വാഷിങ്‌ടണ്‍: റിപ്ലെ ഡൗണ്‍വോട്ട് ഫീച്ചര്‍ (Reply downvote) വിപുലീകരിച്ച് 'ട്വിറ്റര്‍'. ലൈക്ക് ബട്ടന് തൊട്ടടുത്ത് 'ഡൗണ്‍ ആരോ' (down arrow) ചിഹ്നത്തിലായിരിക്കും റിപ്ലെ ഡൗണ്‍വോട്ട് ബട്ടന്‍ ഉണ്ടാവുക. പുതിയ സംവിധാനത്തിലൂടെ ഒരു ട്വീറ്റിന് വരുന്ന മറുപടികളെ നമ്മള്‍ക്ക് ഡൗണ്‍വോട്ട് ചെയ്യാനാകും.
ഡൗണ്‍വോട്ട് എന്നത് ഡിസ്‌ലൈക്ക് ഫീച്ചറിന് പകരമല്ല. കൂടാതെ പോസ്റ്റുകള്‍ക്കുള്ള മറുപടികളെ ഇത് ഒരു തരത്തിലും ബാധിക്കില്ല. നമ്മള്‍ ഡൗണ്‍വോട്ട് ചെയ്യുന്നത് പബ്ലിക്കായി പ്രത്യക്ഷപ്പെടില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്.
കൂടുതല്‍ സ്വീകാര്യമായ കണ്ടന്‍റുകളെ കണ്ടെത്താന്‍ ഡൗണ്‍വോട്ട് സംവിധാനം സഹായകരമാകുമെന്നതാണ് ട്വിറ്ററിന്‍റെ വിലയിരുത്തല്‍. ഏതെങ്കിലുമൊരു കമന്‍റിന് ഭൂരിഭാഗം വരുന്ന ഉപഭോക്താക്കളും ഡൗണ്‍വോട്ട് ചെയ്‌തിട്ടുണ്ടെങ്കില്‍ ട്വിറ്റര്‍ ആ കമന്‍റിനെ കുറ്റകരമായോ അപ്രസക്തമായോ കണക്കാക്കുന്നതാണ്.
Also Read: ചാന്ദ്രയാൻ - 3 ന്‍റെ വിക്ഷേപണം ഓഗസ്റ്റിൽ ; ഈ വര്‍ഷം 19 ദൗത്യങ്ങള്‍
കൂടാതെ സ്വീകാര്യമല്ലാത്ത കണ്ടന്‍റുകളെ ചൂണ്ടിക്കാട്ടാനും ഡൗണ്‍വോട്ട് സംവിധാനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പരീക്ഷണ ഉപയോഗത്തില്‍ ഡൗണ്‍വോട്ട് ട്വിറ്ററിലെ സംഭാഷണങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തിയതായും ജിഎസ്എം അരീനയുടെ പ്രസ്‌താവനയില്‍ പറയുന്നു. റിപ്ലേ ഡൗണ്‍വോട്ട് ഫീച്ചര്‍ ഉടന്‍ തന്നെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തുമെന്നും ജിഎസ്‌എം അറിയിച്ചു.