളിലും ഇരു സംഘനടകളിലെയും എത്രപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് ഉണ്ടെന്നും എത്രപേര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചാല്‍ രണ്ട് സംഘടനകളുടെയും 'ലക്ഷ്യവും മാര്‍ഗവും' എളുപ്പത്തില്‍ മനസിലാവും.
ഡല്‍ഹിയിലെ ചര്‍ച്ച:- 2023 ജനുവരി 14, ഡൽഹി മുൻ ലഫ്. ഗവർണർ നജീബ് ജങ്ങിന്‍റെ വസതിയിലാണ് ആര്‍എസ്എസും രാജ്യത്തെ 14 മുസ്‌ലിം സംഘടനകളുടെ പ്രതിനിധികളുടെയും ചര്‍ച്ച നടന്നത്. ഇന്ദ്രേഷ്കുമാർ, റാംലാൽ, കൃഷ്ണഗോപാൽ തുടങ്ങിയവരാണ് അന്ന് ആര്‍എസ്എസിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. 2022 ഓഗസ്റ്റിൽ ആർഎസ്എസ് തലവൻ മോഹൻ ഭഗവതുമായി മുൻ ചീഫ് ഇലക്ഷൻ കമ്മിഷണർ എസ്.വൈ ഖുറൈശി, നജീബ് ജങ്, ശാഹിദ് സിദ്ദീഖി, സഈദ് ശർവാനി എന്നിവര്‍ നടത്തിയ സംഭാഷണത്തിന്‍റെ തുടർച്ചയായിട്ടാണ് ഈ സംഭാഷണം. ആര്‍എസ്എസിനോടൊപ്പം രാജ്യത്തെ പ്രമുഖ മുസ്‌ലിം സംഘടനകളാണ് മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പങ്കെടുത്തത്.
മാധ്യമപ്രവര്‍ത്തകൻ ശാഹിദ് സിദ്ദീഖിയുടെ ഡല്‍ഹിയിലെ വസതിയില്‍ 2023 ജനുവരി 13ന് മുസ്‌ലിം സംഘടന പ്രതിനിധികള്‍ ഒത്തുകൂടുകയും അടുത്ത ദിവസത്തെ ചര്‍ച്ചയില്‍ എന്തൊക്കെ സംസാരിക്കണമെന്ന് ധാരണയിലെത്തുകയും ചെയ്തു. അഹമദ് ഫാറൂഖി (ജംഇയ്യതുൽ ഉലമായെ ഹിന്ദ്–മഹമൂദ് മഅ്‌ദനി), മൗലാന ഫദ്‌ലുർ റഹ്‌മാൻ (ജംഇയ്യതുൽ ഉലമായെ ഹിന്ദ്–അർശദ് മഅ്‌ദനി), മലിക് മുഅ്തസിം ഖാൻ (ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്), പ്രഫ.ഫർഖാൻ ഖമർ, പ്രഫ. റൈഹാൻ അഹ്മദ് ഖാസ്മി, സൽമാൽ ചിശ്തി, അബ്ദുസ്സുബ്ഹാൻ തുടങ്ങിയവരായിരുന്നു അവര്‍. മുകളില്‍ പറഞ്ഞ എല്ലാ സംഘനടകളും ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്.
ചര്‍ച്ചയുടെ വിവരം പുറത്താവുന്നത്:- ആര്‍എസ്എസ് - മുസ്‌ലിം സംഘടന ചര്‍ച്ച നടന്നത് രഹസ്യമായിട്ടല്ല. പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ മുൻകൂട്ടി അറിയിച്ച് സാധാരണ നടക്കുന്ന സംഘടന ചര്‍ച്ചകള്‍ പോലെ. മേല്‍പറഞ്ഞ ഏതെങ്കിലും ഒരു സംഘടനയുമായി ആര്‍എസ്എസ് ഒറ്റയ്ക്ക് ചര്‍ച്ച നടത്തിയിട്ടും ഇല്ല. അങ്ങനെ ചര്‍ച്ചയില്‍ പങ്കെടുത്ത ഏതെങ്കിലും കക്ഷികള്‍ ആരോപിച്ചിട്ടും ഇല്ല. മാത്രവുമല്ല, ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന വിഷയങ്ങളെ കുറിച്ച് ഇരുകക്ഷികളും ദേശീയമാധ്യമങ്ങള്‍ക്ക് അഭിമുഖവും നല്‍കി. എന്നിട്ടും ചര്‍ച്ചയെ ഏകധ്രുവമാക്കാനും അതിനെ വിവാദമാക്കാനും കേരളത്തില്‍ നടക്കുന്ന ശ്രമത്തിന്‍റെ പിന്നിലെന്താണ്?
