കണ്ണൂര്‍: തളിപ്പറമ്പിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് വിദേശ മദ്യവിൽപ്പന നടത്തുന്ന രണ്ടംഗ സംഘത്തെ 84 മദ്യക്കുപ്പികളുമായി എക്സൈസ് അറസ്റ്റ് ചെയ്തു. കൂവേരി മഠം തട്ടിലെ പുതുപുരക്കൽ വീട്ടിൽ പി.എം.സിജി (44), തിരുങ്കുളത്തെ അമ്പാട്ട് കുഴിയിൽ എ.ടി.സുനിൽ (38) എന്നിവരാണ് അറസ്റ്റിലായത്. മദ്യവിൽപ്പനക്ക് ഉപയോഗിച്ച സുനിലിന്‍റെ ഓട്ടോറിക്ഷയും എക്സൈസ് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടർന്ന് എടക്കോത്ത് വച്ചാണ് അറസ്റ്റ്. വര്‍ഷങ്ങളായി ഇവര്‍ മദ്യവില്‍പ്പന നടത്തുന്നതായി എക്സൈസ് പറഞ്ഞു.
ജനുവരി അഞ്ച് വരെ നീണ്ടു നിൽക്കുന്ന ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്‍റ് ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.പി.മധുസൂതനൻ, പി.വി ബാലകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.വി നികേഷ്, പി.കെ.രാജീവ്, എം.സുരേഷ്, ഡ്രൈവർ സി.വി അനിൽകുമാർ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. തളിപ്പറമ്പ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.