ഹൈദരാബാദ്: മൊബൈൽ ഫോൺ ഉപയോഗിച്ച് തൊണ്ടയിലെ കാൻസർ കണ്ടുപിടിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാനൊരുങ്ങി ഐഐഐടി ഹൈദരാബാദ്. വേഴ്‌സിറ്റി, ഗ്രേസ് കാൻസർ, ബയോകോൺ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് ഐഐഐടി ഹൈദരാബാദ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്. രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്ന സംവിധാനം ആരോഗ്യമേഖലയിൽ വലിയരീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
പദ്ധതിയുടെ ഭാഗമായി ഐ ഹബ് ഡാറ്റാ സെന്‍റർ പ്രൊഡക്‌ട് ലാബിന്‍റെ സഹായത്തോടെ ഐഐഐടി ഹൈദരാബാദ് ഐഐഐടിഎച്ച്- എച്ച്സിപി എന്ന ആപ്പ് വികസിപ്പിച്ചിരുന്നു. ഈ ആപ്പ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ തൊണ്ടയിലെ കാൻസർ നിർണയ ചിത്രങ്ങൾ വിശകലനം ചെയ്‌ത് രോഗിക്ക് കാൻസർ ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കും. ആപ്പിനായി ഐഐഐടി ഹൈദരാബാദ് ഗ്രേസ് ഫൗണ്ടേഷൻ വഴി സാമ്പിളുകളുടെയും എക്‌സ്-റേകളുടെയും ശേഖരണം വിശകലനം ചെയ്യുകയും ചെയ്‌തു.
ഗ്രേസ് കാൻസർ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ തൊണ്ട, സ്‌തനം, സെർവിക്‌സ് കാൻസർ പരിശോധനകൾ നടത്തുന്നതിന് ഗ്രാമങ്ങളിൽ സ്‌ക്രീനിങ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ഓങ്കോളജിസ്റ്റുകൾക്ക് നേരിടുന്ന ക്ഷാമം മറികടക്കാൻ ഗ്രേസ് കാൻസർ ഫൗണ്ടേഷൻ ഐഐഐടി ഐ ഹബ് ഡാറ്റാ സെന്‍ററുമായി കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. 2020 നവംബർ മുതലാണ് സാങ്കേതിക വിദ്യയ്ക്കായുള്ള പദ്ധതികൾ ആരംഭിച്ചത്.
ആപ്പ് മികച്ച ഫലം നൽകുന്നുണ്ടെന്നും കൂടുതൽ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണെന്നും പദ്ധതിയിൽ പ്രവർത്തിക്കുന്ന ഡോ.വിനോദ് പി.കെ പറഞ്ഞു. വികസിപ്പിച്ച ആപ്പിൽ രോഗിയുടെ തൊണ്ടയുടെ ചിത്രങ്ങൾ, ജീവിതരീതി, കുടുംബ പശ്ചാത്തലം, ആരോഗ്യപരമായ കാര്യങ്ങൾ, രക്തപരിശോധന ഫലങ്ങൾ എന്നിവ ഉൾപ്പെടുത്തും. തൊണ്ടയിലെ കാൻസറിനപ്പുറം മറ്റ് കാൻസറുകൾ കണ്ടുപിടിക്കാനുള്ള സാങ്കേതിക വിദ്യയും വികസിപ്പിക്കുമെന്ന് ഐ ബഹ് ഡാറ്റാ സെന്‍റർ ഹെൽത്ത് കെയർ മേധാവി ബാപിരാജു പറഞ്ഞു.
Also Read:അഫ്‌ഗാനിലെ 90% ആരോഗ്യ കേന്ദ്രങ്ങളും 2022ഓടെ അടച്ചുപൂട്ടുമെന്ന് റിപ്പോർട്ട്