ഫെബ്രുവരി 14ന് ഒരു ഇംഗ്ലിഷ് ദിനപത്രത്തിന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ജനറല്‍ സെക്രട്ടറി ടി ആരിഫലി നല്‍കിയ അഭിമുഖത്തോടെയാണ് വിഷയം കേരളത്തില്‍ ചര്‍ച്ചയാവുന്നത്. ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തില്‍ ദീര്‍ഘകാലം അമീര്‍ ആയിരുന്നു ടി ആരിഫലി. അതുക്കൊണ്ടുതന്നെ ആര്‍എസ്എസ് ചര്‍ച്ചയിലെ വിശദാംശങ്ങളെ കേരളം ഏറ്റുപിടിച്ചു. ഫെബ്രുവരി 15ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറും ചർച്ചയെ കുറിച്ച് വിശദീകരിച്ചതോടെ സംഭവം ഏറെ വിവാദമായി. ഇതോടെ ഇരുസംഘടനകളും 'രഹസ്യ ചര്‍ച്ച' നടത്തി എന്ന നിലയില്‍ കേരളത്തില്‍ അത് ചര്‍ച്ചയായി.
ചര്‍ച്ചയിലെ വിഷയങ്ങള്‍:- ഏതൊക്കെ വിഷയങ്ങളിലാണ് ഇരു മതവിഭാഗങ്ങളും ചര്‍ച്ച ചെയ്തത് എന്നതിനെ കുറിച്ച് വിശദമായി പുറംലോകം അറിഞ്ഞിട്ടില്ല. ആര്‍എസ്എസിന്‍റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നേതാക്കള്‍ പുറത്തുപറഞ്ഞ വിവരങ്ങള്‍ മാത്രമെ ലഭ്യമുള്ളൂ. ബീഫ് വിവാദം - പശുവിനെ ഗോമാതാവായി കാണല്‍, ആള്‍ക്കൂട്ട കൊലപാതകം, വംശഹത്യ, മുസ്‌ലിങ്ങളെ വ്യാപകമായി അറസ്റ്റ് ചെയ്യല്‍, ബുള്‍ഡോസര്‍ രാഷ്ട്രീയം, മധുര - കാശി മസ്ജിദുകളിലെ അവകാശവാദം, ലൗ ജിഹാദ്, കാഫിര്‍ ആരോപണം, മോഹൻ ഭഗവതിന്‍റെ വിവാദ പ്രസ്താവന തുടങ്ങിയവയാണ് രണ്ട് വിഭാഗവും മൂന്ന് മണിക്കൂറിലേറെയായി ചര്‍ച്ച ചെയ്തതെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇരുനേതാക്കളും വ്യക്തമാക്കി. ഈ ചര്‍ച്ചയുടെ ഭാഗമായി ഉന്നതതല നേതാക്കളുടെ ചര്‍ച്ച വരാനിരിക്കുന്നുണ്ടെന്നും ഇത് തുടരുമെന്നും ഇന്ദ്രേഷ് കുമാറും ടി ആരിഫലിയും പറയുന്നു.
ചര്‍ച്ചയുടെ രാഷ്ട്രീയം:- രാജ്യത്ത് 2024ല്‍ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാംവട്ടവും അധികാരത്തിലെത്താൻ എല്ലാതന്ത്രവും പയറ്റുകയാണ് ആര്‍എസ്എസ്. ഇനി വെറുപ്പിന്‍റെ രാഷ്ട്രീയം പയറ്റിയാല്‍ ഒരുപക്ഷേ കൈവിട്ടു പോകുമെന്നും ന്യൂനപക്ഷങ്ങളെ കൂടി കൈയിലെടുക്കണമെന്നും ആര്‍എസ്എസ് നേതൃത്വം മനസിലാക്കുന്നു. അതിനായുള്ള തന്ത്രം മെനയുകയാണവര്‍. അതിന്‍റെ ഭാഗമായാണ് ഇന്നലെവരെയും ശത്രുക്കളായ കണ്ടവരെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നു മുഖാമുഖം ഇരുന്ന് ചര്‍ച്ച ചെയ്യാൻ ആര്‍എസ്എസിന്‍റെ ആചാര്യന്മാര്‍ തയ്യാറാവുന്നത്. ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായും സൂഫിനേതാക്കളുമായും വരും മാസങ്ങളില്‍ ചര്‍ച്ചയുണ്ടാവുമെന്നാണ് ആര്‍എസ്എസ് നേതൃത്വം തന്നെ നല്‍കുന്ന സൂചന.
