മലപ്പുറം: വിനിമയം നിരോധിച്ച 1,75,85,500 രൂപയുടെ ഇന്ത്യൻ കറൻസിയുമായി പെരിന്തൽമണ്ണക്കടുത്ത് കുളത്തൂരിൽ വെച്ച് ആറംഗ സംഘത്തെ പെരിന്തൽമണ്ണ എ.എസ്.പിയും സംഘവും അറസ്റ്റ് ചെയ്‌തു. നിരോധിച്ച 100, 500 എന്നിവയുടെ കറൻസിയുമായി കുളത്തൂർ ടൗണിലെ ഫർണിച്ചർ കടയിൽവെച്ചാണ് ഇവര്‍ അറസ്റ്റിലായത്. കോഴിക്കോട്-മലപ്പുറം എന്നീ ജില്ലകളിൽ വിവിധ ഭാഗങ്ങങ്ങളിലായി നിരോധിത നോട്ടുകളുടെ വില്‍പന നടത്തി വരുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്‌തത്. എ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വടകര വെല്യാപ്പള്ളി സ്വദേശി കൂനിക്കൽ അഷ്റഫ്, വെല്യാപ്പള്ളി സ്വദേശി കിഴക്കെപ്പന സുബൈർ, വളാഞ്ചേരി പുറമണ്ണൂർ സ്വദേശി ഇരുമ്പാലയിൽ സിയാദ്, കുളത്തൂർ പള്ളിയാൽ കുളമ്പ് പൂവളപ്പിൽ മുഹമ്മദ് ഇർഷാദ്, കുളത്തൂർ മുച്ചി തടത്തിൽ സാലിഫാമിസ്, ചെർപ്പുളശ്ശേരി ഇടയാതിൽ മുഹമ്മദ് അഷ്റഫ് എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്‌തത്.