ഗുഡ്ഗാവ്: ഹരിയാനയിലെ ഗുണ്ടാതലവൻ രാജ് കുമാർ അഥവാ രാജു ബിസാദിയെ തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. ഹരിയാനയിലെ സ്പെഷല്‍ ടാസ്ക് ഫോഴ്സിന്‍റെ പ്രവര്‍ത്തന ഫലമായി യു.എ.ഇയില്‍ നിന്നും മറ്റൊരു ഗുണ്ടാ സംഘം നേതാവ് കൗഷലിനെയും നാടുകടത്തി. ജജ്ജർ ജില്ലയിൽ പൊലീസ് കസ്റ്റഡിയിലുള്ള രണ്ട് തടവുകാരെ കൊലപ്പെടുത്തിയതിന് ശേഷം 2017 മുതൽ രാജു ബിസൗഡി തായ്‌ലൻഡിൽ ഒളിവിൽ കഴിയുകയായിരുന്നു.
രാജസ്ഥാനിലെ ലോറൻസ് ബിഷ്നോയ് സംഘത്തിലെ ഏറ്റവും അപകടകാരിയായ ഗുണ്ടയാണ് ഇയാൾ. രണ്ടാഴ്ച്ച മുന്‍പ് ബാങ്കോക്ക് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് എസ്.ടി.എഫിന് ഇയാളെ കണ്ടെത്താനായത്. ശനിയാഴ്ച പുലർച്ചെ നാലിന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്‍റർപോൾ അധികൃതർ അദ്ദേഹത്തെ ഹരിയാന എസ്.ടി.എഫിന് കൈമാറി. ദില്ലി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ 29 കൊലപാതകങ്ങൾ, നിരവധി കവർച്ചകൾ, തട്ടിക്കൊണ്ടുപോകൽ, കൊള്ളയടിക്കൽ കേസുകളിൽ ഉൾപ്പെട്ടയാളാണ് ബിസാദി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. വ്യാപാരികളെ ഭയപ്പെടുത്തി പണം തട്ടുന്നതാണ് ഇവരുടെ രീതി.