ലോകം വലിയ പ്രതിസന്ധികളിലൂടെയും പ്രതിഷേധങ്ങളിലൂടെയും കടന്നുപോയ വര്‍ഷമാണ് 2022. രണ്ടാംലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ കരയുദ്ധമായ യുക്രൈന്‍ യുദ്ധമാണ് 2022ല്‍ ലോകം അഭിമുഖീകരിച്ച പ്രധാന പ്രതിസന്ധി. യുക്രൈന്‍ യുദ്ധം ലോകത്ത് വലിയ വിലക്കയറ്റത്തിനും പല ആഫ്രിക്കന്‍ രാജ്യങ്ങളിലും പട്ടിണിയും വര്‍ധിപ്പിച്ചു. വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് അടക്കമുള്ള കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചത് ലോകത്ത് സാമ്പത്തിക മാന്ദ്യം സൃഷ്‌ടിച്ചു.
റഷ്യയെ ഒറ്റപ്പെടുത്താന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിച്ചെങ്കിലും ഇന്ത്യ അടക്കമുള്ള വളര്‍ന്ന് വരുന്ന രാജ്യങ്ങള്‍ അതിന്‍റെ ഭാഗമായില്ല. യുഎസ് ഹൗസ് സ്‌പീക്കര്‍ നാന്‍സിപെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് യുഎസ്-ചൈന ബന്ധം കൂടുതല്‍ മോശമായി. ചൈനയുടെ ആക്രമണം ഉണ്ടായാല്‍ തങ്ങള്‍ തായ്‌വാന്‍റെ സംരക്ഷണത്തിന് എത്തുമെന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രസ്‌താവന ലോകത്തിലെ ഏറ്റവും വലിയ രണ്ട് ശക്തികള്‍ തമ്മിലുള്ള യുദ്ധത്തിന്‍റെ ഭീതിജനകമായ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
യൂറോപ്പിലെ പല രാജ്യങ്ങളിലും കുടിയേറ്റവിരുദ്ധ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ ശക്തിതെളിയിച്ച വര്‍ഷം കൂടിയാണ് 2022. ഇറ്റലിയില്‍ ഫാസിസ്റ്റ് വേരുകളുള്ള ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ നേതാവ് ജോര്‍ജിയ മെലോനി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. തീവ്ര മത ദേശീയ പാര്‍ട്ടികളുടെ പിന്തുണയോടെ ഇസ്രയേലില്‍ വീണ്ടും ബെഞ്ചമിന്‍ നെതന്യാഹു പ്രധാനമന്ത്രിയാകാന്‍ പോകുകയാണ്.
അതേസമയം ലാറ്റിനമേരിക്ക രാഷ്‌ട്രീയമായി ഇടത്തോട്ട് കൂടുതല്‍ ചാഞ്ഞ വര്‍ഷമാണ് 2022. 2018ല്‍ മെക്‌സിക്കോയില്‍ തുടങ്ങിയ ഇടതു വസന്തം 2022ല്‍ കൊളംബിയയില്‍ ഗുസ്‌താവോ പെട്രോയിലൂടെയും ബ്രസീലില്‍ ലൂല ഡ ഡിസല്‍വയിലൂടെയും തുടര്‍ന്നു.
ഈ വര്‍ഷം ഈജിപ്‌റ്റില്‍ നടന്ന യുഎന്‍ കാലാവസ്‌ഥ ഉച്ചകോടിയില്‍ കാലാവസ്ഥവ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ വേണ്ടി ഒരു ഫണ്ട് രൂപീകരിക്കാന്‍ തീരുമാനമായി. അതേസമയം ഫോസില്‍ ഇന്ധനങ്ങള്‍ വേണ്ടരീതിയില്‍ കുറയ്‌ക്കാനുള്ള ഒരു രൂപരേഖ അംഗീകരിക്കുന്നതില്‍ കാലാവസ്ഥ ഉച്ചകോടി പരാജയപ്പെട്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.
ജീവിതചെലവ് പ്രതിസന്ധികാരണം യൂറോപ്പില്‍ വിവിധ ജനവിഭാഗങ്ങള്‍ പ്രതിഷേധിച്ചു. ഇറാനിലും ചൈനയിലും ജനങ്ങള്‍ നിലവിലെ രാഷ്‌ട്രീയ വ്യവസ്ഥിതിക്കെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തികൊണ്ട് തെരുവിലിറങ്ങി. കലുഷിതമായ ലോകസാഹചര്യം നിലനില്‍ക്കുന്ന ഈ വര്‍ഷമാണ് ജി20യുടെ അധ്യക്ഷപദം ഇന്ത്യ ഏറ്റെടുക്കുന്നത്. ജി20യുടെ നയങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക സ്ഥാനമാണ് ഇന്ത്യയ്‌ക്ക് ഇതിലൂടെ കൈവരുന്നത്.
റഷ്യ-യുക്രൈന്‍ യുദ്ധം: ഭൗമ രാഷ്‌ട്രീയത്തിലും ലോക സമ്പദ്‌വ്യവസ്ഥയിലും നാനാവിധമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയ സംഭവമാണ് യുക്രൈന്‍ യുദ്ധം. വര്‍ഷാവസാനത്തിലും യുദ്ധം അവസാനിക്കുന്നതിന്‍റെ യാതൊരു ലക്ഷണങ്ങളും കാണുന്നില്ല. യുഎസിന്‍റെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ വലിയ രീതിയില്‍ ആയുധങ്ങളും പണവും നല്‍കി റഷ്യയ്‌ക്കെതിരായുള്ള ആക്രമണങ്ങള്‍ക്ക് യുക്രൈന്‍ സൈന്യത്തെ സജ്ജമാക്കുകയാണ്. യുദ്ധം തുടങ്ങിയതിന് ശേഷം ഒരു മാസം ശരാശരി 700കോടി ഡോളറാണ് യുഎസ് യുക്രൈന് സൈനിക സഹായമായി നല്‍കുന്നത്.