അതേസമയം ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള മുസ്‌ലിം സംഘടനകള്‍ ചര്‍ച്ചയെ സമീപിക്കുന്നത് ആര്‍എസ്എസ് ഏത് ലക്ഷ്യം മുന്നില്‍ വച്ചാലും തങ്ങള്‍ക്ക് പറയാനുള്ളത് പറയാനും അവരുടേത് കേള്‍ക്കാനും സൗഹൃദ വേദിയില്‍ വച്ച് അത് പങ്കുവയ്ക്കാനും കിട്ടുന്ന അവസരമായിട്ടാണ്.
ചര്‍ച്ച കൊണ്ട് എന്തുനേട്ടം:- മുസ്‌ലിം സംഘടനകളുമായി ആര്‍എസ്എസ് ചര്‍ച്ച നടത്തിയിട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും നേട്ടമുണ്ടോ എന്നത് കാത്തിരുന്ന കാണേണ്ട കാര്യമാണ്. ഇരുവിഭാഗത്തിനും 'നന്നായി അറിയാവുന്നത്' കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും പരസ്പരം വൈരികളായി കാലങ്ങളോളം കഴിഞ്ഞിരുന്നവര്‍ ഇരുമേശയ്ക്ക് ചുറ്റും ഇരുന്ന് പ്രശ്നങ്ങള്‍ സംസാരിക്കുമ്പോള്‍ അത് പ്രതീക്ഷയുടെ കിരണം തന്നെയാണ്.
ആര്‍എസ്എസ് ചര്‍ച്ചയെ കാണുന്നത് വോട്ടുബാങ്കായിട്ടാണെങ്കില്‍ അത് അങ്ങനെ തന്നെയാണ് എന്ന് മനസിലാക്കിക്കൊണ്ടും അതിന് വഴങ്ങാൻ ഒരുക്കമല്ലെന്നും തങ്ങള്‍ക്ക് പറയാനുള്ളത് അവരുടെ മുഖത്തുനോക്കി പറയാനുള്ള അവസരമാണിതെന്നും ബോധ്യപ്പെട്ടുക്കൊണ്ടാണ് മുസ്‌ലിം സംഘടന പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് എത്തിയത്. ശാഹിദ് സിദ്ദീഖിയുടെ വസതിയില്‍ ജനുവരി 13ന് അവര്‍ സംഘടിച്ചത് തന്നെ അത്തരം ബോധ്യപ്പെടുത്തലുകള്‍ പരസ്പരം ഉറപ്പുവരുത്താനും അടുത്ത ദിവസത്തെ ചര്‍ച്ചയില്‍ ഏകാഭിപ്രായം രൂപീകരിക്കാനുമായിട്ടായിരുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി നേതാക്കളുടെ പ്രസ്താവനയില്‍ നിന്നും വായിച്ചെടുക്കാം.
വിവാദത്തില്‍ എന്തുണ്ട് നേട്ടം:- അതാണ് ചോദ്യം. ഈ ചര്‍ച്ചയെ വിവാദമാക്കിയാല്‍ സിപിഎമ്മിന് എന്താണിത്ര നേട്ടം. ആര്‍എസ്‌എസും - മുസ്‌ലിം സംഘടനകളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ ആര്‍എസ്എസ് - ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയാക്കി മാറ്റിയാല്‍ കിട്ടുന്ന നേട്ടമെന്ത്? കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയില്‍ ബഹുഭൂരിപക്ഷവും നിലപാടുകളുടെ പേരില്‍ തള്ളിപ്പറയുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. പൊതുമുസ്‌ലിങ്ങളുടെ ഇടയില്‍ ആയാലും രാഷ്ട്രീയ മുസ്‌ലിങ്ങളുടെ ഇടയില്‍ ആയാലും വളരെ ന്യൂനപക്ഷമാണവര്‍.
