സിംബാബ്‌വെ : ഹെലികോപ്‌റ്ററുകളില്‍ ആയിരക്കണക്കിന് മാനുകളെ കൂട്ടമായി മാറ്റുന്നു. ആനകളെ ക്രെയിനില്‍ പൊക്കിയെടുക്കുന്നു. വനപാലകര്‍ മറ്റ് മൃഗങ്ങളെ ലോഹനിര്‍മിതമായ കൂടുകളിലേയ്‌ക്ക് കയറ്റുന്നു. സിംബാബ്‌വെയില്‍ മൃഗങ്ങളെ 700 കിലോ മീറ്റര്‍ ദൂരത്തുള്ള പ്രത്യേക വാസസ്ഥലത്തേക്ക് മാറ്റുന്നതിന്‍റെ തിരക്കിലാണ് വനപാലകര്‍. കൊടും വരള്‍ച്ചയാണ് ഇത്തരമൊരു ദുരിതസാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.
400 ആനകൾ, 2,000 മാനുകള്‍, 70 ജിറാഫുകള്‍, 50 എരുമകള്‍, 50 കാട്ടുപോത്തുകള്‍, 50 സീബ്രകള്‍, 50എലാന്‍ഡുകള്‍, 10 സിംഹങ്ങള്‍, 10 കാട്ടുനായ്‌ക്കള്‍, എന്നിവയുള്‍പ്പടെ 2,500 ലധികം മൃഗങ്ങളെ സിംബാബ്‌വെയിലെ സേവ് വാലി കൺസർവെൻസിയിലെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
പ്രൊജക്‌ട് റിവൈല്‍ഡ് സാംബേസി : മൃഗങ്ങളെ മറ്റൊരു ആവാസവ്യവസ്ഥയിലേക്ക് മാറ്റുന്ന പദ്ധതിയാണിത്. 60 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.1958നും 1964നും ഇടയില്‍ അന്നത്തെ റൊഡേഷ്യയില്‍ നിന്ന് 'ഓപ്പറേഷന്‍ നോഹ' പ്രകാരം 5000ലധികം മൃഗങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. സാംബെസി നദിയിൽ വൈദ്യുത അണക്കെട്ടിന്റെ നിർമാണം മൂലം ജലനിരപ്പ് ഉയരുകയും വന്യമൃഗങ്ങള്‍ക്ക് ഭീഷണിയാവുകയും ചെയ്‌തതിനെ തുടര്‍ന്നാണ് അന്ന് ഇത്തരത്തില്‍ ഓപ്പറേഷന്‍ സജ്ജീകരിച്ചത്.
എന്നാല്‍ ഇപ്പോള്‍ കടുത്ത വരൾച്ചയിൽ വന്യജീവികളുടെ ആവാസവ്യവസ്ഥ വരണ്ടുണങ്ങിയതാണ് ഇത്തരത്തില്‍ മൃഗങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയത്. 'വലിയ ദുരന്തമാണ് ഒഴിവായി കിട്ടിയത്. വലിയൊരു സമ്മര്‍ദമാണ് ഞങ്ങള്‍ ഇല്ലാതാക്കിയത്. മൃഗങ്ങളെ വേട്ടയാടുന്നതിനെതിരെയും യുദ്ധത്തിലെന്ന പോലെ നിരന്തരം പോരാടുകയാണ്' - നാഷണൽ പാർക്ക് ആൻഡ് വൈൽഡ് ലൈഫ് മാനേജ്‌മെന്റ് അതോറിറ്റി വക്താവ് ടിനാഷെ ഫരാവോ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം വന്യമൃഗങ്ങള്‍ക്ക് ഭീഷണി : ആഫ്രിക്കയിലെ പല പാര്‍ക്കുകളിലും വന്യമൃഗങ്ങള്‍ തിങ്ങിപാര്‍ക്കുകയാണ്. അവര്‍ക്ക് ആവശ്യമായ വെള്ളമോ ഭക്ഷണമോ ലഭിക്കുന്നില്ല. ഭക്ഷണത്തിന് ദൗര്‍ലഭ്യം വരുമ്പോള്‍ മറ്റ് സ്ഥലങ്ങള്‍ കൈയ്യേറുന്നത് ജനങ്ങളുമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നു. കാലാവസ്ഥ വ്യതിയാനം വന്യജീവികളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ സിംബാബ്‌വെയിൽ മാത്രം കാണപ്പെടുന്നതല്ല. മഴയുടെ ദൗര്‍ലഭ്യം അശാസ്ത്രീയ വികസന പ്രവൃത്തികള്‍ തുടങ്ങിയവ സിംഹങ്ങൾ, ആനകൾ, എരുമകൾ തുടങ്ങിയവയുടെ ആവാസവ്യവസ്ഥയ്ക്ക് കനത്ത ആഘാതമേല്‍പ്പിക്കുകയാണ്.
അതേസമയം, കാണ്ടാമൃഗങ്ങൾ, ജിറാഫുകൾ, ഉറുമ്പുകൾ എന്നിവയ്‌ക്കൊക്കെയും വരള്‍ച്ച കനത്ത വെല്ലുവിളിയാണെന്ന് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കും ഭീഷണിയാണെന്നും ഇത്തരം വ്യതിയാനങ്ങളുമായി പെട്ടെന്ന് ഇവയ്‌ക്ക് പൊരുത്തപ്പെടാന്‍ സാധിക്കില്ലെന്നും ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ അടുത്തിടെ നടത്തിയ പഠനം സൂചിപ്പിക്കുന്നു.
സാപ്പി റിസര്‍വ് : വരള്‍ച്ചമൂലം ദുരിതത്തിലായ സിംബാബ്‌വെയിലെ മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിച്ച സാപ്പി റിസര്‍വ് സ്ഥിതിചെയ്യുന്നത് 280,000 ഏക്കർ ഭൂമിയോളം വരുന്ന മന പൂൾസ് നാഷണൽ പാർക്കിന് കിഴക്കായാണ്. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ സാംബെസി നദിയുടെ അതിമനോഹരമായ പശ്ചാത്തലത്തിന് പേരുകേട്ടതാണ് സാപ്പി റിസര്‍വ്. 1.6 മില്ല്യന്‍ ഏക്കറുള്ള സാംബെസി ബയോസ്‌പിയറിന് നടുവിലാണ് ഈ റിസര്‍വ് സ്ഥിതിചെയ്യുന്നത്.
1950 മുതൽ 2017 വരെ ഞങ്ങള്‍ ഈ റിസര്‍വ് ഏറ്റെടുക്കുന്നതിന് മുമ്പ് വേട്ടയാടല്‍ ഉള്‍പ്പടെ പല കാരണങ്ങള്‍ കൊണ്ടും വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരുന്നു. എന്നാല്‍ ഞങ്ങള്‍ വീണ്ടും ഇത് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് ഗ്രേറ്റ് പ്ലെയിൻസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ ഡെറക് ജോബർട്ട് പറഞ്ഞു.