കിഴക്കന്‍ യുക്രൈനിലെ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകളായ ഡൊണസ്‌ക്, ലുഹാന്‍സ്‌ക് എന്നിവയെ അംഗീകരിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ 2022 ഫെബ്രുവരി 21ന് പ്രസ്‌താവന നടത്തിയതോടെയാണ് യുദ്ധത്തിന് കളമൊരുങ്ങുന്നത്. റഷ്യന്‍ സേന യുക്രൈനില്‍ പ്രവേശിക്കുന്നത് ഫെബ്രുവരി 24നാണ്. പ്രത്യേക സൈനിക നടപടി എന്നാണ് ഇതിനെ റഷ്യ വിശേഷിപ്പിക്കുന്നത്. യുക്രൈനില്‍ അപനാസീകരണവും(denazification), ഡീമിലിട്ടറൈസേഷനുമാണ് പ്രത്യേക സൈനിക നടപടിയുടെ ലക്ഷ്യങ്ങള്‍ എന്നാണ് റഷ്യ പ്രഖ്യാപിച്ചത്.
ആദ്യഘട്ടത്തില്‍ യുക്രൈന്‍ തലസ്ഥാനമായ കീവടക്കം പിടിച്ചെടുക്കാന്‍ റഷ്യന്‍ സേന ശ്രമിച്ചെങ്കിലും യുക്രൈന്‍ സൈന്യത്തിന്‍റെ ശക്തമായ ചെറുത്തുനില്‍പ്പില്‍ പദ്ധതി പരാജയപ്പെടുകയായിരുന്നു. പിന്നീട് കിഴക്കന്‍ യുക്രൈനില്‍ റഷ്യ സൈനിക നടപടി കേന്ദ്രീകരിക്കുന്നു. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഹൈപ്രസിഷന്‍ റോക്കറ്റ് സംവിധാനങ്ങള്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് കൊണ്ട് റഷ്യ പിടിച്ചടക്കിയ പല പ്രദേശങ്ങളും യുക്രൈന്‍ തിരിച്ച് പിടിക്കുന്നു.
കിഴക്കന്‍ യുക്രൈനിലെ യുക്രൈന്‍ സൈന്യത്തിന്‍റെ ഒരോ മുന്നേറ്റത്തോടും റഷ്യ പ്രതികരിക്കുന്നത് കീവടക്കമുള്ള നഗരങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയാണ്. വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെയാണ് ആക്രമണം ലക്ഷ്യം വയ്‌ക്കുന്നത്. ഇത് കാരണം കടുത്ത ശൈത്യത്തില്‍ ഉഴലുകയാണ് ജനം.
നാറ്റോയുടെ കിഴക്കോട്ടുള്ള വ്യാപനമാണ് യുക്രൈന്‍ യുദ്ധത്തിലേക്ക് വഴിവെച്ചത് എന്ന് റഷ്യയെ അനുകൂലിക്കുന്നവര്‍ വിലയിരുത്തുന്നു. അതേസമയം പഴയ റഷ്യന്‍ സാമ്രാജ്യം പുനസ്ഥാപിക്കുക എന്ന വ്‌ളാദിമിര്‍ പുടിന്‍റെ ലക്ഷ്യമാണ് യുക്രൈനില്‍ റഷ്യന്‍ സേന ആക്രമണം നടത്താന്‍ കാരണമായതെന്ന് റഷ്യന്‍ ഭരണകൂടത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.
സ്വീഡനും ഫിന്‍ലന്‍റും നാറ്റോയില്‍ ചേരുന്നു: നാറ്റോയുടെ കിഴക്കോട്ടുള്ള വ്യാപനമാണ് യുക്രൈന്‍ യുദ്ധത്തിനുള്ള കാരണങ്ങളില്‍ ഒന്നായി റഷ്യ പറയുന്നത്. എന്നാല്‍ യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം സ്വീഡനും ഫിന്‍ലാന്‍റും നാറ്റോയില്‍ ചേരാന്‍ തീരുമാനിച്ചു. ഫിന്‍ലാന്‍റ് റഷ്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ്. സ്വീഡന്‍ റഷ്യയുമായി സമുദ്രാതിര്‍ത്തി പങ്കിടുന്നുണ്ട്. ഒരു സൈനിക ചേരിയുടെയും ഭാഗമാകാത്തതിന്‍റെ ചരിത്രമാണ് ഇതിലൂടെ ഇരു രാജ്യങ്ങളിലും മാറ്റിയിരിക്കുന്നത്.
ആഗോള സാമ്പത്തിക പ്രതിസന്ധി: കൊവിഡ് സൃഷ്‌ടിച്ച ആഘാതം പൂര്‍ണമായും മാറുന്നതിന് മുമ്പ് യുക്രൈന്‍ യുദ്ധം പൊട്ടിപുറപ്പെട്ടതാണ് ലോകത്ത് വലിയ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കാന്‍ കാരണമായത്. വിതരണ ശൃംഖലയിലെ തടസങ്ങളാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം. അതുകൊണ്ട് തന്നെ 2008ലെ ആഗോളസാമ്പത്തിക മാന്ദ്യത്തില്‍ നിന്നും വ്യത്യസ്‌തമാണ് ഇത്.
