മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരെ തട്ടിക്കൊണ്ടുപോയി പണവും ആഭരണവും കവര്‍ന്ന കേസില്‍ സൂത്രധാരനടക്കം നാലുപേര്‍ പിടിയില്‍. കേസിലെ സൂത്രധാരൻ കാരാപറമ്പ് തടമ്പാട്ടുതാഴം പുഞ്ചിരി ഹൗസിൽ ഹൈനേഷ്, കോഴിക്കോട് സ്വദേശികളായ അത്തോളി കോളത്ത് വീട്ടിൽ നിജിൽ രാജ്, വെസ്റ്റ്ഹിൽ അത്താണിക്കൽ സുദർശ്, ബേപ്പൂർ സൗത്ത് ബിസി റോഡ് രചന വീട്ടിൽ ഹരിശങ്കർ എന്നിവരാണ് പിടിയിലായത്.
കൊണ്ടോട്ടി ഇൻസ്പെക്ടർ എൻ.ബി ഷൈജുവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും ഡ്യൂക്ക് ബൈക്കും പിടികൂടി. യാത്രക്കാരെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ക്രൂയിസര്‍ വാഹനം ഓടിച്ച ഡ്രൈവർ പരപ്പനങ്ങാടി റഷീദിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. മറ്റേതെങ്കിലും കേസുകളില്‍ ഇവര്‍ പ്രതികളാണോ എന്നത് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഫെബ്രുവരി 14ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. എയര്‍ ഇന്ത്യാ വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ ഉദുമ സ്വദേശികള്‍ ഓട്ടോയില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകവെ പ്രതികളില്‍ ചിലര്‍ ബൈക്കിലെത്തി ഓട്ടോ തടഞ്ഞശേഷം മറ്റുള്ള പ്രതികള്‍ ക്രൂയിസര്‍ വാഹനത്തില്‍ എത്തി മുളക് പൊടി സ്പ്രേ കണ്ണിലടിച്ച് തട്ടിക്കാണ്ട് പോവുകയുമായിരുന്നു.
തട്ടി കൊണ്ടുപോകൽ, കവർച്ച, പ്രകൃതിവിരുദ്ധ പീഡനം എന്നീ വകുപ്പുകളിലാണ് കേസ്. സ്വര്‍ണം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചിട്ടുണ്ടോ എന്ന പരിശോധനക്കിടെയാണ് പീഡനം നടന്നത്. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായാണ് പ്രതികളെ പിടികൂടിയത്. മലപ്പുറം എസ്പി യു.അബ്ദുള്‍ കരീമിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്‍റെ നിര്‍ദേശപ്രകാരം കൊണ്ടോട്ടി പൊലീസും പ്രത്യേക അന്വേഷണ സംഘവും പ്രതികളെ പിടികൂടിയത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.