ആ സാഹചര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ ചേരിതിരിഞ്ഞ് ആക്രമിച്ചാല്‍ അതിനെ വിമര്‍ശിക്കാനും ഒപ്പം നില്‍ക്കാനും ആളെ കിട്ടുമെന്നതിനാലാണ് സിപിഎം ചര്‍ച്ചയെ ഏകധ്രുവമാക്കാൻ ശ്രമിച്ചത്. ഫെബ്രുവരി 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യത്തോടെയാണ് വിഷയം വിവാദമാവുന്നത്. എന്താണ് ആര്‍എസ്എസ് - ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയുടെ പൊരുള്‍? എന്തിന് ജമാഅത്തെ ഇസ്‌ലാമി ആര്‍എസ്‌സുമായി ചര്‍ച്ച നടത്തി? ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേര്‍ അവകാശം ആര് ജമാഅത്തെ ഇസ്‌ലാമിക്ക് നല്‍കി? തുടങ്ങി നിരവധി ചോദ്യങ്ങളാണ് മുഖ്യമന്ത്രിയും തുടര്‍ന്ന് സിപിഎം നേതാക്കളും തൊടുത്തുവിട്ടത്.
രണ്ടാംപിണറായി സര്‍ക്കാരിനെതിരെ സംസ്ഥാനത്ത് ഒട്ടാകെ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് ചര്‍ച്ചാവിവാദമെന്നത് യാദൃശ്ചികമല്ല. ഇത്തരം വിവാദം ഉയര്‍ത്തിക്കൊണ്ടു വന്നാല്‍ ചര്‍ച്ചകള്‍ ആ വഴിക്ക് പോകുമെന്നും സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളും ചാനല്‍ ചര്‍ച്ചകളും ഒരുപരിധി വരെ വഴിതിരിച്ചുവിടാമെന്നും അവര്‍ കരുതി. ആ കുരുക്കില്‍ യുഡിഎഫ് മാറിനിന്ന് കളികാണുകയായിരുന്നു ആദ്യ ദിവസങ്ങളില്‍. ആരും വിവാദത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ആദ്യം പ്രതികരിച്ചത് ഇതര മുസ്‌ലിംസംഘടനകള്‍ മാത്രം.
മുസ്‌ലിം സംഘടനകളിലെ എതിര്‍പ്പ്:- കേരള നദ്‌വത്തുല്‍ മുജാഹിദ്ദീനും സമസ്ത കേരള ജംയ്യത്തുല്‍ ഉലമയും കടുത്ത വിമര്‍ശനം ഉയര്‍ത്തി. മുജാഹിദ് പരിപാടിയില്‍ ബിജെപി നേതാക്കളെ ക്ഷണിച്ചതിനെ വിമര്‍ശിച്ചവര്‍ ഇപ്പോഴെന്തിന് ആര്‍എസ്‌എസുമായി ചര്‍ച്ച നടത്തിയെന്നാണ് സെക്രട്ടറി അബ്ദുൽ മജീദ് സ്വലാഹി ജമാഅത്തെ ഇസ്‌ലാമിയെ ഉന്നംവച്ച് ചോദിച്ചത്. നിരോധനഭയത്താലാണ് ആര്‍എസ്‌എസുമായി ജമാഅത്ത് ചര്‍ച്ചയ്ക്ക് തയ്യാറാവാൻ കാരണമെന്ന് സമസ്ത നേതാവ് ഉമ്മർ ഫൈസി മുക്കം ആരോപിച്ചു. ജമാഅത്തെ ഇസ്‌ലാമി പിരിച്ചു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമാഅത്തിന്‍റെ കാപട്യമാണ് ചര്‍ച്ചയിലൂടെ പുറത്തുവന്നതെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരും വിമര്‍ശനം ഉന്നയിച്ചു.