ധനകാര്യ സ്ഥാപനങ്ങളിന്‍മേല്‍ വേണ്ടത്ര നിയന്ത്രണങ്ങളില്‍ ഇല്ലാത്തത് കാരണം അവയില്‍ ഉടലെടുത്ത പ്രതിസന്ധിയാണ് 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ അന്ന് യുഎസ് അടക്കമുള്ള രാജ്യങ്ങളിലെ ബാങ്കുകള്‍ പലിശ നിരക്ക് കുറയ്‌ക്കുകയും കൂടുതല്‍ പണം വിപണിയില്‍ ലഭ്യമാക്കുകയും ചെയ്‌തു. എന്നാല്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധിയോടുള്ള കേന്ദ്ര ബാങ്കുകളുടെ പ്രതികരണം പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുക എന്നതാണ്.
റഷ്യയ്‌ക്കെതിരായ ഉപരോധം ക്രൂഡ് ഓയില്‍ അടക്കമുള്ള അസംസ്‌കൃത വസ്‌തുക്കളുടെ വില വര്‍ധിപ്പിച്ചു. യുദ്ധം കാരണം യുക്രൈനില്‍ നിന്ന് ഗോതമ്പ് അടക്കമുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ ലോകവിപണിയിലേക്കുള്ള വരവ് കുറഞ്ഞു. ഇതിന്‍റെ പരിണിതഫലം ലോകത്താകമാനമുള്ള വിലക്കയറ്റമാണ്. യൂറോപ്പിലും അമേരിക്കയിലും വിലക്കയറ്റം 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. ഈ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ കേന്ദ്ര ബാങ്കുകളുടെ ആവനാഴിയിലുള്ള ഏക ആയുധം പലിശ നിരക്ക് വര്‍ധിപ്പിക്കുക എന്നുള്ളതാണ്. എന്നാല്‍ ഇതിന്‍റെ പരിണിത ഫലം സാമ്പത്തിക വളര്‍ച്ച നിരക്ക് കുറയലാണ്.
ശ്രീലങ്കന്‍ പ്രതിസന്ധി: കൊവിഡ് പ്രതിസന്ധിയും യുക്രൈന്‍ യുദ്ധവും സൃഷ്‌ടിച്ച ആഘാതവും അതോടൊപ്പം പ്രസിഡന്‍റ് ഗോതാബായ രാജപക്‌സയുടെ സാമ്പത്തിക രംഗത്തെ കെടുകാര്യസ്ഥതയുമാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. കൊവിഡ് ശ്രീലങ്കയുടെ ടൂറിസം വ്യവസായത്തെ തകര്‍ത്തു. ഇത് കാരണം രാജ്യത്തിന്‍റെ പ്രധാന വിദേശ നാണ്യ വരുമാനം സ്രോതസ് ഇല്ലാതാക്കി.
കാര്‍ഷിക മേഖലയില്‍ രാസവളം ഇല്ലാതാക്കി ജൈവകൃഷിക്ക് ഊന്നല്‍ കൊടുത്തത് നെല്ല് , തേയില ഉത്‌പാദനത്തില്‍ വലിയ കുറവ് വരുത്തി. തേയില ശ്രീലങ്കയുടെ പ്രധാന കയറ്റുമതി ഉത്‌പന്നങ്ങളില്‍ ഒന്നാണ്. ഇങ്ങനെ വിദേശ നാണ്യം നേടിത്തരുന്ന സ്രോതസുകളില്‍ നിന്നുള്ള വരുമാനം നന്നേ കുറയുകയും അതേസമയം തന്നെ യുക്രൈന്‍ യുദ്ധം കാരണം ഇന്ധനങ്ങളുടെ വില വലിയ രീതിയില്‍ വര്‍ധിക്കുകയും ചെയ്‌തു.
ഫെബ്രുവരി 2022ല്‍ ശ്രീലങ്കയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.31 ബില്യണ്‍ ഡോളര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 2022ലെ വിദേശ കടം തിരിച്ചടവ് നാല് ബില്യണ്‍ ഡോളറും. ആവശ്യത്തിന് ഇന്ധനം ഇറക്കുമതി ചെയ്യാന്‍ വിദേശ നാണ്യമില്ലാത്തത് കാരണം കടുത്ത ഇന്ധനക്ഷാമം രാജ്യത്ത് അനുഭവപ്പെട്ടു.
2022 മാര്‍ച്ചിലാണ് ശ്രീലങ്കന്‍ സര്‍ക്കാറിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉടലെടുത്തത്. പ്രസിഡന്‍റ് ഗോതാബായ രാജപക്‌സയും രാജപക്‌സ കുടുംബത്തില്‍ നിന്നുള്ള കാബിനറ്റിലെ അംഗങ്ങള്‍ രാജിവയ്‌ക്കണമെന്നാവശ്യം പ്രക്ഷോഭകര്‍ ഉന്നയിച്ചു. 'ഗോദ വീട്ടില്‍ പോകൂ' എന്നതായിരുന്നു പ്രക്ഷോഭകരുടെ പ്രധാന മുദ്രാവാക്യം.
