ന്യൂഡൽഹി : ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിൽ ഇന്ത്യക്ക് ബൂട്ടണിയാൻ ഭാഗ്യമില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട് പല മേഖലകളിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. ഇന്ത്യക്കാരുണ്ടെങ്കിൽ അതിൽ മലയാളിയുമുണ്ടാകുമെന്നത് തീർച്ചയുമാണ്. ഇത്തവണത്തെ ഫിഫ ലോകകപ്പ് ഫുട്‌ബോൾ മാമാങ്കത്തിൽ മലയാളിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നത് ചെറായി സ്വദേശിയായ വിനയ് മേനോനാണ്. യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ ടീമായ ബെൽജിയത്തിന്‍റെ വെൽനെസ് കണ്‍സൾട്ടന്‍റായാണ് ലണ്ടനിൽ സ്ഥിരതാമസമാക്കിയ വിനയ് ഖത്തറിലേക്കെത്തുന്നത്.
ബെൽജിയത്തിന്‍റെ മാനസിക തന്ത്രജ്ഞൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ ചെൽസിയുടെ വെൽനസ് മാനേജരാണ് വിനയ്. 2011-12, 2020-21 സീസണുകളിൽ യുവേഫ ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസി ടീമിനെ മാനസികമായി ഒരുക്കുന്നതിൽ വിനയ് പ്രധാന പങ്ക് വഹിച്ചിരുന്നു. പിന്നാലെയാണ് ലോകകപ്പിന് തയാറെടുക്കുന്ന ബെൽജിയം ടീമിലേക്ക് അദ്ദേഹത്തിന് വിളിയെത്തുന്നത്. ബെൽജിയം കോച്ച് റോബർടട്ടോ മാർട്ടിനസ് കഴിഞ്ഞ മാസം ലണ്ടനിലെത്തി വിനയുമായി കൂടിക്കാഴ്‌ച നടത്തുകയും ടീമിനൊപ്പം പ്രവർത്തിക്കാൻ ക്ഷണിക്കുകയുമായിരുന്നു.
ലോകകപ്പിൽ ബെൽജിയം ദേശീയ ടീമിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് വിനയ് മേനോൻ വ്യക്‌തമാക്കി. 'ലോകകപ്പിൽ എനിക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാനും എന്നിലൂടെ എന്‍റെ രാജ്യത്തിന് അഭിമാനിക്കാനും കഴിയുന്നതിൽ ഞാൻ ഏറെ സന്തോഷവാനാണ്. ലോകകപ്പിൽ ഇന്ത്യക്ക് ഇതുവരെ പങ്കെടുക്കാനായിട്ടില്ല. ഇത്തവണ ഖത്തറിലെത്തുന്ന എല്ലാ ഇന്ത്യക്കാരും ബെൽജിയത്തിന് പിന്തുണ നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'.
'11 മില്യണ്‍ ജനസംഖ്യയുള്ള ബെൽജിയത്തിന് ലോകകപ്പിൽ കളിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് 1.3 ബില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യക്ക് ലോകകപ്പിൽ പന്തുതട്ടാൻ സാധിക്കില്ല? 2023ഓടെ ഇന്ത്യക്ക് ലോകകപ്പ് കളിക്കാൻ സാധിക്കുമെന്നാണ് എന്‍റെ വിശ്വാസം. അത് സംഭവിക്കുന്ന വേളയിൽ ഇന്ത്യൻ ദേശീയ ടീമിന് എല്ലാ പിന്തുണയും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. വിനയ് മേനോൻ വ്യക്‌തമാക്കി'. ബെൽജിയം ടീമിന് മാനസിക ശാരീരിക ബലം നൽകുക എന്ന ഉത്തരവാദിത്തമാണ് നിലവിൽ വിനയ് മേനോനിൽ നിക്ഷിപ്‌തമായിരിക്കുന്നത്.
ALSO READ: 'ആകാശപ്പന്ത്' കാലിലൊതുക്കി നെയ്‌മര്‍ - വീഡിയോ
ചെൽസിക്കൊപ്പം: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിസിക്കൽ എജ്യുക്കേഷനിൽ എംഫിൽ പൂർത്തിയാക്കിയ വിനയ് പൂനെയിലെ കൈവലിധൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് യോഗ സയൻസും പൂർത്തിയാക്കിയിരുന്നു. തുടർന്ന് ദുബായിലെ ഒരു പഞ്ചനക്ഷത്ര റിസോർട്ടിൽ ഇൻസ്‌ട്രക്‌ടറായി ജോലിയിൽ പ്രവേശിച്ചു. ഇതിനിടെ ചെൽസി ടീം ഉടമ റോമൻ അബ്രമോവിച്ചുമായുള്ള പരിചയം വിനയ് മേനോനെ ചെൽസി ടീമിലേക്ക് എത്തിക്കുകയായിരുന്നു.
ഓരോ ഇന്ത്യക്കാരനും അഭിമാനം : ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വളരെ അഭിമാനകരമായ നിമിഷമാണെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പറഞ്ഞു. ബെൽജിയം ടീമിന്‍റെ വെൽനസ് കോച്ചായി ഒരു ഇന്ത്യക്കാരൻ എത്തുന്നത് വളരെ അഭിമാനകരമായ നിമിഷമാണ്.
വിനയ് ഏറ്റെടുത്തിരിക്കുന്ന ചെറിയ ഉത്തരവാദിത്തമല്ല. വെൽനസ് കോച്ച് എന്നാൽ ടീമിന്‍റെ മാനസിക തന്ത്രജ്ഞനാണ്. കളിക്കാരുടെ മനസിനെ നിയന്ത്രിച്ച് അവരെ മികച്ച പ്രകടനം നടത്താൻ പ്രാപ്‌തമാക്കുക എന്ന കർത്തവ്യമാണ് അദ്ദേഹം നിർവഹിക്കേണ്ടത് - ഷാജി പ്രഭാകരൻ കൂട്ടിച്ചേർത്തു.