യുഎഡിഎഫും ബിജെപിയും:- സിപിഎം വച്ച കെണിയില്‍ വീഴാതെ നോക്കാൻ കെപിസിസി പ്രത്യേകം ശ്രദ്ധിച്ചു. വിവാദത്തില്‍ യുഡിഎഫിന്‍റെ ഭാഗത്തു നിന്നുള്ള ആദ്യപ്രതികരണം മുസ്‌ലിം ലീഗില്‍ നിന്നായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയോട് മുന്നേ പിണക്കമുള്ള ലീഗ് കിട്ടിയ അവസരം വിനിയോഗിച്ചെങ്കിലും കടുത്ത വിമര്‍ശനം ഒഴിവാക്കി. ആർഎസ്എസുമായി ചർച്ച നടത്തേണ്ട ഒരു സാഹചര്യമല്ലെന്നായിരുന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ആർഎസ്എസ് സന്ധി സംഭാഷണം അങ്ങേയറ്റം അപകടകരമാണെന്നാണ് എം.കെ മുനീറും പ്രതികരിച്ചു.
ഫെബ്രുവരി 21നാണ് മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ രംഗത്ത് എത്തിയത്. വിവാദം ഏറെ കൊഴുത്തതിന് ശേഷം. സിപിഎം - ജമാഅത്ത് ബന്ധം എടുത്തുപറഞ്ഞ അദ്ദേഹം 42 വര്‍ഷം സിപിഎമ്മിന് ജമാഅത്ത് വർഗീയ കക്ഷിയായിരുന്നില്ലെന്നും യുഡിഎഫുമായി 2019ല്‍ കൂട്ടുകൂടിയപ്പോഴാണ് അവര്‍ വര്‍ഗീയ കക്ഷിയായി മാറിയതെന്നും സതീശൻ പരിഹസിച്ചു. മതനിരപേക്ഷ ശക്തികളുടെ പോരാട്ടത്തെ ഇത്തരം ചര്‍ച്ചകള്‍ ദുർബലപ്പെടുത്തന്നതാണെന്നായിരുന്നു കെ മുരളീധരൻ എംപിയും പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി നിലപാട് മാറ്റിയോ? ജമഅത്തെ ഇസ്‌ലാമി ആര്‍എസ്‌എസിനോടുള്ള നിലപാടുകള്‍ മാറ്റിവച്ചു, നിരോധനം ഭയന്ന് ചര്‍ച്ചയ്ക്ക് പോയി എന്നൊക്കെയാണ് വിമര്‍ശനം. ഇതിന് ജമാഅത്തെ ഇസ്‌ലാമി നേതാക്കളായ ടി ആരിഫലിയും പി മുജീബ് റഹ്‌മാനും മറുപടി നല്‍കുന്നുണ്ട്.
കോഴിക്കോട്ടെ മുജാഹിദ് സമ്മേളനവേദിയില്‍ ബിജെപിയുടെ പാര്‍ലമെന്‍ററി നേതാക്കളെ ക്ഷണിച്ചതിനെ ജമാഅത്ത് വിമര്‍ശിച്ചത് എടുത്തുപറഞ്ഞാണ് കിട്ടിയ അവസരം മുജാഹിദ് പ്രസ്ഥാനം വിനിയോഗിച്ചത്. ഫാസിസ്റ്റ് വിരുദ്ധ നിലപാടുകളില്‍ തങ്ങള്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്നും ആര്‍എസ്എസിന്‍റെ പ്രവര്‍ത്തനങ്ങളോടു ആശയങ്ങളോടും എന്നും വിയോജിച്ച് തന്നെയാണ് നില്‍ക്കുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. വിയോജിപ്പുകൾക്കൊപ്പം സംവാദങ്ങളും ചർച്ചകളും നടക്കണമെന്നാണ് ജമാഅത്തിന്‍റെ നിലപാടെന്നും തെറ്റിദ്ധാരണ പരത്തുന്ന നിലയിലുള്ള പ്രചരണം ദുരുദ്ദേശപരമാണെന്നും ടി ആരിഫലി പറയുന്നു.