ജൂലായില്‍ പ്രസിഡന്‍റിന്‍റെ വസതി പ്രക്ഷോഭകര്‍ കൈയടക്കുന്നു. ഗോദബായ രാജപക്‌സെ രാജ്യം വിടുന്നതിലേക്കാണ് ഇത് നയിച്ചത്. ജൂലൈ 20ന് പാര്‍ലമെന്‍റ് പ്രധാനമന്ത്രിയായിരുന്ന വിക്രമസിംഗയെ പ്രസിഡന്‍റായി തെരഞ്ഞെടുക്കുന്നു. സാമ്പത്തിക സാഹചര്യം അല്‍പ്പം മെച്ചപ്പെട്ടതോടെ നവംബര്‍ ആയപ്പോഴേക്കും പ്രക്ഷോഭത്തിന് ശമനം ഉണ്ടാകുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രീലങ്കയ്‌ക്ക് പൂര്‍ണമായി കരകയറുന്നതിന് 2026വരെ സമയമെടുക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ടെക് കമ്പനികളിലെ കൂട്ട പിരിച്ചുവിടല്‍: 2022 ടെക് കമ്പനികള്‍ക്ക് കഷ്‌ടകാലമായിരുന്നു. വന്‍ ടെക് കമ്പനികളായ മെറ്റ, ആമസോണ്‍, മൈക്രോസോഫ്‌റ്റ്, ട്വിറ്റര്‍, നെറ്റ്ഫ്ലിക്‌സ് അടക്കമുള്ള കമ്പനികള്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടു. 2022ല്‍ ടെക്ക് കമ്പനികള്‍ രണ്ട് ലക്ഷം പേരെ പിരിച്ചുവിട്ടു എന്നാണ് കണക്ക്.
2008-09ലെ ആഗോള മാന്ദ്യ സമയത്ത് ടെക് കമ്പനികള്‍ പിരിച്ചുവിട്ടതിനേക്കാളും കൂടുതലാണ് ഈ തവണ പിരിച്ചുവിട്ടിരിക്കുന്നത്. ഫേസ്‌ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റയാണ് ഏറ്റവും കൂടുതല്‍ ആളുകളെ പിരിച്ചുവിട്ടിരിക്കുന്നത്. 11,000 ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിട്ടത്. കമ്പനിയിലെ ജീവനക്കാരിലെ 13 ശതമാനം വരും ഇത്.
ആമസോണ്‍ 10,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ട്വിറ്റര്‍ 3,700 പേരെയും പിരിച്ചുവിട്ടു. ഇത് അവരുടെ ജീവനക്കാരുടെ 75 ശതമാനം വരും.
ലോക്‌ഡൗണ്‍ സമയത്ത് ടെക് കമ്പനികള്‍ വലിയ രീതിയില്‍ വളര്‍ച്ച കൈവരിച്ചിരുന്നു. ഇതേ വളര്‍ച്ച നിരക്ക് തുടര്‍ന്നും ലഭിക്കുമെന്ന ചിന്തയില്‍ കൂടുതല്‍ പേരെ കമ്പനികള്‍ ജോലിക്കെടുത്തു. ലോക്‌ഡൗണ്‍ മാറിയതോടെ ആളുകള്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നതും ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുന്നതും കുറച്ചു. കൂടാതെ സാമ്പത്തിക മാന്ദ്യം കാരണം കമ്പനികള്‍ പരസ്യങ്ങള്‍ നല്‍കുന്നത് കുറച്ചതും ടെക് കമ്പനികളെ പ്രതിസന്ധിയിലാക്കി.
ബ്രിട്ടണില്‍ ഋഷി സുനക് ചരിത്രം സൃഷ്‌ടിക്കുന്നു: വെളുത്ത വര്‍ഗക്കാരനല്ലാത്ത ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ഋഷി സുനക്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവ് കൂടിയാണ് സുനക്. 2022ലെ മൂന്നാമത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നുള്ള പ്രധാനമന്ത്രിയാണ് ഋഷി സുനക്. വലിയ ജീവിതച്ചെലവ് പ്രതിസന്ധികാരണം ഉഴലുന്ന സാമ്പത്തിക രംഗം മെച്ചപ്പെടുത്തുകയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഒന്നിപ്പിക്കുക എന്നുള്ളതുമാണ് ഋഷി സുനകിന്‍റെ മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍.
യൂറോപ്പിലെ വലതുപക്ഷ മുന്നേറ്റം: ഇറ്റലിയില്‍ ഫാസിസ്‌റ്റ് മുസോളിനിക്ക് ശേഷം ആദ്യമായി തീവ്രവലതുപക്ഷ നേതാവ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ നേതാവ് ജോര്‍ജിയ മെലോനിയാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. സ്വീഡനില്‍ വലതുപക്ഷ പോപ്പുലിസ്‌റ്റ് പാര്‍ട്ടിയായ സ്വീഡന്‍ ഡെമോക്രാറ്റ്സ്(എസ്‌ഡി) 20.5 ശതമാനം വോട്ടുകള്‍ നേടി രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. വലത് പക്ഷ സഖ്യ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്‌ക്കുന്നത് എസ്‌ഡിയാണ്. സര്‍ക്കാറിന്‍റെ നയങ്ങളില്‍ വലിയ സ്വാധീനമാണ് ഈ പാര്‍ട്ടിക്ക് കൈവന്നിരിക്കുന്നത്
2022ല്‍ ഫ്രഞ്ച് പാര്‍ലമെന്‍റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മറീന്‍ ലെ പെന്‍ നേതൃത്വം കൊടുക്കുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയായ നേഷണല്‍ പാര്‍ട്ടി 577 അംഗ പാര്‍ലമെന്‍റില്‍ 89 സീറ്റുകള്‍ നേടി ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായി മാറി.
ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക്: ലിക്യുഡ് പാര്‍ട്ടി നേതാവായ ബെഞ്ചമിന്‍ നെതന്യാഹു തീവ്രദേശീയ മതപാര്‍ട്ടികളുമായി ചേര്‍ന്നാണ് ഭരിക്കാനുള്ള ഭൂരിപക്ഷം നേടുന്നത്. ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തിലേറാന്‍ പോകുന്നത്. ഇസ്രയേലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്ര വലതുപക്ഷ സര്‍ക്കാറിനാണ് നെതന്യാഹു നേതൃത്വം കൊടുക്കാന്‍ പോകുന്നത്. 120 അംഗ പാര്‍ലമെന്‍റില്‍ തീവ്രദേശീയ പാര്‍ട്ടികളുടെയും തീവ്ര പരമ്പരാഗത പാര്‍ട്ടികളും അടങ്ങിയ സഖ്യത്തിന് 64 സീറ്റാണ് ലഭിച്ചത്.
നെതന്യാഹുവിന്‍റെ സഖ്യത്തിലെ പ്രധാന നേതാവായ ഇത്തമര്‍ ബെന്‍ ഗവിര്‍(Itamar Ben-Gvir) കടുത്ത അറബ് വിരോധം വച്ച് പുലര്‍ത്തുന്ന ആളാണ്. 2007ല്‍ വംശീയതയ്‌ക്കും ജൂത തീവ്രവാദ സംഘടനയെ പിന്തുണച്ചതിനും ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് ബെന്‍ ഗവീര്‍. തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ നിലപാട് പലസ്‌തീനിലെ ഇസ്രയേല്‍ അധിനിവേശ മേഖലകളിലെ ജൂത കുടിയേറ്റമേഖലകള്‍ വ്യാപിപ്പിക്കണമെന്നാണ്. ഇത് വെസ്‌റ്റ്ബാങ്കില്‍ പലസ്‌തീന്‍ സ്വാതന്ത്ര രാജ്യം എന്നത് തീര്‍ത്തും അസാധ്യമാക്കി തീര്‍ക്കും.
ഇടത്തോട്ട് വീണ്ടും മുന്നേറി ലാറ്റിനമേരിക്ക: 2018ല്‍ മെക്‌സിക്കന്‍ പൊതുതെരഞ്ഞടുപ്പിലൂടെ ആരംഭിച്ച ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ വസന്തം എത്തി നില്‍ക്കുന്നത് ബ്രസീലില്‍ ട്രംപിന്‍റെ പതിപ്പെന്ന് വിശേഷണമുള്ള തീവ്രവലതുപക്ഷ നേതാവ് ബോള്‍സനാരോയെ പരാജയപ്പെടുത്തി ലൂല ഡ സില്‍വ പ്രസിഡന്‍റ് പദത്തിലേക്ക് തിരിച്ച് വരുന്നതിലാണ്. ആദ്യ റൗണ്ടില്‍ ആര്‍ക്കും 50 ശതമാനത്തില്‍ അധികം വോട്ട് ലഭിക്കാത്തതിനാല്‍ മല്‍സരം രണ്ടാം റൗണ്ടിലേക്ക് പോയി. രണ്ടാം റൗണ്ടില്‍ ലൂലയ്‌ക്ക് 50.90 ശതമാനവും ബോള്‍സനാരോയ്‌ക്ക് 49.10 ശതമാനവുമാണ് വോട്ടുകള്‍ ലഭിച്ചത്.
ലോകത്തിന്‍റെ ശ്വാസകോശം എന്ന് വിളിക്കപ്പെടുന്ന ആമസോണ്‍ കാടുകള്‍ ബോള്‍സനാരോയുടെ ഭരണകാലത്ത് ഏറെ നശിപ്പിക്കപ്പെട്ടിരുന്നു. ആമസോണ്‍ കാടുകള്‍ സംരക്ഷിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രഖ്യാപിച്ച ലൂല അധികാരത്തില്‍ വന്നത് പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്‌തു.
2022 മേയ് 29ന് നടന്ന കൊളംബിയയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഗുസ്‌താവെ പെട്രോ വിജയിച്ചു. കൊളംബിയയുടെ പ്രസിഡന്‍റാകുന്ന ആദ്യത്തെ ഇടതുപക്ഷ നേതാവാണ് അദ്ദേഹം.
നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം: ചൈനയുടെ ശക്‌തമായ എതിര്‍പ്പിനിടയിലും യുഎസ് ഹൗസ് സ്‌പീക്കര്‍ നാന്‍സി പെലോസി ഓഗസ്‌റ്റ് രണ്ടിന് തായ്‌വാന്‍ സന്ദര്‍ശിക്കുന്നു. ചൈന യുഎസ് ബന്ധത്തില്‍ വലിയ വിള്ളലാണ് ഇത് വരുത്തിയത്. യുഎസ് ചൈന ബന്ധത്തിന് അടിസ്ഥാനമായ വണ്‍ ചൈന തത്വത്തിന് എതിരാണ് പെലോസിയുടെ സന്ദര്‍ശനമെന്ന് ചൈന കുറ്റപ്പെടുത്തുന്നു.
തായ്‌വാന്‍ കടലിടുക്കിന്‍റെ ഇരുവശത്തും ഒരു ചൈന മാത്രമാണ് ഉള്ളതെന്നും പിആര്‍സിയാണ്(പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന) ചൈനയുടെ ഔദ്യോഗിക സര്‍ക്കാര്‍ എന്നുമാണ് വണ്‍ ചൈന തത്വം കൊണ്ട് അര്‍ഥമാക്കുന്നത്. എന്നാല്‍ യുഎസിന്‍റെ വണ്‍ ചൈന നയം തന്ത്രപരമായ അവ്യക്തത പുലര്‍ത്തുന്നതാണ്. 1972ലെ ചൈനയുമായുള്ള സംയുക്ത പ്രസ്‌താവനയില്‍ ഒരു ചൈന മാത്രമെ ഉള്ളൂവെന്നും തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നും അംഗീകരിക്കുന്നു.
