പാലക്കാട്: വാളായാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹമരണത്തില്‍ മൂന്നാം പ്രതി പ്രദീപ് കുമാറിനെ പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. സംഭവത്തില്‍ മൊത്തം അഞ്ച് കേസുകളാണ് ഉള്ളത്. അതില്‍ രണ്ട് കേസുകളില്‍ പ്രതിയായ പ്രദീപ് കുമാറിനെ വിചാരണ മുഴവന്‍ കഴിഞ്ഞതിന് ശേഷം തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്. മറ്റ് മൂന്ന് കേസുകള്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി വെച്ചിരിക്കുകയാണ്.
2017 ജനുവരിയിലും മാര്‍ച്ചിലുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്ത്രണ്ടും എട്ടും വയസ്സായ സഹോദരിമാരെ 52 ദിവസത്തെ ഇടവേളയിൽ വാളയാർ അട്ടപ്പള്ളത്തെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും ലൈംഗീക ചൂഷണത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ആദ്യ മരണം നടന്നപ്പോള്‍ കേസ് എടുക്കാന്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്ന് വാളയാര്‍ എസ് ഐയെ സ്ഥലം മാറ്റി. മൂന്ന് മാസത്തിനുള്ളില്‍ സഹോദരി കൂടി സമാനമായ സാഹചര്യത്തില്‍ മരിച്ചപ്പോള്‍ കടുത്ത പ്രതിഷധം ഉണ്ടായതിനെ തുടർന്ന് നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പിയായിരുന്ന സോജന് കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു.
രാഷ്ട്രീയ സമ്മര്‍ദ്ദം നേരത്തെ തന്നെ കേസിനെ വിവാദമാക്കിയിരുന്നു. വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ് കുമാറിന് വേണ്ടി ഇപ്പോഴത്തെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാണ് ആദ്യ ഘട്ടത്തില്‍ ഹാജരായത്. പ്രതിക്ക് വേണ്ടി ഹാജരായിരുന്നയാള് പിന്നീട് ചൈല്‍ഡ് ഫെയര്‍ കമ്മറ്റി ചെയര്‍മാനായതും വിവാദമായിരുന്നു.
കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം അഞ്ചുപേർ പിടിയിലായിരുന്നു. ഒന്നാം പ്രതിയും കുട്ടികളുടെ ബന്ധുവുമായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി വലിയ മധു, രണ്ടാം പ്രതി ഇടുക്കി രാജക്കാട് വലിയ മുല്ലക്കാനം നാലുതെയ്ക്കൽ വീട്ടിൽ ഷിബു എന്നിവർ ഇപ്പോഴും റിമാന്റിലാണ്. നാലാം പ്രതി കുട്ടി മധു ജാമ്യത്തിലിറങ്ങി. പ്രായപൂർത്തിയാകാത്ത അഞ്ചാം പ്രതിയുടെ കേസ് ജുവനൈൽ കോടതിയുടെ പരിഗണനയിലാണ്.