കൊല്ലം: ഒന്നരക്കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിലാണ് കെഎസ്ആര്‍ടിസി ബസിലെത്തിയ തമിഴ്‌നാട് സ്വദേശിയില്‍ നിന്നും കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട് തേനി സ്വദേശി മസാനം എന്നയാളാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.
പുതുവത്സരം പ്രമാണിച്ച് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ കടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്. എക്സൈസ് വകുപ്പ് സ്പെഷ്യല്‍ ഡ്രൈവ് എന്ന പേരില്‍ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ പരിശോധനകള്‍ കര്‍ശനമാക്കി. ഇതിന്‍റെ ഭാഗമായാണ് തമിഴ്‌നാട്ടില്‍ നിന്നും കോട്ടയത്തേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് പരിശോധിച്ചത്. അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് മസാനത്തെ കൂടുതല്‍ പരിശോധനക്ക് വിധേയനാക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.
തുണിയില്‍ തയ്യാറാക്കിയ പ്രത്യേക സഞ്ചി നിര്‍മിച്ച് ശരീരത്തില്‍ കെട്ടി അതില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. തിരുവല്ലയിലേക്കാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചതെന്ന് മസാനം മൊഴി നൽകി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. മധുസൂദനന്‍ പിള്ള പറഞ്ഞു. കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍ എന്നാണ് എക്സൈസ് സംഘത്തിന്‍റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.