ചൈനയുടെ നിയമപ്രകാരമുള്ള സര്‍ക്കാറായി പിആര്‍സിയെയാണ് യുഎസ് അംഗീകരിക്കുന്നത്. അതേസമയം തായ്‌വാനുമായി അനൗദ്യോഗിക ബന്ധം തുടരുകയും തായ്‌വാനുമേല്‍ ചൈനയുടെ പരമാധികാരം അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നു യുഎസ്.
ഇതിന് മുമ്പ് ഒരു യുഎസ് ഹൗസ്‌സ്‌പീക്കര്‍ തായ്‌വാന്‍ സന്ദര്‍ശിക്കുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ന്യൂട്ട് ഗിന്‍ഗ്രിച്ചാണ്. പെലോസിയുടെ സന്ദര്‍ശനം കഴിഞ്ഞതിന് ശേഷം ഓഗസ്റ്റ് നാല് മുതല്‍ ഏഴ് വരെ തായ്‌വാനെ വളഞ്ഞുകൊണ്ട് തായ്‌വാന്‍ കടലിടുക്കില്‍ ചൈന സൈനിക അഭ്യാസം നടത്തുന്നു. പ്രതിഷേധ സൂചകമായി കാലാവസ്ഥ വ്യതിയാനം നേരിടുന്നതില്‍ അടക്കമുള്ള യുഎസുമായുള്ള പല അന്താരാഷ്‌ട്ര സഹകരണങ്ങളില്‍ നിന്നും ചൈന പിന്മാറുന്നു. തായ്‌വാന്‍ ജനാധിപത്യത്തിനുള്ള യുഎസിന്‍റെ അകമഴിഞ്ഞ പിന്തുണയുടെ സൂചകമാണ് തന്‍റെ തായ്‌വാന്‍ സന്ദര്‍ശനമെന്നാണ് നാന്‍പെലോസി പ്രതികരിച്ചത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ്: ഒക്ടോബര്‍ 16 മുതല്‍ ഒക്ടോബര്‍ 22വരെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 20-ാം ദേശീയ കോണ്‍ഗ്രസ് നടന്നത്. ഷീ ജിന്‍പിങ്ങിന്‍റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ആധിപത്യം തെളിയിക്കുന്നതായി സമ്മേളനം. മുമ്പില്ലാത്ത വിധം ഷീ ജിന്‍പിങ് മൂന്നാം തവണയും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
കോണ്‍ഗ്രസിന് ശേഷം പാര്‍ട്ടിയിലെ ഏറ്റവും ശക്തമായ ഘടകമായ പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാല് പേരും ഷിജിന്‍ പിങ്ങിനെ പിന്തുണയ്‌ക്കുന്നവരാണ്. ഷീജിന്‍പിങ്ങിന്‍റെ അനുയായികളായ രണ്ട് പേര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ തുടരുകയും ചെയ്യുന്നു. ഷീജിന്‍പിങ്ങടക്കം ഏഴ് പേരാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഉള്ളത്.
അനിതരസാധാരണമായാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ എല്ലാവരും ഒരു നേതാവിനെ അനുകൂലിക്കുന്ന സാഹചര്യം ഉണ്ടാകുന്നത്. ഇതിന് മുമ്പ് അധികാരം വ്യത്യസ്‌ത ഗ്രൂപ്പുകളില്‍പ്പെട്ടവര്‍ വീതിച്ചെടുക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.
20-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ ആമുഖ പ്രസംഗത്തില്‍ സീറോ കൊവിഡ് നയത്തെ ഷീ ജിന്‍ പിങ് ന്യായീകരിച്ചു. തായ്‌വാനെ സമാധാനപരമായി ചൈനയുമായി ഒരുമിപ്പിക്കാനുള്ള ആത്മാര്‍ഥമായ എല്ലാ ശ്രമവും നടത്തുമെന്നും എന്നാല്‍ ആയുധം എടുക്കില്ല എന്ന് ഒരിക്കലും വാഗ്‌ദാനം നല്‍കില്ലെന്നും ഷീ ജിന്‍പിങ് പറഞ്ഞു.
സീറോ കൊവിഡ് നയത്തിനെതിരെ ചൈനയില്‍ പ്രതിഷേധം: 1989ലെ ടിയാന്‍മെന്‍ സ്‌ക്വയര്‍ പ്രതിഷേധത്തിന് ശേഷം ചൈനീസ് ഭരണകൂടത്തിനെതിരെ നടക്കുന്ന ശക്തമായ പ്രതിഷേധമാണ് സീറോ കൊവിഡ് നയത്തിനെതിരെ ഉയര്‍ന്നത്. പ്രദേശിക സര്‍ക്കാറുകള്‍ക്ക് നേരെ ചില പ്രത്യേക ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ചൈനയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും ചൈനയിലെ ഉന്നത അധികാര കേന്ദ്രങ്ങള്‍ എടുക്കുന്ന നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ അപൂര്‍വമാണ്. ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങ്ങിന്‍റെ തലസ്‌ഥാനമായ ഉറുമ്‌ഖിയിലെ ഒരു അപ്പാര്‍ട്ട്മെന്‍റ് കെട്ടിടത്തിലുണ്ടായ തീപിടിത്തമാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.
തീപിടിത്തത്തില്‍ 10 പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. നഗരത്തിലെ ലോക്‌ഡൗണ്‍ സാഹചര്യം തീപിടിത്തമുണ്ടായപ്പോള്‍ അഗ്‌നിരക്ഷ സേന എത്തുന്നത് വൈകിപ്പിച്ചു എന്ന് സൂചന നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ് പ്രതിഷേധത്തിന് കാരണമായത്. ഉറുമ്‌ഖി 100 ദിവസത്തിലേറെ കാലം ലോക്‌ഡൗണിലായിരുന്നു.
