ന്യൂയോർക്ക്: സോഷ്യൽ മീഡിയകളിൽ ഏറെ ജനപ്രീതി നേടിയ സംവിധാനമാണ് സ്റ്റോറികൾ അഥവാ സ്റ്റേറ്റസുകൾ. ലക്ഷക്കണക്കിന് ആളുകളുടെ വിഹാര കേന്ദ്രമായ ട്വിറ്ററിലും ഈ സവിശേഷത ഇനിമുതൽ ലഭ്യമാകും. 24 മണിക്കൂർ മാത്രം ആയുസുള്ള ഇത്തരം പോസ്റ്റുകൾ തയ്യാറാക്കുന്നതിന് ട്വിറ്ററിൽ 'ഫ്ലീറ്റ്സ്' എന്ന സംവിധാനമാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. വാട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചർ, ഇൻസ്റ്റഗ്രാം, സ്‌നാപ്‌ചാറ്റ് എന്നിവയിലൂടെ അനവധി ഉപയോക്താക്കളാണ് ക്ഷണിക പോസ്റ്റുകൾ തയ്യാറാക്കുന്നത്. അതിനാൽ ട്വിറ്റർ ഉപയോക്താക്കൾക്കിടയിലും ഫ്ലീറ്റ്‌സ് പ്രിയങ്കരമാകുമെന്നതിൽ സംശയമില്ല.
വാട്‌സാപ്പിൽ സ്റ്റേറ്റസിനും ഇൻസ്റ്റഗ്രാമിലെ സ്റ്റോറിക്കും സമാനമായ ഫീച്ചറുകൾ തന്നെയാണ് ഫ്ലീറ്റുകൾക്കും ഉണ്ടാകുക. ഫ്ലീറ്റുകൾ പോസ്റ്റ് ചെയ്‌താൽ ലഭിക്കുന്ന പ്രതികരണങ്ങൾ കമ്മന്‍റുകളുടേത് പോലെ എല്ലാവര്‍ക്കും കാണുന്ന തരത്തില്‍ ആയിരിക്കില്ല. പകരം മെസേജുകൾ ലഭ്യമാകുന്നിടത്തായിരിക്കും ഇത് ലഭിക്കുക. ചർച്ചയ്ക്ക് പകരം സ്വകാര്യ സംഭാഷണങ്ങൾക്ക് ഇത് സഹായിക്കുന്നു. ഫ്ലീറ്റുകൾ റീട്വീറ്റ് ചെയ്യാനും സാധ്യമല്ല. ഈ സവിശേഷത ആഗോളതലത്തിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ബ്രസീൽ, ഇറ്റലി, ദക്ഷിണ കൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ ഫ്ലീറ്റ്സ് സംവിധാനം ട്വിറ്റർ പരീക്ഷിച്ചു കഴിഞ്ഞു.