തൊലിപോയ ഉള്ളിപോലെ ഒരു വിവാദം:- നെല്ലും പതിരും വേര്‍തിരിയുമ്പോഴും വിവാദം തൊടുത്തുവിട്ടവര്‍ അത് വിടാതെ പിന്തുടരുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തുന്ന ജനകീയ പ്രതിരോധ ജാഥയിലെ ഉദ്ഘാടനത്തിലും പിന്നീടുള്ള ദിവസങ്ങളിലും പ്രധാന വിഷയം ജമാഅത്തെ ഇസ്‌ലാമി പ്രതിരോധമായിരുന്നു. വരും ദിവസങ്ങളിലും അതുതന്നെയായിരിക്കാനാണ് സാധ്യത. എന്നാല്‍ അതിനു ചെവി കൊടുക്കേണ്ട എന്ന നിലപാടു തന്നെയാണ് യുഎഡിഎഫിന്‍റെ ഭാഗത്തുനിന്നുണ്ടാവുന്നത്. ചര്‍ച്ചാവിവാദം ഉയര്‍ത്തിക്കൊണ്ടുവന്നതിന് പിന്നിലെന്താണെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തി കൊടുക്കാനും ആ കെണിയില്‍ വീഴാൻ തങ്ങളെ കിട്ടില്ലെന്നുമുള്ള തിരിച്ചറിവിലാണ് കോണ്‍ഗ്രസ്.
കിട്ടിയ അവസരം മുതലാക്കി 2017ലെ ആര്‍എസ്എസ് - സിപിഎം രഹസ്യചര്‍ച്ച ഒരിക്കല്‍ കൂടി എടുത്തിട്ട് സിപിഎമ്മിനെ പ്രതികൂട്ടിലാക്കാനുമാണ് കോണ്‍ഗ്രസ് നീക്കം. ആത്മീയാചര്യൻ ശ്രീഎമ്മുമായി സിപിഎം നടത്തിയ ചര്‍ച്ച ഈ ഘട്ടത്തില്‍ ആദ്യം ഉന്നയിച്ചത്, പ്രതിരോധത്തിന്‍റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമിയാണെങ്കിലും ഏറ്റെടുത്തത് കോണ്‍ഗ്രസാണ്. സിപിഎം ആവട്ടെ ഇതുവരെ അതിനെ കുറിച്ച് പ്രതികരിക്കാതെ വീണ്ടും ജമാഅത്ത് -കോണ്‍ഗ്രസ് - വെല്‍ഫെയര്‍ പാര്‍ട്ടി - മുസ്‌ലിം ലീഗ് വിമര്‍ശനം തുടരുകയാണ്.
മുസ്‌ലിം ലീഗിനും ഇതര മുസ്‌ലിം സംഘടനകള്‍ക്കും ജമാഅത്തെ ഇസ്‌ലാമി എന്നും പാരമ്പര്യവൈരികളാണ്. ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും അവര്‍ പാഴാക്കുകയും ഇല്ല. ആരാണ് ദേശീയ മുസ്‌ലിം എന്ന ചോദ്യവും അവര്‍ ഉയര്‍ത്തുന്നു. മുസ്‌ലിങ്ങളുടെ ദേശീയ വിഷയങ്ങള്‍ മാത്രമല്ല, അന്തര്‍ദേശീയ വിഷയങ്ങള്‍ വരെയും ചര്‍ച്ച ചെയ്യാൻ തങ്ങളുണ്ടെന്നാണ് എസ്‌വൈഎസ് ജനറൽ സെക്രട്ടറി എ.പി അബ്ദുൽ ഹക്കീം അസ്ഹരി പറയുന്നത്. വിദേശ ഭരണാധികാരികൾ മുസ്‍ലിംകളുടെ പ്രതിനിധിയായി ഗ്രാൻഡ് മുഫ്തിയെയാണ് വിളിക്കാറുള്ളതെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ചുരുക്കത്തില്‍ ചര്‍ച്ചാവിവാദം കൊണ്ട് യഥാര്‍ത്തില്‍ നേടിയത് ജമാഅത്തെ ഇസ്‌ലാമിയാണ്. ഏറെ പണിപ്പെടാതെ വാര്‍ത്താപ്രാധാന്യം കൈവന്നതിന്‍റെ നേട്ടത്തിലാണവര്‍. ഇതു തിരിച്ചറിയാതെ ചര്‍ച്ചാവിവാദത്തില്‍ അധികം പറഞ്ഞ് മാധ്യമശ്രദ്ധ നേടാൻ ഇതര മുസ്‌ലിം സംഘടനകള്‍ ശ്രമിക്കുന്നതിലൂടെ കൂടുതല്‍ 'മീഡിയമൈലേജ്' നേടുകയാണ് ജമാഅത്തെ ഇസ്‌ലാമി.