ഉറുമ്‌ഖിയില്‍ ഉടലെടുത്ത പ്രതിഷേധം പിന്നീട് ബീജിങ്ങിലടക്കമുള്ള നഗരങ്ങളിലും സര്‍വകലാശാലകളിലും വ്യാപിക്കുകയായിരുന്നു. പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ കൂടുതല്‍ വിപുലപ്പെടാന്‍ തുടങ്ങി. സെന്‍സര്‍ഷിപ്പിനെതിരായുള്ള പ്രതീകാത്‌മക പ്രതിഷേധം എന്ന നിലയില്‍ ഒഴിഞ്ഞ വെള്ളക്കടലാസുകള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ചു.
ഷീ ജിന്‍പിങ് രാജിവയ്‌ക്കണമെന്നും ചില പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളെ തുടര്‍ന്ന് ചൈനീസ് അധികൃതര്‍ സെന്‍സര്‍ഷിപ്പ് കൂടുതല്‍ ശക്തമാക്കുകയും കൂടുതല്‍ അറസ്‌റ്റുകള്‍ ഉണ്ടാകുകയും ചെയ്‌തു. ദീര്‍ഘമായ കൊവിഡ് ലോക്‌ഡൗണുകള്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കുമെന്ന് ചൈനീസ് അധികൃതര്‍ സമ്മതിച്ചു.
ലോക്‌ഡൗണുകള്‍ ദീര്‍ഘകാലത്തേക്ക് പോകുന്നത് ഒഴിവാക്കികൊണ്ട് നയത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി. സീറോ കൊവിഡ് നയത്തിന്‍റെ കാഠിന്യം കുറച്ചപ്പോള്‍ ചൈനയിലെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമാണ് ഉണ്ടായത്.
ഇറാനിലെ പ്രതിഷേധം: ഹിജാബ് ശരിയായി ധരിച്ചില്ല എന്ന കാരണത്താല്‍ അറസ്‌റ്റ് ചെയ്യപ്പെട്ട മഹ്സ അമിനി(22) 'സദാചാര' പൊലീസിന്‍റെ കസ്റ്റഡിയില്‍ ഇരിക്കെ മരണപ്പെട്ടതാണ് രാജ്യ വ്യാപകമായി പ്രതിഷേധം ഉടലെടുക്കാന്‍ കാരണം. കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി രൂക്ഷമായ മര്‍ദനത്തിന് വിധേയമാകേണ്ടി വന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ ഇത് ഇറാന്‍ സദാചാര പൊലീസ് നിഷേധിക്കുന്നു.
അമിനിയുടെ സ്വദേശമായ സാഖ്വസ് നഗരത്തില്‍ സെപ്റ്റംബര്‍ 16ന് ഉടലെടുത്ത പ്രതിഷേധം ഇറാനിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പ്രതിഷേധത്തില്‍ വിവിധ സാമൂഹ്യ വിഭാഗങ്ങള്‍ പങ്കാളികളാകുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ഹിജാബ് പരസ്യമായി കത്തിക്കുന്നു.
പരമോന്നത നേതാവ് ആയത്തുല്ല ഖൊമൈനിക്ക് എതിരെ മുദ്രാവാക്യങ്ങള്‍ ഉയരുന്നു. ഷിയ പുരോഹിതന്‍മാര്‍ നയിക്കുന്ന ഭരണം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം സ്ഥാപിതമായ ഇറാന്‍ ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതിഷേധക്കാര്‍ കലാപമാണ് നടത്തുന്നതെന്നും പാശ്ചാത്യ കരങ്ങളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് ഇറാന്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. പ്രതിഷേധത്തെ നേരിടാനായി വലിയ രീതിയിലുള്ള ബലപ്രയോഗവും സെന്‍സര്‍ഷിപ്പും ഇറാന്‍ അധികൃതര്‍ നടത്തുന്നു. പ്രതിഷേധത്തില്‍ 63 കുട്ടികള്‍ ഉള്‍പ്പെടെ 469 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 18,480 പേര്‍ അറസ്‌റ്റ് ചെയ്യപ്പെട്ടു.
ഡിസംബര്‍ എട്ട് 2022നാണ് പ്രതിഷേധക്കാരില്‍ ഒരാളായ മൊഹസെന്‍ ഷെക്കാരിയെ ഇറാന്‍ വധശിക്ഷയ്‌ക്ക് വിധേയമാക്കുന്നത്. റോഡ് സ്‌തംഭിപ്പിച്ചത്, പൊലീസ് ഓഫിസറെ കുത്തിപരിക്കേല്‍പ്പിച്ചത്, 'ദൈവത്തിനെതിരെയുള്ള ശത്രുത' എന്നീ കുറ്റങ്ങളാണ് മൊഹസെന്‍ ഷെക്കാരിക്കെതിരെ ചുമത്തിയത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് മജിദ്രേസ റഹനാവാര്‍ഡ് എന്നയാളെ ഇറാന്‍ പരസ്യമായി തൂക്കികൊന്നു.
കോപ്പ് 27: ഐക്യരാഷ്‌ട്രസഭയുടെ 27-ാമത് കാലാവസ്ഥ ഉച്ചകോടിയായ കോപ്പ്27 (Conference of the Parties 27) നവംബര്‍ ആറ് മുതല്‍ 20 വരെ ഈജിപ്‌റ്റിലെ ഷറം അല്‍ ഷെയ്‌ഖിലാണ് നടന്നത്. കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന കെടുതികള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്നതിനായി ഒരു ഫണ്ട് രൂപീകരിച്ചു എന്നതാണ് കോപ്പ് 27ലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഫണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തീരുമാനിക്കുക.
വികസ്വരവും ദരിദ്രവുമായ രാജ്യങ്ങളില്‍ കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവ കൊണ്ടുണ്ടാകുന്ന നാശനഷ്‌ടങ്ങള്‍ക്ക് ഈ ഫണ്ടില്‍ നിന്ന് നഷ്‌ടപരിഹാരം ലഭിക്കും. ഈ ഫണ്ടില്‍ ഏത് രാജ്യങ്ങള്‍ എത്ര പണം ചെലവാക്കും എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കാന്‍ ഇരിക്കുന്നതെയുള്ളൂ.
കാലാവസ്ഥ വ്യതിയാനത്തിന് കാരണമായ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ കുറയ്‌ക്കുന്നതിന് കോപ്പ് 27ല്‍ കാര്യമായ നടപടികള്‍ ഉണ്ടായില്ല എന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ആഗോള താപം വ്യവസായവത്‌ക്കരണത്തിന് മുമ്പുള്ളതില്‍ നിന്ന് 1.5 ഡിഗ്രി സെല്‍ഷ്യസിലധികം കൂടാതിരിക്കാന്‍ വേണ്ടി ഹരിത ഗൃഹ വാതകങ്ങള്‍ പുറംതള്ളുന്നത് വേണ്ടത്ര കുറയ്‌ക്കുന്നതില്‍ ലോക രാജ്യങ്ങള്‍ പരാജയപ്പെട്ടു എന്ന് യുഎന്‍ഇപി പുറത്ത് വിട്ട എമിഷന്‍ ഗേപ്പ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജി20 അധ്യക്ഷത ഇന്ത്യയ്‌ക്ക്: ഡിസംബര്‍ ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് ജി20യുടെ അധ്യക്ഷത ഇന്ത്യയ്‌ക്ക്. ഈ ഒരു വര്‍ഷക്കാലത്ത് 200 യോഗങ്ങളില്‍ ഇന്ത്യ അധ്യക്ഷത വഹിക്കും. സമ്പദ്‌വ്യവസ്ഥയില്‍ ഏറ്റവും വലിയ 20 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നതാണ് ജി20.
ലോക ജിഡിപിയുടെ 80ശതമാനം ജി20 രാജ്യങ്ങളുടേതാണ്. ആഗോള വ്യാപാരത്തിന്‍റെ 75ശതമാനവും ലോക ജനസംഖ്യയില്‍ 60 ശതമാനവും ജി20 രാജ്യങ്ങള്‍ പ്രതിനിധീകരിക്കുന്നു. ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിക്ക് ശേഷമാണ് അധ്യക്ഷത ഇന്ത്യയ്‌ക്ക് കൈമാറിയത്.
ലോകത്തിലെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ തന്ത്രപരമായ സ്ഥാനമാണ് ജി20 വഹിക്കുന്നത്. വികസിത രാജ്യങ്ങളും വേഗത്തില്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുകയാണ് ജി20 ലക്ഷ്യമിടുന്നത്. ജി20യുടെ അധ്യക്ഷത കൈവരുന്നതോടെ ലോക സമ്പദ്‌വ്യവസ്ഥയുടെ ഗതിവിഗതികളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ഇന്ത്യയ്‌ക്ക് സാധിക്കും.
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: 2022ലെ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചത് പോലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. യുഎസ് കോണ്‍ഗ്രസിന്‍റെ അധോസഭയായ ജനപ്രതിനിധി സഭയിലും ഉപരിസഭയായ സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചിക്കപ്പെട്ടത്.
എന്നാല്‍ സെനറ്റില്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഭൂരിപക്ഷം നിലനിര്‍ത്തി. അതേസമയം ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചു. എന്നാല്‍ വന്‍ ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല. പല ബാറ്റില്‍ഗ്രൗണ്ട് സംസ്ഥാനങ്ങളിലും മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണച്ച സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു.
ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാവകാശം യുഎസില്‍ എടുത്തുകളയുന്നു: അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ സുപ്രീംകോടതി ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാവകാശം എടുത്തുകളയുന്നു. ഗര്‍ഭഛിദ്രം അനുവദിക്കണോ എന്നത് സംസ്ഥാന നിയമനിര്‍മാണ സഭകള്‍ക്ക് തീരുമാനിക്കാം എന്ന് സുപ്രീംകോടതി വിധിക്കുന്നു. ആറില്‍ മൂന്ന് ഭൂരിപക്ഷത്തിനാണ് വിധി പുറപ്പെടുവിച്ചത്.
റിപ്പബ്ലിക്കന്‍ പ്രസിഡന്‍റുമാര്‍ നിയമിച്ച ജഡ്‌ജിമാര്‍ക്കാണ് അമേരിക്കന്‍ സുപ്രീംകോടതിയില്‍ ഭൂരിപക്ഷം. പരമ്പരാഗത നിലപാടുകള്‍ക്ക് അനുസൃതമായിട്ടുള്ള വിധികളില്‍ ഒന്നായിട്ടാണ് ഈ വിധിയെ വിലയിരുത്തുന്നത്. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും അമേരിക്കയില്‍ റാലികള്‍ നടന്നു. വിധിയെ എതിര്‍ക്കുന്നവരാണ് അമേരിക്കയിലെ ഭൂരിപക്ഷം പേരും എന്നാണ് പല അഭിപ്രായ സര്‍വേകളും സൂചിപ്പിച്ചത്.